Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 5:29 AM IST Updated On
date_range 21 Jan 2022 5:29 AM ISTരവീന്ദ്രൻ പട്ടയം: ഉത്തരവ് ജനദ്രോഹപരം -ഹൈറേഞ്ച് സംരക്ഷണ സമിതി
text_fieldsbookmark_border
തൊടുപുഴ: രവീന്ദ്രൻ പട്ടയത്തിന്‍റെ കാര്യത്തിൽ ഇപ്പോൾ സർക്കാർ ഇറക്കിയിരിക്കുന്ന ഉത്തരവ് ജനദ്രോഹപരമാണെന്നും ഇതിന് പകരം പ്രസ്തുത പട്ടയങ്ങൾ ക്രമവത്കരിക്കാനുള്ള നടപടികളാണ് വേണ്ടതെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി. രവീന്ദ്രൻ രണ്ട് ദശാബ്ദം മുമ്പ് വിതരണം ചെയ്ത പട്ടയങ്ങൾക്ക് സാങ്കേതിക പിഴവുണ്ടായിരുന്നു എന്നാണ് ആക്ഷേപം. എന്നാൽ, ഈ പട്ടയം ലഭിച്ചവർ അതിന് അർഹതയുള്ളവരും ദീർഘകാലമായി അതിനായി കാത്തിരുന്നവരും ആണ്. സാങ്കേതിക പിഴവുകൾ സംഭവിച്ചു എന്ന കാരണത്താൽ അർഹതപ്പെട്ടവരുടെ അവകാശങ്ങൾ നിഷേധിക്കാൻ പാടില്ല. സാങ്കേതിക പിഴവുകൾ മുൻകാല പ്രാബല്യത്തോടെ ക്രമവത്കരിച്ച് നൽകുകയാണ് വേണ്ടത്. ഇപ്പോൾ പട്ടയം റദ്ദ് ചെയ്ത് കൈവശക്കാർക്ക് പുതിയ അപേക്ഷ നൽകാം എന്ന് പറയുമ്പോൾ ഫലത്തിൽ അവരെ ദ്രോഹിക്കുകയാണ്. റവന്യൂ ഉദ്യോഗസ്ഥർക്ക് അഴിമതി നടത്താനുള്ള അവസരമായി ഇത് മാറും. രവീന്ദ്രൻ പട്ടയങ്ങളുടെ മറവിൽ ആരെങ്കിലും കള്ളപ്പട്ടയം എടുത്തിട്ടുണ്ടെങ്കിൽ അത് തീർച്ചയായും റദ്ദ് ചെയ്യണം. അതേസമയം, യഥാർഥ പട്ടയ അവകാശികളെ ദ്രോഹിക്കാതെ പ്രശ്നം പരിഹരിക്കണമെന്ന് സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, രക്ഷാധികാരികളായ ആർ. മണിക്കുട്ടൻ, സി.കെ. മോഹനൻ, മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി എന്നിവർ ആവശ്യപ്പെട്ടു. പട്ടയം റദ്ദാക്കൽ അഴിമതി ലക്ഷ്യമിട്ട് -എം.പി തൊടുപുഴ: രവീന്ദ്രൻ പട്ടയങ്ങൾ അപ്പാടെ റദ്ദാക്കിയ നടപടി അഴിമതി ലക്ഷ്യമിട്ടെന്ന് ഡീൻ കുര്യാക്കോസ് എം.പി. 1999 മുതൽ നിലനിൽക്കുന്ന വിഷയത്തിൽ ഇത്തരത്തിലൊരു തീരുമാനമെടുത്തതിലൂടെ കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും സർക്കാർ ഒന്നായി മുദ്രകുത്തുകയാണ് ചെയ്തിരിക്കുന്നത്. സാധാരണക്കാരായവരെ സംരക്ഷിക്കുകയും കൈയേറ്റക്കാരെ ഒഴിവാക്കുകയുമാണ് വേണ്ടിയിരുന്നത്. ഇതിനുപകരം പട്ടയം ലഭിച്ച മുഴുവനാളുകളെയും ഒരുപോലെ ക്രമക്കേട് നടത്തിയതായി ചിത്രീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. നിയമാനുസരണം പട്ടയത്തിന് അർഹതയുള്ളവരെ കൈയേറ്റക്കാരായി ചിത്രീകരിച്ച് അനർഹരെ രക്ഷപ്പെടുത്താനാണ് ഈ ശ്രമം. ഇടുക്കിയിലെ ജനങ്ങളെ ഇരുട്ടിൽ നിർത്തുന്ന ഇത്തരം സമീപനങ്ങൾ ഇടതുസർക്കാർ തുടർച്ചയായി കൈക്കൊള്ളുകയാണ്. പട്ടയം ക്രമവത്കരിക്കാൻ എന്നുപറഞ്ഞ് നടക്കാൻ പോകുന്നത് വൻ കൈക്കൂലി വാങ്ങൽ പ്രക്രിയയാണെന്നും എം.പി കുറ്റപ്പെടുത്തി. വൻകിട റിസോർട്ട് ഉടമകൾ ഉൾപ്പെടെ എല്ലാവരുടെ കൈയിൽനിന്നും വൻതുക കോഴ വാങ്ങി യോഗ്യതയും അയോഗ്യതയും തീരുമാനിക്കപ്പെടുകയും ചെയ്യും. കോടിയേരിയും പിണറായിയും കാനം രാജേന്ദ്രനും എം.എം. മണിയും എല്ലാം അറിഞ്ഞുതന്നെ ജില്ലയെ സമ്പൂർണമായ പ്രതിസന്ധിയിലാഴ്ത്തുന്ന തീരുമാനങ്ങൾ കൈക്കൊള്ളുകയാണ്. എം.എം. മണിക്ക് ആത്മാർഥതയുണ്ടെങ്കിൽ സർക്കാറിന്‍റെ വിവാദ ഉത്തരവുകൾ പിൻവലിപ്പിക്കുകയാണ് വേണ്ടതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story