Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:28 AM IST Updated On
date_range 11 March 2022 5:28 AM ISTബജറ്റ്: പ്രതീക്ഷയിൽ മലയോരം
text_fieldsbookmark_border
പ്രതിസന്ധി മാറാതെ ടൂറിസം, കാർഷിക മേഖലകൾ തൊടുപുഴ: കോവിഡ് തുടർച്ചയായി ഉണ്ടാക്കിയ ആഘാതങ്ങൾക്കിടയിലും വെള്ളിയാഴ്ച ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിനെ പ്രതീക്ഷയോടെ കാണുകയാണ് ഇടുക്കി. കോവിഡ് ആശങ്കകൾ മാറിത്തുടങ്ങിയെങ്കിലും സമസ്ത മേഖലകളും പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്. പ്രത്യേകിച്ച് തോട്ടം മേഖല. തോട്ടവിളകളുടെ കൃഷി അനാകർഷകമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. പണിയെടുക്കുന്ന തൊഴിലാളികളുടെ വരുമാനവും ജീവിതനിലവാരവും താഴേക്ക് പോകുന്നു. തോട്ടം മേഖല അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ബജറ്റിനെ നോക്കി കാണുന്നത്. ജില്ലയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ വിനോദ സഞ്ചാര മേഖലക്ക് കനത്ത തിരിച്ചടിയാണ് കോവിഡ് ഏൽപിച്ചത്. വ്യാപനവും തുടർന്നുള്ള നിയന്ത്രണങ്ങളും ടൂറിസം മേഖലയിലുള്ളവരുടെ ഉപജീവനം തീർത്തും പ്രതിസന്ധിയിലാക്കി. കോവിഡാനന്തരമുള്ള ടൂറിസം സാധ്യതകൾ അവലോകനം ചെയ്ത് ഈ മേഖലയിൽ ദ്രുതഗതിയിലുള്ള വളർച്ച ഉറപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നാണ് ടൂറിസം രംഗത്തുള്ളവർ പ്രതീക്ഷിക്കുന്നത്. ഈ മേഖലയിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു പുരജ്ജീവന പാക്കേജ് ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. കാർഷിക മേഖലകൂടിയായ ജില്ലയിലെ കർഷകർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് ഉൽപന്നങ്ങൾ വാങ്ങാനും വിപണനം ചെയ്യാനുമുള്ള പ്രതിസന്ധി. ഇത് പരിഹരിക്കാനും നടപടി പ്രതീക്ഷിക്കുന്നുണ്ട്. യാഥാർഥ്യമാകുമോ പാക്കേജുകളിലെ ഇടുക്കി കഴിഞ്ഞ് രണ്ടു വർഷങ്ങളിലായി വലിയ പാക്കേജുകളാണ് ഇടുക്കി ജില്ലക്ക് ലഭിച്ചത്. 2019ൽ 5000 കോടിയും 2020ൽ 5000 കോടിയുമായിരുന്നു പ്രഖ്യാപനം. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിഭാവനം ചെയ്ത പാക്കേജ് അതിന്‍റെ ഫലപ്രാപ്തിയിലേക്കെത്തിയിട്ടില്ല. കൃഷി, വ്യവസായം, ടൂറിസം എന്നിവയുടെ വികസനം, പരിസ്ഥിതി സംതുലനാവസ്ഥ പുനഃസ്ഥാപിക്കൽ, ദാരിദ്ര നിർമാർജനം എന്നിങ്ങനെ ആറ് മേഖലയിലായി അഞ്ചുവർഷംകൊണ്ട് ഇടുക്കിയുടെ സമഗ്ര വികസനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് വിവിധ തലത്തിലുള്ളവരുമായി കൂടിക്കാഴ്ചകളും ചർച്ചയും നടത്തി നടപടികൾ പൂർത്തിയാക്കി സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ 2021ൽ അവതരിപ്പിച്ച ബജറ്റിൽ ഈ പാക്കേജിനെക്കുറിച്ച് പരാമർശം ഉണ്ടായിരുന്നില്ല. മുൻ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്‍റെ തുടർച്ചയായിരുന്നു ഇത്. കൃത്യമായ ആസൂത്രണങ്ങളോടെ പാക്കേജ് നടപ്പാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ജില്ല ഭരണകൂടം ആവർത്തിക്കുമ്പോഴും ഇടുക്കി ഇപ്പോഴും മറ്റ് ജില്ലകളെ അപേക്ഷിച്ച് അടിസ്ഥാന സൗകര്യങ്ങളുടെ വികസനകാര്യത്തിൽ പിന്നിലാണ്. നടപ്പാകുമോ ഈ വാഗ്ദാനങ്ങൾ ഇടുക്കിയുടെ വികസനം സാധ്യമാകണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങളിൽ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മുൻ കാലങ്ങളിലെ ബജറ്റുകളിലെ പല പ്രഖ്യാപനങ്ങളും പൂർണതോതിൽ നടപ്പാക്കാനായില്ല. