Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:28 AM IST Updated On
date_range 18 Feb 2022 5:28 AM ISTകണ്ണീരിലാണ് കർഷകൻ...
text_fieldsbookmark_border
p2 lead package കൃഷിയില്‍നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് ഹൈറേഞ്ചിലെ ഭൂരിപക്ഷം ആളുകളും കഴിയുന്നത്. എന്നാൽ, പ്രളയം മുതലിങ്ങോട്ട് പ്രതിസന്ധികൾ കർഷകരുടെ ജീവിതത്തെ കശക്കിയെറിയുകയാണ്. വിലയിടിവും കൃഷി നാശവും വന്യമൃഗശല്യവും വിടാതെ പിന്തുടരുന്നു. നിവൃത്തിയില്ലാതെ ചിലരൊക്കെ കൃഷി ഉപേക്ഷിച്ചു. പലരും ലോണെടുത്തും കടം വാങ്ങിയും വലിയ ബാധ്യതയിലാണ് ഇപ്പോൾ തന്നെ. ഇതിനിടെ ഇവരെ തേടി ജപ്തി നോട്ടീസുകളും വീടുകളിലെത്തുന്ന സാഹചര്യമാണ്. കർഷകർക്ക് ആശ്വാസ നടപടികൾ ഉടൻ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. കുന്നോളം ബാധ്യത; ഇരുട്ടടിയായി ജപ്തി നടപടികൾ തൊടുപുഴ: പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കർഷകർക്ക് ഇരുട്ടടിയായി ബാങ്കുകളുടെ ജപ്തി നടപടികൾ. മൊറട്ടോറിയം കാലാവധി കഴിഞ്ഞതോടെയാണ് സർഫാസി നിയമപ്രകാരം ബാങ്കുകൾ ജപ്തി നടപടിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ജില്ലയിൽ ആയിരക്കണക്കിന് കർഷകർക്ക് ബാങ്കുകളുടെ ജപ്തി നോട്ടീസുകൾ ലഭിച്ചതായാണ് കർഷക സംഘടനകൾ പറയുന്നത്. വായ്പകൾക്ക് പലിശയും കൂട്ടുപലിശയും അടക്കം ഇരട്ടിയോളം തിരിച്ചടക്കാനാണ് നോട്ടീസിൽ പറയുന്നത്. പ്രളയത്തിന്റെയും തുടർന്നുവന്ന കോവിഡിന്റെയും പശ്ചാത്തലത്തിൽ കാർഷിക വായ്പകൾക്ക് ഡിസംബർ 31വരെ സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. കാലാവധി കഴിഞ്ഞ ശേഷം വായ്പകൾ തിരിച്ചടക്കാത്ത കർഷകർക്ക് എതിരെയാണ് ബാങ്കുകൾ നടപടി തുടങ്ങിയത്. സർഫാസി നിയമപ്രകാരം കൃഷിഭൂമി ജപ്തി ചെയ്യാൻ ഇപ്പോൾ വ്യവസ്ഥ ഇല്ലാത്തതിനാൽ വീടും അനുബന്ധ സ്ഥലവും ജപ്തി ചെയ്യുകയാണ് റവന്യൂ റിക്കവറി നടപടി. വിളവെടുപ്പ് സീസണിൽ കാർഷിക ഉൽപന്നങ്ങൾക്ക് വില ഇല്ലാതെ വന്നതോടെ കർഷകർ പ്രതിസന്ധിയിലാണ്. കാലാവസ്ഥ വ്യതിയാനം കാരണം കാപ്പി ഉൾപ്പെടെയുള്ളവക്ക് ഉൽപാദനക്കുറവും നേരിട്ടു. കുരുമുളകിന് ദ്രുതവാട്ടവും മഞ്ഞളിപ്പും വ്യാപകമായി ബാക്കിയുള്ള കൃഷിയും നശിച്ചു. ഏലത്തിന് വിലക്കുറവ് രണ്ടുവർഷമായി തുടരുകയാണ്. ഇതോടെ മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും വായ്പയെടുത്ത കർഷകരുടെ തിരിച്ചടവ് മുടങ്ങി. ഇളവുകളും സാവകാശവും നൽകാതെ നിരന്തരം ഇടപാടുകാരെ നേരിട്ടും ഫോൺ മുഖേനയും തിരിച്ചടവിന് നിർബന്ധിക്കുന്ന സാഹചര്യം ഒഴിവാക്കിത്തരണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. പിടിമുറുക്കി ബ്ലേഡ് മാഫിയ തൊടുപുഴ: കോവിഡ് പ്രതിസന്ധിയുടെ സാഹചര്യം മുതലെടുത്ത് ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ച് ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു. പ്രളയങ്ങൾക്ക് പിന്നാലെത്തിയ കോവിഡ് തരംഗങ്ങൾ ജില്ലയിലെ തോട്ടം, വ്യാപാര മേഖലകളെ അക്ഷരാർഥത്തിൽ തകിടം മറിച്ചിരിക്കുകയാണ്. സർക്കാർ സഹായംപോലും ലഭിക്കാതെ പലരും പിടിച്ച് നിൽപിനുള്ള ശ്രമത്തിലാണ്. ഇവരെ ലക്ഷ്യമിട്ടാണ് ബ്ലേഡ് മാഫിയ രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് മൂന്നാം തരംഗം കൂടി എത്തിയതിനെ തുടർന്ന് ഹൈറേഞ്ചിലെയടക്കം വ്യാപാര വാണിജ്യമേഖലകൾ ഒന്നാകെ പ്രതിസന്ധിയിലായിരുന്നു. വിലക്കയറ്റവും വിളകൾക്ക് വിലിയില്ലാതായും ഇന്ധനവിലക്കയറ്റവും കർഷകരുടെ നട്ടെല്ലൊടിച്ചു. ബാങ്ക് ലോണെടുത്തും കടം വാങ്ങിയും കൃഷി ചെയ്തും വ്യാപാരം തുടങ്ങിയവരും വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ലോൺ അടവുകൾ മുടങ്ങിയതോടെ പലരും പലിശ ഭാരംകൊണ്ട് വീർപ്പുമുട്ടുന്ന സാഹചര്യവും. ഹൈറേഞ്ച് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി മനസ്സിലാക്കിയാണ് ഇവരുടെ രംഗപ്രവേശനം. തമിഴ്നാട് സ്വദേശികളും നാട്ടുകാരും ഉത്തരേന്ത്യൻ സംഘങ്ങളും വരെ പണം നൽകാനുണ്ട്. 1000 രൂപ മുതൽ ലക്ഷങ്ങൾവരെ ഇവർ ആവശ്യക്കാർക്ക് നൽകും. ബാങ്ക് പലിശയുടെ ഇരട്ടിയോളമാണ് സംഘം ഈടാക്കുന്നത്. വലിയ തുക കടമെടുക്കുന്ന പലർക്കും പലിശ മാത്രമേ അടച്ചുതീർക്കാൻ കഴിയൂ. ഇതോടെ കൈയേറ്റവും ഭീഷണിയും തുടങ്ങും. ഇവരുടെ കെണിയിൽ അകപ്പെടുന്ന പലരും വലിയ മാനസിക ബുദ്ധിമുട്ടിലേക്കും പ്രയാസത്തിലേക്കുമാണ് പിന്നീട് നീങ്ങുക. അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ചും ഇത്തരത്തിൽ വലിയ സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നതായാണ് വിവരം. വായ്പകളുടെ കാലാവധി ദീര്‍ഘിപ്പിക്കണം -കര്‍ഷക തൊഴിലാളി കോണ്‍ഗ്രസ് ചെറുതോണി: കാര്‍ഷിക-കാര്‍ഷികേതര വായ്പകളുടെ 2022 മാര്‍ച്ച് 31വരെയുള്ള പലിശ എഴുതിത്തള്ളി, വായ്പകളുടെ തിരിച്ചടവ് കാലാവധി ദീര്‍ഘിപ്പിച്ച് ജില്ലയിലെ ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേരള കര്‍ഷക തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍ ആവശ്യപ്പെട്ടു. കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗമായി 60 വയസ്സ് കഴിഞ്ഞ കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്ന തരത്തിലുള്ള നിബന്ധനകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതുമൂലം ആയിരക്കണക്കിന് പാവപ്പെട്ടവര്‍ പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ്. 1600 രൂപ പെന്‍ഷന്‍പോലും നിഷേധിക്കുന്ന സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കാത്തപക്ഷം സമരം ആരംഭിക്കുമെന്നും വര്‍ഗീസ് വെട്ടിയാങ്കല്‍ പറഞ്ഞു. ജില്ല പ്രസിഡന്‍റ് മാത്യു കൈച്ചിറ അധ്യക്ഷത വഹിച്ചു. പി.വൈ. ജോസഫ് സ്റ്റീഫന്‍ കണ്ടത്തില്‍, ജയിംസ് പുത്തേട്ടുപടവില്‍, ജോയി തുരുത്തിപ്പള്ളില്‍, ടോമി മുട്ടേത്താഴത്ത്, ജോസ് മോടിക്കപുത്തന്‍പുര തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story