Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:29 AM IST Updated On
date_range 30 March 2022 5:29 AM ISTമൂന്നാറില്‍ സമരാനുകൂലികളും പൊലീസും തമ്മില്‍ സംഘർഷം; എം.എൽ.എക്ക് പരിക്ക്
text_fieldsbookmark_border
മൂന്നാര്‍: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസം റോഡ് ഉപരോധിച്ചതിനെ തുടർന്ന് മൂന്നാറിൽ പൊലീസും സമരാനുകൂലികളും തമ്മിലുണ്ടായ ഉന്തും തള്ളും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഘര്‍ഷത്തിനിടെ അഡ്വ. എ. രാജ എം.എൽ.എക്ക് പരിക്കേറ്റു. മൂന്നാര്‍ ടൗണിലെ സമരപ്പന്തലിന് മുന്നില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. എം.എല്‍.എയെ പൊലീസ് കൈയേറ്റം ചെയ്തെന്ന വാർത്ത പരന്നതോടെ സംഘർഷം കൈയാങ്കളിയിലേക്ക് നീങ്ങി. എം.എൽ.എയെ കൈയേറ്റം ചെയ്തത് സമരക്കാർ ചോദ്യം ചെയ്തതോടെ സംഘര്‍ഷം മൂര്‍ച്ഛിക്കുകയും മൂന്നാര്‍ ടൗണില്‍ ഒരു മണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിൽക്കുകയും ചെയ്തു. ഏറെ നേരത്തിനുശേഷം മുതിര്‍ന്ന നേതാക്കള്‍ എത്തി മൂന്നാര്‍ ഡിവൈ.എസ്.പി കെ.ആര്‍. മനോജുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് രംഗം ശാന്തമായത്. വാഹനങ്ങള്‍ തടയുകയായിരുന്ന സമരാനുകൂലികളെ മാറ്റാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. പത്തു മിനിറ്റ് വാഹനങ്ങള്‍ തടഞ്ഞിട്ടശേഷം കടത്തി വിടുകയായിരുന്ന സമരാനുകൂലികളെ റോഡില്‍നിന്ന് പൊലീസ് ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുന്നതിനിടെ ഉണ്ടായ ഉന്തും തള്ളിനുമിടയില്‍പെട്ടുപോയ എ. രാജക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇദ്ദേഹത്തെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും കണ്ണിന് സാരമായി പരിക്കേറ്റ സി.പി.ഐ പ്രാദേശിക നേതാവ് ടി.എം. മുരുകനെ അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നാര്‍ സി.ഐ മനേഷ് കെ.പൗലോസ്, എസ്.ഐ. എം.പി. സാഗര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സമരാനുകൂലികളെ മാറ്റാന്‍ ശ്രമിച്ചത്. എസ്.ഐ സാഗര്‍ മദ്യപിച്ച് ആക്രമണത്തിന് മുതിരുകയായിരുന്നുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. സമരക്കാരെ പൊലീസ് കൈയേറ്റം ചെയ്തതിനെതിരെ സമരപ്പന്തലില്‍ പ്രതിഷേധ യോഗം നടത്തി. സി.പി.എം. നേതാവ് കെ.വി. ശശി ഉദ്ഘാടനം ചെയ്തു. എസ്.ഐ. എം.പി സാഗറിനെ വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാക്കൾ മൂന്നാര്‍ ഡിവൈ.എസ്.പി ക്ക് പരാതി നല്‍കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം.എല്‍.എ യെ സി.പി.എം ജില്ല സെക്രട്ടറി സി.വി.വര്‍ഗീസ്, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും ആദ്യ ദിനത്തെ അപേക്ഷിച്ച് കടകൾ തുറന്നെങ്കിലും പ്രതിഷേധക്കാരെത്തി അടപ്പിച്ചു. തോട്ടം, അതിര്‍ത്തി മേഖലകളിൽ രണ്ടാം ദിവസവും പണിമുടക്ക് പൂര്‍ണമായിരുന്നു. കട്ടപ്പനയിലും പുളിയന്മലയിലും പണിമുടക്ക് അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. TDG 100 Munnar മൂന്നാറിൽ പണിമുടക്ക് അനുകൂലികളും പൊലീസും തമ്മിലുണ്ടായ സംഘർഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story