Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 5:31 AM IST Updated On
date_range 3 Jan 2022 5:31 AM ISTമൂന്നാറിൽ ഇൻഫർമേഷൻ കേന്ദ്രമില്ല; നേട്ടം കൊയ്ത് ഇടനിലക്കാർ
text_fieldsbookmark_border
മൂന്നാർ: മൂന്നാറിൽ വിവിധോദ്ദേശ്യ ഇൻഫർമേഷൻ കേന്ദ്രം ഇല്ലാത്തത് വിനോദസഞ്ചാരികൾക്ക് വിനയാകുന്നു. ടാക്സി മുതൽ ഹോട്ടൽ വരെയുള്ള സേവനങ്ങൾ സംബന്ധിച്ച ആധികാരിക വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ സഞ്ചാരികൾ ഇടനിലക്കാരെ ആശ്രയിക്കേണ്ടിവരുകയാണ്. ഇതുവഴി ചൂഷണത്തിന് ഇരയാകുന്ന അവസ്ഥയാണ്. രണ്ടുവർഷത്തെ അടച്ചിടലിനുശേഷം സജീവമായ മൂന്നാറിൽ വിനോദസഞ്ചാര രംഗത്ത് സന്ദർശകർക്കായി വലിയ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഹോട്ടലുടമകളും ടൂർ ഓപറേറ്റർമാരും വലിയ ഇളവുകൾ നൽകി സന്ദർശകരെ ആകർഷിക്കുമ്പോൾ അത് സഞ്ചാരികളിലേയ്ക്ക് എത്താതെപോകുകയാണ്. സീസണിൽ മൂന്നാറിലെ ഹോട്ടൽ മുറികളുടെ വാടക മൂന്നിരട്ടിയിലധികമാണ്. ചെറുതും വലുതുമായ ട്രിപ്പുകൾക്ക് ടാക്സികൾ ഈടാക്കുന്ന തുകയും വളരെ വലുതാണ്. യഥാർഥത്തിൽ ഇതിന്‍റെ നേട്ടം ലഭിക്കുന്നത് ഹോട്ടൽ ഉടമകൾക്കോ ടാക്സി വാഹന ഉടമകൾക്കോ അല്ല. മൂന്നാറിൽ പ്രവർത്തിക്കുന്ന ചില ഇടനിലക്കാരാണ് സഞ്ചാരികളെ പിഴിഞ്ഞ് പണമുണ്ടാക്കുന്നത്. സീസൺ ആയാലുടൻ സാധാരണ നിരക്കിൽ മുൻകൂർ തുക അടച്ച് ഇടനിലക്കാർ മുറികൾ ബുക്ക് ചെയ്യും. പിന്നീട് സഞ്ചാരികൾ ഓൺലൈനിലോ നേരിട്ടോ അന്വേഷിച്ചാൽ മുറികളൊന്നും ഒഴിവുണ്ടാകുകയില്ല. ഒടുവിൽ ടൗണിലുള്ള ഏജന്‍റുമാർ തങ്ങൾ ബുക്ക് ചെയ്ത മുറികൾ മൂന്നിരട്ടിവരെ തുക കൂട്ടി സന്ദർശകർക്ക് നൽകും. നിവൃത്തിയില്ലാതെ വൻതുക നൽകി മൂന്നാറിൽ താമസിച്ച് മടങ്ങുകയാണ് സഞ്ചാരികൾ. വാഹനം വാടകയ്ക്ക് എടുത്താലും ഇതുതന്നെയാണ് സ്ഥിതി. വാടക പറയുന്നതും പണം വാങ്ങുന്നതുമെല്ലാം ഏജന്‍റുമാരാണ്. ഇവരുടെ കൈയിൽ പെട്ടുപോകുന്ന ഇതര സംസ്ഥാന സന്ദർശകരടക്കം മൂന്നാറിലെ അമിത ചെലവിനെ പഴിച്ചാണ് മടങ്ങുന്നത്. മറ്റ് മേഖലകളിലും ഇത്തരം ഇടനിലക്കാരുടെ ഇടപെടൽ വ്യാപകമാണ്. സഞ്ചാരികളുടെ സൗകര്യത്തിനായി ഒരു ഇൻഫർമേഷൻ കേന്ദ്രം തുറക്കുകയാണ് ഇതിന് പരിഹാരം. മൂന്നാറിലും പരിസരങ്ങളിലും ഹോട്ടലുകളുടെ നിരക്കും ഒഴിവുള്ള മുറികളുടെ എണ്ണവും ഉടമകളിൽനിന്ന് നേരിട്ട് ഉപഭോക്താക്കളെ അറിയിക്കാൻ ഈ കേന്ദ്രം വഴി സാധിക്കും. മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും അവിടേക്കുള്ള ദൂരവും അംഗീകൃത ടാക്സി നിരക്കും അറിയിക്കാൻ കഴിയുന്നതും ചൂഷണം ഒഴിവാക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story