Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 5:30 AM IST Updated On
date_range 14 Jan 2022 5:30 AM ISTവീട് നിർമാണം തുടങ്ങി; വിമലക്കും മകനും ഇനി പാറപ്പുറത്തുനിന്ന് താഴെയിറങ്ങാം
text_fieldsbookmark_border
മൂന്നാർ: കാട്ടാനയെ ഭയന്ന് പാറപ്പുറത്ത് കുടിൽ കെട്ടി താമസിച്ചിരുന്ന ആദിവാസി വീട്ടമ്മ വിമലക്കും മകനുമുള്ള വീട് നിർമാണം തുടങ്ങി. സുരക്ഷിത ജീവിതത്തിന് സർക്കാർ പ്രഖ്യാപിച്ച വീടിന്‍റെ നിർമാണമാണ് കഴിഞ്ഞ ദിവസം ചിന്നക്കനാലിൽ ആരംഭിച്ചത്. ചിന്നക്കനാൽ പഞ്ചായത്തിലെ 301 കോളനിയിൽ താമസിച്ചിരുന്ന വിമലയും ഓട്ടിസം ബാധിച്ച മകനും കാട്ടാനകളുടെ ശല്യം മൂലം വലിയ പാറയുടെ മുകളിൽ താമസിക്കുന്നത് വാർത്തയായിരുന്നു. വിമലയെക്കുറിച്ച് അറിഞ്ഞ മന്ത്രി എം.വി. ഗോവിന്ദൻ കഴിഞ്ഞ സെപ്റ്റംബറിൽ വീട് നൽകുമെന്ന് അറിയിച്ചിരുന്നു. തുടർന്ന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് ലക്ഷം രൂപ വീടിനായി അനുവദിക്കുകയൂം ചെയ്തു. ആദ്യഗഡുവായ 60,000 രൂപ ലഭിച്ചതോടെ അടിത്തറ നിർമാണം തുടങ്ങി. ആദിവാസി ഭൂസമരത്തെ തുടർന്ന് 2003ൽ ആദിവാസികൾക്ക് ചിന്നക്കനാലിലെ 301 കോളനിയിൽ ഭൂമി അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് വിമലക്കും ഇവിടെ ഭൂമി ലഭിച്ചത്. എന്നാൽ, നിരന്തര കാട്ടാനശല്യം മൂലം ഭൂമി ലഭിച്ചവരിൽ ഭൂരിഭാഗവും ഇവിടം വിട്ടു പോയി. ഗത്യന്തരമില്ലാത്തതിനാൽ രോഗിയായ മകനൊപ്പം വിമല ഇവിടെതന്നെ തുടർന്നു. കാട്ടാനശല്യം വർധിച്ചതോടെ സമീപത്തെ വലിയ പാറയുടെ മുകളിൽ പടുതകൊണ്ട് മറച്ച് കുടിൽ കെട്ടി താമസം തുടരുകയായിരുന്നു. കോണി ഉപയോഗിച്ചായിരുന്നു മുകളിൽ കയറിയിരുന്നത്. നിലവിലെ ഭൂമി കാട്ടാനശല്യം രൂക്ഷമായ ഇടമാണെന്ന് ബോധ്യമായതോടെ ജില്ല ഭരണകൂടം പുതിയ പ്ലോട്ടും ഇവർക്ക് അനുവദിച്ചു. കഴിഞ്ഞ ഡിസംബർ 21ന് പുതിയ ഭൂമിയുടെ പട്ടയവും കൈമാറി. അവിടെയാണ് വീടിന്‍റെ നിർമാണം തുടങ്ങിയിരിക്കുന്നത്. വീട് നിർമാണം തുടങ്ങിയെങ്കിലും വിമലയുടെ ദുരിതങ്ങൾ അവസാനിക്കുന്നില്ല. നിരന്തരം ആനയുടെ ആക്രമണമുള്ള മേഖലയിൽ സുരക്ഷിതമായി കഴിയണമെങ്കിൽ വീടിന് ചുറ്റും കിടങ്ങ് നിർമിക്കണം. അരലക്ഷം രൂപയെങ്കിലും ഇതിന് വേണ്ടി വരും. ഇപ്പോൾ അനുവദിച്ച തുകകൊണ്ട് അത് സാധ്യമല്ല. മുമ്പ് തങ്ങളുടെ ദുരിതം തിരിച്ചറിഞ്ഞ പലരും സഹായം വാഗ്ദാനം ചെയ്തിരുന്നെന്ന് വിമല പറയുന്നു. അതുകൂടി ലഭിച്ചാൽ സുരക്ഷിതമായി കഴിയാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. ചിത്രം 1 വീടിന്‍റെ നിർമാണം തുടങ്ങിയിടത്ത് വിമലയും മകനും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