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനങ്ങൾ ഇപ്പോഴും ലക്ഷ്യത്തിലെത്താതെ കിടക്കുന്നു. ലയങ്ങളിലെ ജീവിതങ്ങൾ ഇപ്പോഴും നരകതുല്യമാണ്. വന്യമൃഗശല്യത്തിന് തടയിടാനും മുമ്പ് പ്രഖ്യാപിച്ച പദ്ധതികൾക്ക് കഴിഞ്ഞിട്ടില്ല. ടൂറിസം സെന്‍ററുകളെ പുനരുജ്ജീവിപ്പിക്കുമെന്ന പ്രഖ്യാപനങ്ങൾ പലപ്പോഴും ഉയർന്ന് കേൾക്കുന്ന ഒന്നാണ്. പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി സർക്യൂട്ട് എന്ന പ്രഖ്യാപനവും നടപ്പായില്ല. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത പദ്ധതികളുമുണ്ട്. മലങ്കര ടൂറിസം പദ്ധതി ഒരു ഉദാഹരണം മാത്രം. മൂന്നാറിലെ വിനോദ സഞ്ചാര ട്രെയിൽ എന്ന പ്രഖ്യാപനം മുൻ വർഷത്തെ ബജറ്റിലേതായിരുന്നു. കാർഷിക മേഖയലയായ ഇടുക്കിയിൽ കാർഷിക ഉൽപന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നതും ഇടുക്കിയുടെ കാലങ്ങളായുള്ള ആവശ്യമാണ്. നാണ്യവിളകളുടെ വിലയിടിവ് ജില്ലയിലെ ജനങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ ബജറ്റ് ജില്ലക്ക് അനുകൂലമായ ഒട്ടേറെ പ്രഖ്യാപനങ്ങൾ ഉൾപ്പെട്ടതാകുമെന്നാണ് പ്രതീക്ഷ. പ്രതീക്ഷയിലാണ് അഞ്ച് മണ്ഡലങ്ങളും തങ്ങളുടെ മണ്ഡലത്തിലെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികൾ ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെടുമെന്ന പ്രതീക്ഷയിലാണ് ജനപ്രതിനിധികളും. ഓരോ എം.എൽ.എമാരും തങ്ങളുടെ മണ്ഡലത്തിലേക്ക് വേണ്ട പദ്ധതികൾ മുൻകൂട്ടി തയാറാക്കി നൽകിയിട്ടുണ്ട്. പീരുമേട് മണ്ഡത്തിൽ 2018ലെ പ്രളയത്തിൽ ഒലിച്ചുപോയ കൂട്ടിക്കൽ പാലം, കഴിഞ്ഞ പ്രളയത്തിൽ നശിച്ച ഏന്തയാർ, കൊക്കയാർ പാലം, കരിന്തരുവി പാലം എന്നിവ പുനർനിർമിക്കാൻ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം പങ്കുവെച്ചിട്ടുണ്ട്. കോലാഹലമേട്ടിലെ ഡെയറി സയൻസ് കോളജ് ലോകോത്തര നിലവാരമുള്ള സ്ഥാപനമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ സമർപ്പിച്ചിട്ടുണ്ട്. തോട്ടം മേഖലയുടെ പുനരുദ്ധാരണത്തിനും തോട്ടം നയം ഫലപ്രദമായി നടപ്പാക്കാനും നടപടി കൈക്കൊള്ളണമെന്നും പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്നുമുള്ള ആവശ്യവും മണ്ഡലത്തിൽനിന്നുണ്ട്. തൊടുപുഴ-കോതായിക്കുന്ന് ബൈപാസിലൊരു സ്റ്റേഡിയത്തിന് തുക അനുവദിക്കണമെന്ന ആവശ്യം തൊടുപുഴ എം.എൽ.എ അറിയിച്ചിട്ടുണ്ട്. പെരുമാങ്കണ്ടം, ഈസ്റ്റ് കലൂർ, ചീനിക്കുഴി ഉൾപ്പെട്ട കോട്ട റോഡ് നിർമാണം, കാരിക്കോട്-തെക്കും ഭാഗം-അഞ്ചിരി-ആനക്കയം റോഡ് എന്നിവക്ക് തുക അനുവദിക്കണമെന്ന ആവശ്യവും തൊടുപുഴ ഫയർ സ്റ്റേഷൻ കെട്ടിട നിർമാണത്തിന് തുക അനുവദിക്കണമെന്നതും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഉടുമ്പൻചോലയിൽ ആയുർവേദ മെഡിക്കൽ കോളജ്, പുതുതായി അനുവദിച്ച പദ്ധതികൾ, റോഡ്, പാലം എന്നിവക്ക് ഫണ്ട് പ്രതീക്ഷിക്കുന്നുണ്ട്. ആയുർവേദ മെഡിക്കൽ കോളജിന്‍റെ 23 ഏക്കർ കൈമാറി നിർമാണോദ്ഘാടനം നടന്നതാണ്. ഇതിന്‍റെ നിർമാണത്തിന് ആവശ്യമായ തുക പ്രതീക്ഷിക്കുന്നുണ്ട്. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തിയുള്ള ചില പദ്ധതികളും ബജറ്റ് പ്രഖ്യാപനത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ഇൻഡോർ സ്റ്റേഡിയത്തിന് അഞ്ചേക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഒരേക്കർ സ്ഥലത്താണ് ഇൻഡോർ സ്റ്റേഡിയം. ബാക്കി നാലേക്കർ സ്ഥലത്ത് റോളർ സ്കേറ്റിങ് ട്രാക്ക് ഒരുക്കണമെന്നും നിർദേശമായി നൽകിയിട്ടുണ്ട്. തോട്ടം-കാർഷിക മേഖലയിൽ കൂടുതൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ദേവികുളം മണ്ഡലം പ്രതീക്ഷിക്കുന്നത്. റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. കാർഷിക മേഖലയിലേക്കുള്ള റോഡുകളുടെ പുനരുദ്ധാരണം, താലൂക്ക് ആശുപത്രി വികസനം, പച്ചക്കറി സംഭരണ യൂനിറ്റ് എന്നിവയും ദേവികുളം മണ്ഡലത്തിന്‍റെ ബജറ്റ് പ്രതീക്ഷകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story