Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:39 AM IST Updated On
date_range 3 Feb 2022 5:39 AM ISTഅയ്യപ്പൻകോവിലിൽ വരുമോ... ഇല്ലിമുളം കാടുകളിൽ ലല്ലലലം പാടിനടക്കാം...
text_fieldsbookmark_border
കട്ടപ്പന: അയ്യപ്പൻകോവിൽ തൂക്കുപാലം സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് മറക്കാനാവാത്ത കാഴ്ചയാണ് ഇടുക്കി ജലാശയ തീരത്തെ മുളങ്കാടുകൾ. കനത്ത വേനൽച്ചൂടിൽ കുളിര് പകരുകയാണ് ഇടുക്കി വനമേഖലയോട് ചേർന്ന മുളങ്കാടുകൾ. തീരത്തുനിന്ന് നോക്കുമ്പോൾ മുളങ്കാടുകളുടെ ജലാശയത്തിലെ പ്രതിഫലനം അതിമനോഹരം. നട്ടുച്ചക്കും മുളങ്കാടുകൾക്കിടയിൽ കുളിരാണ്. ഒപ്പം ജലാശയത്തെ തഴുകി വീശുന്ന കാറ്റിൽ മുളംതണ്ടുകൾ ആടിയുലയുമ്പോൾ കേൾക്കുന്ന സംഗീതവും ആസ്വാദ്യകരം. ഇടുങ്ങിയ മൺറോഡും ഒരുവശത്ത് ശാന്തമായി നിലകൊള്ളുന്ന ജലാശയവും നിബിഡവനത്തിന്‍റെ വശ്യത നൽകുന്നുണ്ട്. വസന്തകാലത്ത് പലായനം ചെയ്തെത്തിയ ദേശാടനപക്ഷികളും കാട്ടുപക്ഷികളും മറ്റൊരു കാഴ്ച്ച. 40 വർഷത്തിൽ ഒരിക്കൽ മാത്രമാണ് മുളകൾ പൂക്കുന്നത് എന്നാണ് പഴമക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ ഇവിടുത്തെ മുളകൾ പൂക്കുന്ന കാഴ്ച്ച ഉടനെ ദൃശ്യമാകും. കാഞ്ചിയാർ - അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിലാണ് തൂക്കുപാലവും മുളങ്കാടുകളും. തൂക്കുപാലത്തിൽ നിന്നുള്ള ജലാശയത്തിന്‍റെ കാഴ്ച്ച കാണുവാൻ ഒട്ടേറെ ആളുകൾ എത്തുന്നു. വനം-വൈദ്യുതി വകുപ്പുകൾ സഹകരിച്ച് മേഖലയിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുകയാണെങ്കിൽ ഇവിടേക്ക് കൂടുതൽ സഞ്ചാരികൾ എത്തുമെന്ന് നാട്ടുകാർ പറയുന്നു. അയ്യപ്പൻകോവിൽ കോവിൽ പഞ്ചായത്തും ജില്ല പഞ്ചായത്തും ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്നാണ് ആവശ്യം. ------ ഫോട്ടോ അയ്യപ്പൻകോവിൽ തൂക്കുപാലത്ത് മുളങ്കാടുകൾക്കിടയിലൂടെ ദൃശ്യമാകുന്ന ഇടുക്കി ജലാശയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
