Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:29 AM IST Updated On
date_range 14 March 2022 5:29 AM ISTവെന്തുരുകി ജില്ല
text_fieldsbookmark_border
തൊടുപുഴ: ദിവസങ്ങളായി കൊടുംചൂടിൽ വെന്തുരുകുകയാണ് ജില്ല. കത്തിജ്വലിക്കുന്ന പകലിൽ ജനത്തിന് പുറത്തിറങ്ങാൻപോലുമാകാത്ത സ്ഥിതിയാണ്. ഞായറാഴ്ച ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെട്ടു. മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ രണ്ട് ഡിഗ്രിവരെയാണ് ചൂട് കൂടിയിരിക്കുന്നത്. ഹൈറേഞ്ചിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇവിടെ ചിലയിടങ്ങളിൽ മഴ ലഭിച്ചത് കാർഷികവിളകൾക്ക് ആശ്വാസമായെങ്കിലും ചൂടിന് ശമനമൊന്നുമില്ല. പകൽ ടൗണുകളിൽ ആളിറങ്ങാൻ മടിക്കുകയാണ്. ഇത് വ്യാപാരമേഖലയെ മോശമായി ബാധിച്ചിട്ടുണ്ട്. പകൽ ജോലിസമയം ക്രമീകരിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും അതൊന്നും പാലിക്കുന്നുമില്ല. പലയിടങ്ങളിലും സൂര്യാതപവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാർഷികമേഖല കിതക്കുന്നു കാർഷിക വിളകളെയും നാണ്യവിളകളെയും കടുത്ത ചൂട് ബാധിക്കുന്നുണ്ട്. കൃഷി ചെയ്ത വാഴകൾ, പച്ചക്കറികളെല്ലാം വെള്ളം ലഭിക്കാതെ വാടിത്തുടങ്ങിയിട്ടുണ്ട്. പലതവണ നനച്ചിട്ടും വിളകൾ ഭൂരിഭാഗവും ഉണങ്ങിപ്പോകുന്നതായി കർഷകർ പറയുന്നു. കനത്ത ചൂടിൽ പാൽ കുറഞ്ഞത് ജില്ലയിലെ ക്ഷീരമേഖലയെയും കാര്യമായി ബാധിച്ചു. തീറ്റപ്പുല്ല് ഉണങ്ങിക്കരിയുന്നത് വലിയ പ്രതിസന്ധിയാണ്. വളർത്തുമൃഗങ്ങളെയും ചൂട് പ്രതികൂലമായി ബാധിക്കുന്നുണ്ട്. മൃഗങ്ങൾക്കും സൂര്യാതപ ഭീഷണിയും നിലനിൽക്കുന്നു. കടുത്ത വേനൽമൂലം ജലക്ഷാമത്തെത്തുടർന്ന് വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇത് കൃഷിനാശത്തിനും ആൾനാശത്തിനും വരെ ഇടയാക്കുമെന്ന ആശങ്കയിലാണ് മലയോരം. ദാഹനീരിന് അലഞ്ഞ് ദിവസങ്ങളായി വേനൽ മഴപോലും പെയ്യാതെ കടുത്ത വേനൽ തുടരുന്നത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കി. കുളം, കിണർ, തോട് തുടങ്ങിയ ജലസ്രോതസ്സുകൾ വറ്റിവരണ്ടു. ഉയർന്ന പ്രദേശങ്ങളിലുള്ളവരാണ് ഏറ്റവുമധികം കുടിവെള്ള ക്ഷാമം നേരിടുന്നത്. ഇവിടെ ദൂരെസ്ഥലങ്ങളിൽനിന്ന് പലരും തലച്ചുമടായാണ് കുടിവെള്ളം എത്തിക്കുന്നത്. ചിലയിടങ്ങളിൽ പണം കൊടുത്ത് വാങ്ങിക്കുന്ന സ്ഥിതിയുണ്ട്. പല കുടിവെള്ള പദ്ധതികളും നിലച്ചു. വിവിധയിടങ്ങളിലെ തോടുകളിലും ഒഴുക്ക് നിലച്ചിരിക്കുകയാണ്. ചൂട് കനത്തതോടെ പലതരം പകർച്ചവ്യാധി പിടിപെട്ട് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കൂടി. പകർച്ചപ്പനി, ന്യുമോണിയ, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയവയാണ് കൂടുതലായി പിടിപെടുന്നത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സ തേടിയവരും നിരവധിയാണ്. കാട്ടുതീ ഭീഷണിയും ചൂട് കൂടിയതോടെ ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ച് കാട്ടുതീയും വ്യാപകമായിട്ടുണ്ട്. വനമേഖലകളിലെ പുല്ലുകളടക്കം ഉണങ്ങിക്കരിഞ്ഞ് നിൽക്കുന്നത് തീപിടിത്തത്തിന്‍റെ വ്യാപ്തി കൂട്ടും. ദേവികുളം, ഇടുക്കി റേഞ്ചുകളിൽ പലയിടങ്ങളിലും കാട്ടുതീ ഭീഷണി നിലനിൽക്കുന്നുണ്ട്. ചെറുതും വലുതുമായ തീപിടിത്തങ്ങൾ അടിക്കടി ലോറേഞ്ചിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വീട്ടിലും പറമ്പിലും ചപ്പുചവറുകൾ കൂട്ടിയിട്ട് തീ ഇടുന്നവർ ജാഗ്രത പാലിക്കണമെന്ന് അഗ്നിരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story