Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 5:28 AM IST Updated On
date_range 18 Jan 2022 5:28 AM ISTമറക്കാനാവില്ല മലയോരം
text_fieldsbookmark_border
എന്‍റെ ഇടുക്കി -കോളം കെ.പി. തോമസ് (കായിക പരിശീലകൻ) ഇടവേളകളിൽ സ്കൂളിൽ ബെല്ലടിക്കാൻ കാതോർത്തുനിൽക്കും. കിണറ്റിന്‍റെ കരയിലെത്തി ആദ്യം വെള്ളം കോരുന്നതിനുള്ള തൊട്ടി സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം. മിക്കപ്പോഴും ഞാൻ തന്നെയായിരുന്നു ആദ്യം വെള്ളം കുടിക്കുന്നതും. ഇത് കണ്ട അധ്യാപകരാണ് നീ നല്ല ഓട്ടക്കാരനാണല്ലോ എന്ന് അന്ന് ആദ്യമായി പറയുന്നത്. ഇതായിരുന്നു ആദ്യ അംഗീകാരം. വഴിത്തല മാറിക എൽ.പി സ്കൂൾ, പുറപ്പുഴ സെന്‍റ് ആൻറണീസ് സ്കൂളിലുമായിട്ടായിരുന്നു പഠനം. പഠിക്കുമ്പോൾ സ്കൂൾതല കായിക മത്സരങ്ങൾ ഇല്ലായിരുന്നു. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് ത്രീ സ്റ്റാർ മത്സരം എന്ന് വിളിച്ചിരുന്ന മത്സരത്തിൽ പങ്കെടുക്കാൻ പോയി. മൂന്ന് ഫസ്റ്റ് അന്ന് സ്വന്തമാക്കി. ആസമയത്താണ് പട്ടാള റിക്രൂട്ട്മെന്റ് നടക്കുന്നത്. അങ്ങനെ മിലിട്ടറിയിലെത്തി. മിലിട്ടറി സ്പോർട്സിൽ ഞാൻ മാത്രമായിരുന്നു മലയാളി. പട്ടാളത്തിൽനിന്ന് വന്ന് മലബാർ മേഖലയിൽ കായിക അധ്യാപകനായി ജോലിനോക്കി. പിന്നീട് ഏന്തയാർ മർഫി സ്കൂളിലും വണ്ണപ്പുറം സ്കൂളിലും കായിക അധ്യാപകനായി എത്തി. ഇടുക്കിയിൽ വണ്ണപ്പുറത്ത് 10 വർഷമുണ്ടായിരുന്നു. കരിയറിലെ ഏറ്റവും മികച്ച സമയമായിരുന്നു അത്. അന്തർ ദേശീയ താരങ്ങളെയടക്കം വാർത്തെടുക്കാൻ കഴിഞ്ഞത് ഈ കാലത്താണ്. വണ്ണപ്പുറത്ത് കുട്ടികളുമായി ചേർന്ന് കൃഷിയൊക്കെയുണ്ടായിരുന്നു. പരിശീലനത്തോടൊപ്പം അവർക്കുള്ള ഭക്ഷണവും കൃഷിയിലൂടെ ഉണ്ടാക്കിയിരുന്നു. അതൊന്നും മറക്കാൻ കഴിയുന്നതല്ല. കേരളത്തിൽ ഏറ്റവും കൂടുതൽ ഒളിമ്പ്യന്മാരുള്ളത് ഇടുക്കി ജില്ലയിൽനിന്നാണ്. തനിക്ക് ദ്രോണാചാര്യ അവാർഡ് ലഭിച്ചതും ഇടുക്കിയിലുള്ളപ്പോഴാണ്. ഇടുക്കിയിലിപ്പോഴും ബന്ധുക്കളും നിരവധി സുഹൃത്തുക്കളുമുണ്ട്. കുടുംബത്തിൽതന്നെ രണ്ട് അർജുന അവാർഡുകാരുണ്ട്. ഷൈനി വിത്സൺ ജ്യേഷ്ഠന്റെ മകളാണ്. വഴിത്തലയിലാണ് തറവാട് വീട്. ഇവിടെയാണ് ജനിച്ചത്. പട്ടാളത്തിൽനിന്ന് അവധിക്ക് വരുമ്പോൾ ജ്യേഷ്ഠാനുജൻമാരുടെ കുട്ടികളെ ഓട്ട മത്സരത്തിൽ പങ്കെടുപ്പിക്കുമായിരുന്നു. മുന്നിലെത്തുന്നവർക്ക് മിഠായിയായിരുന്നു വാഗ്ദാനം. പലപ്പോഴും ആദ്യം ഓടിയെത്തുന്നത് ഷൈനി തന്നെയായിരുന്നു. ഇപ്പോൾ കോരുത്തോട്ടിലെ സ്കൂളിലാണ് പരിശീലനം നൽകുന്നത്. ഇടുക്കിയിൽ നാട്ടുകാരും കായിക രംഗത്തെ സ്നേഹിക്കുന്നവുരുമായി ഒരുപാടുപേരുണ്ട്. നല്ല സഹകരണമാണ് ഇവരുടെ ഭാഗത്തുനിന്ന് എന്നും ലഭിച്ചിരുന്നത്. അവർ നൽകിയ പരിഗണനയാണ് തന്നെ വളർത്തിയത്. പരിശീലനത്തിനെത്തുന്ന കുട്ടികളും കഠിന പ്രയത്നമുള്ളവരായിരുന്നു. ഇടുക്കിയുടെ കാലാവസ്ഥയും ഭൂപ്രകൃതിയും കായികതാരങ്ങളെ വാർത്തെടുക്കാൻ കഴിയുന്ന തരത്തിലുള്ളതാണ്. സ്റ്റേഡിയങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. നല്ല പരിശീലനം നൽകിയാൽ മികച്ച താരങ്ങളായി ഇടുക്കിയിൽനിന്ന് ഇനിയും ഒരുപാടുപേരെ വാർത്തെടുക്കാൻ കഴിയുമെന്ന കാര്യം തീർച്ചയാണ്. TDL KPTHOMAS MASH കെ.പി. തോമസ് ( ദ്രോണാചാര്യ പുരസ്കാരം, ദേശീയ കായിക അധ്യാപക അവാർഡ്, കായിക മേഖലയിലെ മികച്ച സംഭാവനകള്‍ക്കുള്ള പുരസ്കാരം, റിയൽ ഹീറോ അവാർഡ് തുടങ്ങിയ പുരസകാരങ്ങൾ നേടി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story