Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:29 AM IST Updated On
date_range 18 April 2022 5:29 AM ISTമൂലമറ്റം രണ്ടാം വൈദ്യുതി നിലയം പട്ടികവർഗ വനിത ഹോസ്റ്റലിന് സമീപം
text_fieldsbookmark_border
മൂലമറ്റം: മൂലമറ്റത്തെ നിർദിഷ്ട രണ്ടാം വൈദ്യുതി നിലയം പട്ടികവർഗ വനിത ഹോസ്റ്റലിന് സമീപം എന്ന് ഏകദേശ ധാരണ. പട്ടികവർഗ വനിത ഹോസ്റ്റലിന് സമീപത്തെ സ്വകാര്യ വ്യക്തിയുടേത് ഉൾപ്പെടെ സ്ഥലം ഇതിനായി അടയാളപ്പെടുത്തി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ വാപ്കോസ് (വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വിസസ്) നടത്തിയ സർവേയിലാണ് ഈ സ്ഥലം അനുയോജ്യമെന്ന് കണ്ടെത്തിയത്. നിലവിലെ വൈദ്യുതി നിലയത്തിൽനിന്ന് ഏകദേശം 500 മീറ്റർ മാറിയാണ് ഈ സ്ഥലം. ഇനി ഇവിടത്തെ മണ്ണിന്‍റെയും പാറയുടെയും ഉൾപ്പെടെ കാഠിന്യം പരിശോധിക്കണം. നിലവിലെ നിലയത്തിന് സമാനമായി 600 മീറ്റർ താഴ്ചയിൽ ഭുഗർഭ നിലയമാകും നിർമിക്കുക. ഇതിനായി 600 മീറ്റർ താഴ്ചയിൽ ഡ്രില്ലിങ്ങ് നടത്തി പാറയുടെ ഘടനയും കാഠിന്യവും പരിശോധിക്കുക എന്നതാണ് അടുത്ത കടമ്പ. അതും അനുകൂലമെന്ന് കണ്ടെത്തിയാൽ കേന്ദ്രത്തിന്‍റെ ഉൾപ്പെടെ ഒമ്പതോളം അനുമതികൾ ലഭിച്ചാൽ നിർമാണം ആരംഭിക്കും. ഈ വർഷം ഡിസംബറോടെ എല്ലാവിധ പഠനങ്ങളും അനുമതികളും പൂർത്തിയാക്കി വാപ്കോസ് സർക്കാറിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. നിലവിലെ നിലയത്തിന്‍റെ സുവർണ ജൂബിലി വർഷമായ 2028 ൽ രണ്ടാം നിലയത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കാനാണ് വൈദ്യുതി വകുപ്പിന്‍റെ തിരുമാനം. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ ഒന്നും രണ്ടും ഭൂഗർഭ നിലയങ്ങൾ മൂലമറ്റത്തിന് സ്വന്തമാകും. സംസ്ഥാനത്തെ ഏറ്റവും വലിയ നിലയമായ മൂലമറ്റം നിലയത്തിന്റെ ഇപ്പോഴത്തെ ശേഷി 780 മെഗാവാട്ടാണ്. രണ്ടാം വൈദ്യുതി നിലയത്തിന്റെ ശേഷി 800 മെഗാവാട്ട് ആണ്. രണ്ടാം നിലയം കൂടി എത്തുന്നതോടെ മൂലമറ്റത്തെ നിലയങ്ങളുടെ സ്ഥാപിതശേഷി 1580 മെഗാവാട്ടായി മാറും. രണ്ടാം നിലയം കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതിയിലേറെ മൂലമറ്റം നിലയങ്ങളിൽ നിന്നാകും. വിലകൂടുതലുള്ള സമയം മൂലമറ്റത്തെ നിലയങ്ങൾ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിച്ചാൽ 10 വർഷത്തിനുള്ളിൽ മുടക്ക് മുതൽ തിരിച്ചുപിടിക്കാമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story