Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:28 AM IST Updated On
date_range 26 Jan 2022 5:28 AM ISTഇതാ ഞങ്ങളുടെ ഇടുക്കി
text_fieldsbookmark_border
p2 lead package ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ സഞ്ചാരികളുടെ സ്വർഗമായ ഇടുക്കി ജില്ല പിറന്നിട്ട് ഇന്ന് അമ്പത് വർഷം തികയുന്നു. കുടിയേറ്റം മുതൽ കേരളത്തിന്‍റെ സാമ്പത്തിക കുതിപ്പിന് ആക്കം പകർന്ന ജില്ല സുവർണജൂബിലി നിറവിലും കാലത്തിന്‍റെ പുത്തൻ ചലനങ്ങൾക്കൊപ്പം ചുവടുവെക്കുകയാണ്. ജന്മം കൊണ്ടും കർമം കൊണ്ടും ജീവിതത്തിന്‍റെ വിവിധ മേഖലകളിൽ ഇടുക്കിയെ അടയാളപ്പെടുത്തിയവർ ഏറെ. ഈ നാടിനെ അടുത്തും അനുഭവിച്ചും അറിഞ്ഞ അവരിൽ ചിലർ പ്രതീക്ഷകളും ആശംസകളും പങ്കുവെക്കുകയാണിവിടെ.... ഇടുക്കി പകർന്ന പാഠങ്ങൾ കെ. രാധാകൃഷ്ണൻ (പട്ടികജാതി-പട്ടികവർഗ ക്ഷേമ, ദേവസ്വം മന്ത്രി) TDL K Radhakrishnan എന്‍റെ അച്ഛനും അമ്മയും പുള്ളിക്കാനം തേയില തോട്ടത്തിലെ തൊഴിലാളികളായിരുന്നു. അച്ഛന്‍റെ നാട് തൃശൂർ ചേലക്കരയാണ്. തൊഴിൽ അന്വേഷിച്ചാണ് ഇടുക്കിയിൽ എത്തിയത്. ഒന്നാം ക്ലാസിൽ ചേർത്തപ്പോൾ സ്കൂളിൽ പോകാനുള്ള സൗകര്യത്തിന് എന്നെ ചേലക്കരയിലേക്ക് മാറ്റി. അവധി ദിവസങ്ങളിൽ അച്ഛനെത്തി എന്നെ പുള്ളിക്കാനത്തേക്ക് കൂട്ടിക്കൊണ്ട്പോകും. ഇടുക്കിയിലെ ഭൂരിഭാഗം ജനങ്ങളും കുടിയേറിയവരാണ്. ബ്രിട്ടീഷുകാരുടെ തേയില തോട്ടങ്ങളിൽ പണിയെടുക്കാൻ തമിഴ്നാട്ടിൽനിന്നും കേരളത്തിന്‍റെ മറ്റ് ഭാഗങ്ങളിൽനിന്നും വന്നവർ. കുടിയേറ്റത്തിലൂടെ ഇടുക്കി വിവിധ ജനവിഭാഗങ്ങളുടെ വ്യത്യസ്ത സംസ്കാരത്തിന്‍റെ സംഗമ കേന്ദ്രമായി. കുടിയേറ്റത്തിന് നന്മകളും ദോഷങ്ങളുമുണ്ടായിരുന്നു. മനുഷ്യർ ജാതിയും മതവും മറന്ന് ഒന്നായി നിന്നു എന്നതാണ് ഏറ്റവും വലിയ നന്മ. അന്ന് തൊഴിലാളികൾക്ക് വലിയ സൗകര്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. പുല്ല് മേഞ്ഞ ലയങ്ങളിലായിരുന്നു താമസം. പലരുടെയും ജീവിതം അടിമ സമാനമായിരുന്നു. യാത്രാസൗകര്യമുണ്ടായിരുന്നില്ല. പുള്ളിക്കാനത്തുനിന്ന് എട്ട് കിലോമീറ്റർ നടന്ന് വാഗമൺ ചന്തയിലെത്തിയാണ് സാധനങ്ങൾ വാങ്ങുക. ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് പുള്ളിക്കാനത്ത് ആദ്യമായി ബസ് വരുന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾതന്നെ തോട്ടത്തിൽ ജോലിക്കിറങ്ങിയിരുന്നു. കൊളുന്ത് നുള്ളുന്നതടക്കം തേയിലയുടെ എല്ലാ ജോലിയും എനിക്കറിയാം. കുഴികുത്തി തൈവെക്കാനും മരുന്നടിക്കാനും തേയില ഫാക്ടറിയിലെ പണിക്കുമെല്ലാം പോയിട്ടുണ്ട്. അഞ്ച് രൂപയായിരുന്നു കൂലി. പുള്ളിക്കാനത്തിനും മൂലമറ്റത്തിനുമിടയിൽ നാട്ടുകാർ കെട്ടിയുണ്ടാക്കിയ മൂന്ന് തൂക്ക് പാലങ്ങളുണ്ടായിരുന്നു. തൂങ്ങിയാടുന്ന ആ പാലങ്ങളിലൂടെ പേടിച്ചാണ് യാത്ര ചെയ്തിരുന്നത്. മൂലമറ്റം പവർ ഹൗസ് നിർമാണം നേരിട്ട് കണ്ടിട്ടുണ്ട്. പാറ തുരന്നുള്ള നിർമാണത്തിനിടെ പലപ്പോഴായി നിരവധി പേർ മരിച്ചു. അതൊന്നും പുറം ലോകമറിഞ്ഞിരുന്നില്ല. ഇടുക്കി ഡാം നിർമാണത്തിനിടെ സിമന്‍റ് കൂട്ടുന്ന കൂറ്റൻ മെഷീനിൽ ചിലപ്പോൾ തൊഴിലാളികൾ അപകടത്തിൽപ്പെടും. പക്ഷേ, യന്ത്രം ഓഫാക്കില്ല. അങ്ങനെ മരിച്ച ഒട്ടേറെ തൊഴിലാളികളുടെ രക്തവും മാംസവും കണ്ണീരും കൂടി ചേർന്നതാണ് ഇടുക്കി അണക്കെട്ട്. ഞങ്ങൾ എട്ട് മക്കളായിരുന്നു. ബന്ധുക്കൾ പലരും പുള്ളിക്കാനത്തുണ്ട്. അച്ഛൻ കെട്ടിയ ലയം