Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:28 AM IST Updated On
date_range 11 May 2022 5:28 AM ISTഫീസ് തട്ടിയെടുത്ത് വിദ്യാർഥിനിയെ വഞ്ചിച്ചു; സ്വകാര്യ സ്ഥാപനത്തിനെതിരെ കേസ്
text_fieldsbookmark_border
അടിമാലി: എം.ജി സർവകലാശാലയുടെ ഫീസ് രസീതിൽ കൃത്രിമം നടത്തി പണം തട്ടിയെടുത്ത് വിദ്യാർഥിനിയെ കബളിപ്പിച്ച സംഭവത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ കേസ്. അടിമാലിയിലെ എയ്ഞ്ചലീസ അക്കാദമി എന്ന സ്ഥാപനത്തിന്‍റെ ഉടമ സാബുവിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. സാബു ഒളിവിലാണ്. വെള്ളത്തൂവൽ ശല്യാംപാറ സ്വദേശിയായ വിദ്യാർഥിനിക്കാണ് ദുരനുഭവം. ഒരു വർഷമായി ഫീസ് അടച്ച് പരീക്ഷ എഴുതാൻ കാത്തിരുന്ന പെൺകുട്ടിയുടെ ഒരു അധ്യയന വർഷം നഷ്ടമായി. ബി.കോം ഫസ്റ്റ് ക്ലാസിൽ പാസായ പെൺകുട്ടി തുടർന്ന് കോഓപറേഷൻ പരീക്ഷ എഴുതാൻ സാബുവിൻെറ സ്ഥാപനത്തിൽ ഫീസ് അടച്ച് കഴിഞ്ഞ അധ്യയന വർഷം മുതൽ പഠനം തുടങ്ങിയിരുന്നു. ഏപ്രിൽ 29നായിരുന്നു പരീക്ഷ. എന്നാൽ, അപേക്ഷ വൈകിയാണ് ലഭിച്ചതെന്നും പരീക്ഷ എഴുതാനാവില്ലെന്നുമുള്ള അറിയിപ്പാണ് 26ന് സർവകലാശാലയിൽനിന്ന് കിട്ടിയത്. സർവകലാശാലയിൽ നേരിട്ട് അന്വേഷിച്ചപ്പോൾ പരീക്ഷക്ക് തന്‍റെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അറിഞ്ഞു. എന്നാൽ, ഫീസ് അടച്ചതിൻെറ രസീത് കിട്ടിയിട്ടുണ്ടെന്ന് സർവകലാശാല അധികൃതരെ അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ഫീസ് രസീതിൽ കൃത്രിമം നടത്തിയതായി കണ്ടെത്തിയത്. മറ്റൊരു കുട്ടിയുടെ രസീതിൽ വിദ്യാർഥിനിയുടെ പേര് ചേർത്ത് ഫീസ് അടച്ചിട്ടുണ്ടെന്ന് സ്ഥാപന ഉടമ വിശ്വസിപ്പിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചതായി അടിമാലി പൊലീസ് എസ്.എച്ച്.ഒ സുധീർ അറിയിച്ചു. മറ്റു പല വിദ്യാർഥികളെയും ഇയാൾ ഇത്തരത്തിൽ കബളിപ്പിച്ച് പണം തട്ടിയതായി പൊലീസ് സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story