Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:28 AM IST Updated On
date_range 1 March 2022 5:28 AM ISTവിപണികളിൽ വിഷരഹിത പച്ചക്കറി ഉറപ്പാക്കാൻ കൃഷി വകുപ്പ്
text_fieldsbookmark_border
5.6 ലക്ഷം പച്ചക്കറി തൈകളാണ് വിതരണം ചെയ്യുന്നത് തൊടുപുഴ: വിപണികൾ വിഷരഹിത പച്ചക്കറി സമൃദ്ധമാക്കാൻ കൃഷിവകുപ്പ് ലക്ഷ്യമിടുന്നു. ജില്ലയിൽ 5.6 ലക്ഷം പച്ചക്കറി തൈകളാണ് ഈ സീസണിൽ വിളവെടുപ്പ് ലക്ഷ്യമിട്ട് കൃഷി വകുപ്പ് വിതരണം ചെയ്യുന്നത്. ഓരോ ബ്ലോക്ക് പഞ്ചായത്തിലും 50,000 മുതൽ 1,50,000 വരെ തൈകളാണ് വിതരണം ചെയ്യുക. ശീതകാല പച്ചക്കറി കൃഷിക്ക് പേരുകേട്ട ദേവികുളം ബ്ലോക്കിലാണ് കൂടുതൽ തൈകളും വിതരണം ചെയ്യുന്നത്. അഗ്രോ സർവിസ് സെന്റർ, കാർഷിക കർമസേന, നഴ്സറികൾ, ഫാമുകൾ എന്നിവ വഴിയാണ് തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നത്. വേനൽ അധികരിച്ചതിനാൽ കാലാവസ്ഥക്ക് അനുകൂലമായ തക്കാളി, വെണ്ട, വഴുതന, പയർ, ചീര, പാവൽ, പീച്ചിൽ, പടവലം, വെള്ളരി, പച്ചമുളക്, കാബേജ്, കോളിഫ്ലവർ ഇനത്തിൽപെട്ട പച്ചക്കറി തൈകളും വിത്തുകളുമാണ് വിതരണത്തിന് തയാറാക്കിയിരിക്കുന്നത്. തൈകൾ സൗജന്യമായും വിത്തുകൾ 80 ശതമാനം സബ്സിഡിയോടെയുമാണ് നൽകുന്നത്. കൃഷി വകുപ്പിന് പുറമെ സന്നദ്ധസംഘടനകളും സഹകരണസംഘങ്ങളും കുടുംബശ്രീ യൂനിറ്റുകളും വിഷു ലക്ഷ്യമാക്കി പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്. തൊടുപുഴ, ഇടുക്കി, പീരുമേട്, അടിമാലി ബ്ലോക്കുകൾക്ക് 50,000 തൈകൾ വീതവും ഇളംദേശം, കട്ടപ്പന, നെടുങ്കണ്ടം ബ്ലോക്കുകൾക്ക് 70,000 തൈകളും ദേവികുളത്തിന് 1,50,000 തൈകളുമാണ് വിതരണം ചെയ്തത്. 100 ദിന കർമപരിപാടിയുടെ ഭാഗമായി എല്ലാ വീടുകളിലും കൃഷി ആരംഭിക്കാനുള്ള പദ്ധതിയും കൃഷിവകുപ്പ് നടപ്പാക്കുന്നുണ്ട്. ഇതിന് കൃഷിഭവൻ വഴിയും ജനകീയാസൂത്രണത്തിലൂടെ പഞ്ചായത്ത് വഴിയും വീടുകളിലേക്ക് തൈകളും വിത്തുകളും നൽകുന്നുണ്ട്. ഈ സാമ്പത്തികവർഷം 40 ലക്ഷം വിത്തുകളും 44 ലക്ഷം തൈകളും വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ വരെ മഴ നീണ്ടതിനാൽ പച്ചക്കറി ഉൽപാദനത്തിൽ വലിയ തോതിൽ കുറവുണ്ടായിരുന്നു. എന്നാൽ, മഴമറകളിൽ ചെയ്ത കൃഷികളിൽനിന്ന് മികച്ച വിളവ് ലഭിച്ചു. ജില്ലയിൽ ഏകദേശം 75 മഴമറകൃഷികളുണ്ട്. 100 സ്ക്വയർ മീറ്ററിൽ മഴമറ നിർമിക്കുന്നതിന് 50,000 രൂപ കൃഷി വകുപ്പ് സബ്സിഡിയായി നൽകും. ഇതുകൂടാതെ തരിശ് കിടക്കുന്ന സ്ഥലങ്ങൾ കൃഷി ചെയ്യുന്നതിന് കൃഷിഭവൻ സഹായം നൽകുന്നുണ്ട്. വിഷു, ഈസ്റ്റർ വിപണി നാടൻ പച്ചക്കറി സമൃദ്ധമാക്കാൻ വിത്തുകളും തൈകളും വിവിധ പദ്ധതികൾ വഴി കൃഷി വകുപ്പ് വിതരണം ചെയ്യുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story