Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:35 AM IST Updated On
date_range 4 April 2022 5:35 AM ISTജീവനക്കാരില്ല; കട്ടപ്പന കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ പ്രവർത്തനം താളംതെറ്റി
text_fieldsbookmark_border
കട്ടപ്പന: ജീവനക്കാരില്ലാത്തതിനെത്തുടർന്ന് കട്ടപ്പന കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തനം അവതാളത്തിൽ. കണ്ടക്ടർ, ഡ്രൈവർ എന്നിവരുടെ കുറവുമൂലം എട്ട് ദീർഘദൂര സർവിസുകളാണ് ഓടാതെ കിടക്കുന്നത്. ഇതിൽ ബംഗളൂരു സൂപ്പർ എക്സ്പ്രസ് സർവിസുകളും ഉൾപ്പെടുന്നു. സുൽത്താൻ ബത്തേരി, ഷോളയൂർ, ആനക്കട്ടി, ഗുരുവായൂർ സർവിസുകളും രണ്ട് തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവിസുകളാണ് മുടങ്ങിയ മറ്റുള്ളവ. അന്തർസംസ്ഥാന സർവിസായ കമ്പം ഉൾപ്പെടെ ചില ഹ്രസ്വദൂര ബസുകളും നിർത്തിവെച്ചിരിക്കുകയാണ്. ലോക്ഡൗണിനെ തുടർന്നാണ് ബംഗളൂരു സർവിസ് നിർത്തിയത്. പിന്നീട് പുനരാരംഭിക്കാൻ ശ്രമം നടത്തിയെങ്കിലും ഡ്രൈവർമാരില്ലാത്തതിനാൽ വേണ്ടന്ന് വെക്കുകയായിരുന്നു. 46,500 രൂപവരെ വരുമാനം നേടി ഓടിക്കൊണ്ടിരുന്ന സമയത്താണ് യാത്രക്കാരുടെ ജനപ്രിയ സർവിസ് നിർത്തേണ്ടി വന്നത്. ട്രിച്ചി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കമ്പത്ത് എത്തുന്ന മലയാളി വിദ്യാർഥികൾക്ക് ആശ്രയമായിരുന്ന കട്ടപ്പന-കമ്പം അന്തർസംസ്ഥാന രാത്രി സർവിസ് നിർത്തിയതും ഡിപ്പോയുടെ നഷ്ടം വർധിപ്പിച്ചു. നിലവിൽ ഇതേ റൂട്ടിൽ പകൽ മറ്റൊരു സർവിസ് നടത്തുന്നുണ്ട്. തിരുവനന്തപുരം മിന്നൽ, ആനക്കാംപൊയിൽ ഫാസ്റ്റ് പാസഞ്ചർ സർവിസുകൾ മാത്രമാണ് തടസ്സമില്ലാതെ ഓടുന്നത്. കട്ടപ്പന ഡിപ്പോയിൽനിന്ന് ദിവസേന 40 ബസുകളാണ് ഓപറേറ്റ് ചെയ്തിരുന്നത്. എം. പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതോടെ ദിവസേന സർവിസ് 28 ആയി ചുരുങ്ങി. പിന്നീട് പി.എസ്.സിവഴി നിയമനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുണ്ടായില്ല. ലോക്ഡൗണിന് മുമ്പ് വരെ 6.5 ലക്ഷം രൂപയോളമാണ് ദിവസവും ലഭിച്ചിരുന്നത്. ഇപ്പോൾ 3.5 ലക്ഷം മുതൽ നാല് ലക്ഷം രൂപവരെ മാത്രമാണ് വരുമാനം. 118 ഡ്രൈവർമാരും 92 കണ്ടക്ടർമാരുമാണ് കട്ടപ്പന ഡിപ്പോയിൽ ആവശ്യമുള്ളത്. ഒഴിവ് നിരന്തരം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല ഭൂരിഭാഗം കണ്ടക്ടർമാരും ഡ്രൈവർമാരും കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി തുടങ്ങിയ ദൂരസ്ഥലങ്ങളിൽനിന്നുള്ളവരായതിനാൽ സമയം ക്രമീകരണം നടത്തി ഇവരെ ഉപയോഗിച്ച് മുടങ്ങിക്കിടക്കുന്ന ദീർഘ ദൂരസർവിസുകൾ പുനരാരംഭിക്കാനും സാധിക്കുന്നില്ല. ഫോട്ടോ. കട്ടപ്പന കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
