Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:37 AM IST Updated On
date_range 3 Feb 2022 5:37 AM ISTപരിശോധന തണുത്തു; തോട്ടം മേഖലയിൽ ലഹരി പരക്കുന്നു
text_fieldsbookmark_border
മൂന്നാര്‍: എക്സൈസ്, പൊലീസ് അധികൃതരുടെ പരിശോധനകള്‍ നിലച്ചതോടെ തോട്ടം മേഖലയിൽ ലഹരി ഉപയോഗവും ക്രമസമാധാന പ്രശ്നങ്ങളും വ്യാപകമാകുന്നു. തോട്ടം മേഖലയിൽ വർധിച്ച അക്രമസംഭവങ്ങളുടെ പിന്നിൽ ലഹരി ഉപയോഗമാണെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ 22ന് ഗുണ്ടുമല എസ്റ്റേറ്റിലെ അന്തർസംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ ക്രൂരമായി കൊലപ്പെടുത്തിയത് മദ്യപാനത്തെ തുടർന്നാണെന്ന് തെളിഞ്ഞിരുന്നു. കഴിഞ്ഞമാസം മൂന്നാർ സന്ദർശിക്കാനെത്തിയ ഡോക്ടർമാരുടെ സംഘത്തെ ടോപ് സ്റ്റേഷൻ റോഡിൽ തടഞ്ഞതും മദ്യപസംഘമായിരുന്നു. എസ്‌റ്റേറ്റുകളിൽ വ്യാപകമാകുന്ന ലഹരിയുടെ വിൽപനക്കും ഉപയോഗത്തിനും എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെ എസ്‌റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് പരിശോധനകള്‍ നിര്‍ജീവമായി. കോവിഡ് കടന്നുവരുന്നതിന് തൊട്ടുമുമ്പത്തെ വര്‍ഷം എക്‌സൈസ് നേതൃത്വത്തില്‍ ഒരു വര്‍ഷം 498 പരിശോധനവരെ നടന്നിരുന്നു. 2018ല്‍ വിവിധ കേസുകളുമായി ബന്ധപ്പെട്ട് 63 പേര്‍ പിടിയിലായിരുന്നു. എന്നാല്‍, തുടര്‍ന്ന് മൂന്നു വര്‍ഷമായി പിടിയിലായവരുടെ എണ്ണം ഇതിന്‍റെ പകുതിപോലുമില്ല. എസ്‌റ്റേറ്റ് മേഖലകളില്‍ കഞ്ചാവ്, കോട, നിറം ചേര്‍ന്ന വ്യാജമദ്യം, നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവ സുലഭമാണ്. തോട്ടം മേഖലയിൽ നാലുവര്‍ഷത്തിനിടെ നടന്ന മൂന്ന് കുറ്റകൃത്യങ്ങളിലായി നാലുപേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 2017 ഫെബ്രുവരി 14ന് ഗുണ്ടുമല എസ്റ്റേറ്റിലെ ശിശുപരിപാലന കേന്ദ്രത്തിലെ ജീവനക്കാരിയെ പ്രായപൂര്‍ത്തിയെത്താത്ത മകന്‍ കൊലപ്പെടുത്തിയത് അമിത കഞ്ചാവിന്‍റെ ഉപയോഗം മൂലമായിരുന്നു. അതേവര്‍ഷംതന്നെ ഒക്ടോബര്‍ 14ന് എല്ലപ്പെട്ടി എസ്റ്റേറ്റ് സ്വദേശികളായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയും അമിത ലഹരിക്ക് അടിമയായിരുന്നു. ലഹരിയുടെ ഉപയോഗം വ്യാപകമാകുന്നതും യുവാക്കളുടെ ഇടയില്‍ കുറ്റവാസന ഏറുന്നതും തോട്ടം തൊഴിലാളികളുടെ ഇടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story