Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:28 AM IST Updated On
date_range 16 Feb 2022 5:28 AM ISTദേശീയപാത നിയന്ത്രണം ഏറ്റെടുക്കൽ; പ്രതിഷേധം ശക്തം
text_fieldsbookmark_border
അടിമാലി: വനഭൂമിയുടെ മറവില്‍ ദേശീയപാതയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വനംവകുപ്പിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ദേശീയപാതക്കരികില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കണമെന്ന് വ്യാപാരികള്‍. രാജഭരണ കാലത്തുതന്നെ 60 അടി റോഡിനായി നീക്കിയിട്ടിരുന്നു. എന്നാല്‍, ടാറിങ് റോഡ് ഒഴിച്ച് ബാക്കി ഭാഗം ഇപ്പോള്‍ വനംവകുപ്പിന്‍റെ നിയന്ത്രണത്തിലാണെന്നും വനംവകുപ്പിന്‍റെ അനുമതിയില്ലാതെ നിർമാണമോ ഇതര പ്രവര്‍ത്തനങ്ങളോ പാടില്ലെന്നും വനംവകുപ്പ് മൂന്നാര്‍ ഡിവിഷന്‍ അധികൃതര്‍ വ്യക്തമാക്കി. ഇതോടെ വീണ്ടും ജനകീയ സമരത്തിനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. നേര്യമംഗലം റാണിക്കല്ല് മുതല്‍ വാളറ വെള്ളച്ചാട്ടത്തിന് സമീപം വരെ 10 കിലോമീറ്റര്‍ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്താനോ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഇറങ്ങാനോ പാടില്ലെന്നുകാട്ടി വനംവകുപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാതയില്‍നിന്ന് ഈ ബോര്‍ഡുകള്‍ നീക്കാന്‍ വനംവകുപ്പിന് നിർദേശം നല്‍കുമെന്ന് ദേശീയപാത വിഭാഗം അസി.എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പറഞ്ഞു. ഈ പാതയില്‍ പലയിടത്തും റോഡിന് വളരെ വീതി കൂറവാണ്. ഇത് അപകടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും കാരണമാണ്. ഇല്ലാത്ത വന നിയമത്തിന്‍റെ പേരില്‍ വികസനങ്ങള്‍ ഇല്ലാതാക്കുന്ന സമീപനമാണ് വനംവകുപ്പിന്‍റേതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ച ഭാഗത്തും ചിയപ്പാറ വെള്ളച്ചാട്ടത്തിന് താഴ് ഭാഗത്തും റോഡിന് വളരെ വീതികുറവാണ്. സമാന്തര സര്‍ക്കാറായി വനംവകുപ്പ് മാറിയെന്ന് കേരള വ്യാപാരി വ്യവസായി അടിമാലി യൂനിറ്റ് സെക്രട്ടറി ഡയസ് പുല്ലന്‍ പറഞ്ഞു. വനംവകുപ്പിന്‍റെ നടപടിക്കെതിരെ ശക്തമായ സമരം നടത്തുമെന്ന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എ. അന്‍സാരി, കെ. കൃഷ്ണമൂര്‍ത്തി എന്നിവരും പറഞ്ഞു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഹൈവേ ജാഗ്രത സമിതി അംഗം മഹേഷ് വാളറ ആവശ്യപ്പെട്ടു. നിയന്ത്രണം വിനോദസഞ്ചാര മേഖലക്ക് വലിയ തിരിച്ചടിയുമാകുമെന്ന് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയൻ ഭാരവാഹികൾ പറഞ്ഞു. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് ഈ നടപടിയെന്ന് സി.പി.ഐ അടിമാലി മണ്ഡലം കമ്മിറ്റിയും അഭിപ്രായപ്പെട്ടു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ജനതാദള്‍ നേതാവ് സി.എച്ച് അഷ്‌റഫും സർവേ പ്രകാരമുള്ള ഭൂമി ദേശീയപാതക്ക് വിട്ട് നല്‍ണമെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ് എം.ബി. സൈനുദ്ദീനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story