Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:29 AM IST Updated On
date_range 19 April 2022 5:29 AM ISTനെടുങ്കണ്ടത്ത് ട്രാഫിക് ഐലന്‍ഡുകള്‍ ഇനിയും യാഥാര്‍ഥ്യമായില്ല
text_fieldsbookmark_border
നെടുങ്കണ്ടം: ടൗണിൽ കിഴക്കേ കവലയിലും പടിഞ്ഞാറെ കവലയിലും ട്രാഫിക് ഐലന്‍ഡുകള്‍ ഇനിയും യാഥാർഥ്യമായില്ല. അഞ്ച് റോഡുകളുടെ സംഗമകേന്ദ്രമാണ് നെടുങ്കണ്ടം കിഴക്കേ കവല. പടിഞ്ഞാറെ കവലയില്‍നിന്ന് ചക്കക്കാനം ഭാഗത്തേക്ക് പോകുന്ന റോഡില്‍ വണ്‍വേ സംവിധാനം ഒരുക്കണമെന്ന ആവശ്യവും പരിഹരിച്ചിട്ടില്ല. കിഴക്കേ കവല ബി.എഡ് സെന്റര്‍ മുതല്‍ പടിഞ്ഞാറെ കവല ബസ്സ്റ്റാന്‍ഡ് വരെയുള്ള ബസ് സ്റ്റോപ്പുകളിൽ ബസ്ബേ സംവിധാനം ഏര്‍പ്പെടുത്തി ഗതാഗതക്കുരുക്ക് കുറക്കാനും നടപടിയില്ല. റോഡിന് ആവശ്യത്തിന് വീതിയുണ്ടെങ്കിലും ബസുകള്‍ അലക്ഷ്യമായി നിര്‍ത്തുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ചക്കക്കാനം ഭാഗത്തേക്കുള്ള വാവച്ചേട്ടന്‍ റോഡിലും കിഴക്കേ കവല പഞ്ചായത്ത് ഓഫിസിന് സമീപത്തുകൂടി കടന്നുപോകുന്ന സ്‌റ്റേഡിയം റോഡിലും വണ്‍വേ സംവിധാനം താളംതെറ്റി. ഇടുങ്ങിയ റോഡില്‍ പല വാഹനങ്ങളും വണ്‍വേ പാലിക്കുന്നില്ല. കുമളി-മൂന്നാര്‍ സംസ്ഥാന പാത കടന്നുപോകുന്ന പ്രധാന റോഡിലെ പല സീബ്രലൈനുകളും മാഞ്ഞുതുടങ്ങി. അപകടസാധ്യത പരിഹരിക്കാന്‍ ബസ്സ്റ്റാന്‍ഡ് ജങ്ഷന്‍വരെ ഡിവൈഡറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. റോഡരികിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കാൻ പ്രത്യേക സ്ഥലം കണ്ടെത്തി പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ഒരുക്കണമെന്നും കാല്‍നടക്കാര്‍ക്കായി നടപ്പാത വേണമെന്നും ആവശ്യമുണ്ട്. കിഴക്കേ കവല, പടിഞ്ഞാറെ കവല, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുള്ളത്. മറ്റിടങ്ങളില്‍ റോഡരികില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. പച്ചടി ജങ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം അനിവാര്യമാണ്. ടൗണിന്‍റെ വിവിധ ഭാഗങ്ങളില്‍ കുട്ടികളടക്കം യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ ഏറെ പാട് പെടുകയാണ്. പലയിടത്തും ട്രാഫിക് പൊലീസിന്‍റെ സേവനം കാര്യക്ഷമമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story