ഇപ്പോഴും അവിടെയുണ്ട്. അച്ഛന്‍റെ ഓർമദിനമായ എല്ലാ വർഷവും ജനുവരി 15ന് ഞാൻ പുള്ളിക്കാനത്തെത്തും. രണ്ടോ മൂന്നോ ദിവസം ലയത്തിൽ താമസിക്കും. രണ്ടാഴ്ച മുമ്പും വന്നിരുന്നു. കോൺക്രീറ്റ് നിർമിതികൾ കൂടിയതോടെ വാഗമണ്ണിലും മൂന്നാറിലുമെല്ലാം ചൂട് വർധിക്കുകയാണ്. ഭൂപ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാകണം ഇടുക്കിയുടെ വികസനം. അല്ലെങ്കിൽ ഭാവിയിൽ വലിയ ദുരന്തമാകും. തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരം കുറച്ചുകൂടി മെച്ചപ്പെടുത്തണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അധ്വാനിക്കാനും സമരം ചെയ്യാനുമെല്ലാം എന്നെ പഠിപ്പിച്ച ഇടുക്കിക്ക് പിറന്നാൾ ആശംസകൾ. പോരാട്ടം നമ്മള്‍ തുടരുകയാണ് റോഷി അഗസ്റ്റിന്‍ ( ജലവിഭവ മന്ത്രി) TDL ROSHY AUGUSTINE ഇടുക്കി ജില്ലയെ സംബന്ധിച്ച് 2022 സുവര്‍ണ ജൂബിലി വര്‍ഷമാണ്. ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വികസനത്തിന് മികച്ച മുന്നേറ്റംകുറിക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്ത് നടപ്പാക്കുന്നത്. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഓര്‍മകളാകും പോകുന്ന വര്‍ഷത്തെ അടയാളപ്പെടുത്തുന്നത്. അതിഭയങ്കരമായ പോരാട്ടവീര്യം പ്രകടിപ്പിച്ചവരാണ് നാം ഓരോരുത്തരും. ആ പോരാട്ടം ഇപ്പോഴും തുടരുകയാണ് നമ്മള്‍. ഇടുക്കി ജില്ല രൂപവത്കരിച്ചിട്ട് 50 വര്‍ഷമാകുന്നു. നമ്മുടെ ജില്ലയുടെ വളര്‍ച്ച വിലയിരുത്തേണ്ട കാലം കൂടിയാണിത്. അര നൂറ്റാണ്ടിനുള്ളില്‍ ഈ മലയോര ജില്ല കൈവരിച്ച സമാനതകളില്ലാത്ത വളര്‍ച്ചയില്‍ വ്യക്തിപരമായി അഭിമാനമുണ്ട്. ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് നാം ഇന്നത്തെ ഇടുക്കിയായി രൂപാന്തരം പ്രാപിച്ചത്. സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ വികസനത്തിലൂന്നിയ പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്. അതേസമയം ജില്ലയുടെ വികസനത്തിനായി ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന ചില പദ്ധതികളും മനസ്സിലുണ്ട്. ജില്ലയിലെ ഭൂപ്രശ്‌നം പരിഹരിച്ച് അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുകയാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണന. ഇടുക്കി മെഡിക്കല്‍ കോളജിലെ ബാലാരിഷ്ടതകള്‍ മാറ്റി ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനമാക്കി മാറ്റും. ജില്ലയിലെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനായി ഇടുക്കി, മൂന്നാര്‍, തേക്കടി ബന്ധിപ്പിച്ച് ടൂറിസം സര്‍ക്കിള്‍ യാഥാർഥ്യമാക്കും. ഇടുക്കി പാക്കേജ് വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി കാര്യക്ഷമമായി നടപ്പാക്കുന്നതോടെ ജില്ലയുടെ അടിസ്ഥാന വികസനത്തിനും സാമ്പത്തിക ഭദ്രതക്കും ഉണര്‍വ് നല്‍കാനാകും. റോഡുകള്‍, പാലങ്ങള്‍, നവീകരണം ആവശ്യമായ സര്‍ക്കാര്‍ ഓഫിസ് കെട്ടിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എം.എല്‍.എമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ വികസിത ഇടുക്കി എന്ന സ്വപ്നം നമ്മുക്ക് സാക്ഷാത്കരിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നന്മയുടെയും സാംസ്‌കാരികമായ വളര്‍ച്ചയുടെയും പ്രതീക്ഷകളുടെതും ആകട്ടെ ഇനിയുള്ള വര്‍ഷങ്ങൾ എന്ന് പ്രാര്‍ഥിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story