Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:35 AM IST Updated On
date_range 28 March 2022 5:35 AM ISTവെടിയൊച്ചയിൽ നടുങ്ങി മൂലമറ്റം
text_fieldsbookmark_border
തൊടുപുഴ: തട്ടുകടയിലെ വാക്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിത്തരിച്ച് നാട്. മൂലമറ്റം -പാലാ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാരൻ സനലിന്‍റെ (32) മരണമാണ് നാടിനെ നടുക്കിയത്. ശനിയാഴ്ച രാത്രി 10.50 ഓടെ അറക്കുളം അശോക കവലയില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്തര്‍ക്കത്തെ തുടര്‍ന്നാണ് സനല്‍ വെടിയേറ്റ് മരിച്ചത്. അറക്കുളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനൊരു വെടിയൊച്ച മുഴങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. രാത്രി സംഭവം നടന്നതറിഞ്ഞ് ഒട്ടേറെ പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. കഴുത്തിന് വെടിയേറ്റ സനല്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പുസാമി, തൊടുപുഴ ഡിവൈ.എസ്.പി. എ.ജി. ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. നിരവധി ആളുകളെ പൊലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നുണ്ട്. വൈകീട്ട് നാലരയോടെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊച്ചി റീജനല്‍ ഫോറന്‍സിക് ലാബ് അസിസ്റ്റന്‍റ് ഡയറക്ടര്‍ സൂസന്‍ ആന്റണി, സയന്റിഫിക് ഓഫിസര്‍ പി.എം. ജോമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശോധന നടത്തി. ജീവനെടുക്കുന്ന തോക്ക്; പരിശോധന കർശനമാക്കുന്നു തൊടുപുഴ: തോക്കുകൾ ഉപയോഗിച്ചുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊലീസ് പരിശോധന കർശനമാക്കുന്നു. തോക്ക് കൈവശം വെച്ച് ഉപയോഗിക്കുന്നവരെ നിരീക്ഷിക്കുന്നുണ്ടെങ്കിലും സമീപകാലത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ പരിശോധനക്കൊരുങ്ങുന്നത്. തോക്കിന്റെ ലൈസൻസിന് അപേക്ഷിച്ചവർ, ലൈസൻസ് കിട്ടിയവർ ദുർവിനിയോഗം ചെയ്യുന്നുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുക. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞാണ് തോക്കുപയോഗിക്കാനുള്ള അനുമതിക്ക് വ്യക്തികൾ അപേക്ഷ നൽകുന്നത്. എന്നാൽ, ഇത് പലരും ദുരുപയോഗം ചെയ്യുന്നതായാണ് വിവരം. തോക്ക് ഉപയോഗിക്കാനാവശ്യമായ പരിശീലനം ലഭിക്കാതെ ഇത്തരം തോക്കുകൾ ഉപയോഗിക്കുന്നത് കൂടുതൽ അപകടങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. റവന്യൂ വകുപ്പിലാണ് ലൈസൻസിന് അപേക്ഷ നൽകുന്നതെങ്കിലും പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നത്. തോക്കിന് അപേക്ഷിച്ചയാൾ കുറ്റവാളിയാണോ, ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ച ശേഷം നൽകുന്ന റിപ്പോർട്ടനുസരിച്ചാണ് ലൈസൻസ് നൽകുന്നത്. മുമ്പ് വനം വകുപ്പിന്‍റെ പരിശോധനകളിൽ വ്യാജ തോക്കുകളും തിരകളും ജില്ലയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രി മൂലമറ്റത്ത് നടന്ന സംഭവത്തിലും പ്രതിക്ക് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story