Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 5:31 AM IST Updated On
date_range 29 Oct 2021 5:31 AM ISTകെ.എസ്.ആർ.ടി.സി ബസില്ല; വിദ്യാർഥികൾ വലയുന്നു
text_fieldsbookmark_border
പീരുമേട്: കോളജുകളിൽ അധ്യയനം സാധാരണ നിലയിൽ ആരംഭിച്ചെങ്കിലും കെ.കെ റോഡിൽ ബസില്ലാത്തത് വിദ്യാർഥികളെ വലക്കുന്നു. കോട്ടയം-കുമളി ദേശസാത്കൃത റൂട്ടായതിനാൽ കെ.എസ്.ആർ.ടി.സിയുടെ കുത്തകയാണ്. കെ.കെ റോഡിൽ 15 മിനിറ്റ് ഇടവിട്ട് ഓർഡിനറി സർവിസ് ഉണ്ടായിരുന്നത് നിലച്ചു. പകരം അരമണിക്കൂർ ഇടവിട്ട് ഫാസ്റ്റ് പാസഞ്ചർ സർവിസുകൾ രണ്ടാം ലോക്ഡൗണിനുശേഷം ആരംഭിച്ചു. സ്കൂൾ സമയം രാവിലെയും വൈകീട്ടും ഓർഡിനറി ബസുകൾ ഇല്ലാത്തതിനാൽ വിദ്യാർഥികൾ ഫാസ്റ്റുകളിൽ യാത്ര ചെയ്യുകയാണ്. കുമളി ഡിപ്പോയിൽനിന്ന് വിദ്യാർഥികൾക്ക് 850 കൺെസഷൻ കാർഡുകളാണ് വിതരണം ചെയ്തിരുന്നത്. ഈ വർഷം 120 എണ്ണം വിതരണം ചെയ്തു. എന്നാൽ, ഓർഡിനറി ബസുകൾ ഓടുന്നില്ല. കുമളിയിൽനിന്ന് രാവിലെ 5.30 ചങ്ങനാശ്ശേരി റൂട്ടിൽ ഒരു ഓർഡിനറിക്ക് ശേഷം അടുത്തത് 8.20ന് കോട്ടയം, പിന്നീട് 11ന് ചങ്ങനാശ്ശേരി ബസ്. രാവിലെ കോട്ടയത്തിനുള്ള 7.10, 7.30, 8.00 മണി ബസുകളും 9.10 ചങ്ങനാശ്ശേരിയും ഓടുന്നില്ല. 8.20ൻെറ ഏക ബസാണ് വിദ്യാർഥികൾക്ക് ആശ്രയം. മുണ്ടക്കയത്തുനിന്ന് കുമളിക്ക് 6.50ന് ഓർഡിനറി പുറപ്പെട്ടതിനുശേഷം അടുത്തത് 8.45ന് ചങ്ങനാശ്ശേരിയിൽനിന്നുള്ള കുമളി ബസ്. അടുത്ത ഓർഡിനറി സർവിസ് 9.30ന്. പിന്നീടുള്ളത് 10.20നും. മുണ്ടക്കയം സ്റ്റാൻഡിൽ എത്തി കുമളിക്ക് ഏഴിന് ശേഷം 10വരെ പുറപ്പെട്ടിരുന്ന അഞ്ച് ഓർഡിനറി ബസുകൾ ഓടുന്നില്ല. -------- ബസുകൾ നാടുകടത്തി സ്കൂൾ സമയങ്ങളിൽ ഓടുന്ന നാമമാത്രമായ സ്വകാര്യ ബസുകളാണ് വിദ്യാർഥികൾക്ക് ആശ്രയം. മുൻകൂർ പണം നൽകി കാർഡ് വാങ്ങിയ കുട്ടികളും സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുകയാണ്. കുമളി ഡിപ്പോയിൽ 53 ഷെഡ്യൂളുകളുണ്ട്. എന്നാൽ, 23 ബസുകൾ മറ്റ് ഡിപ്പോകൾക്ക് നൽകിയതിനാൽ സർവിസ് നടത്താൻ ബസില്ല. കെ.കെ റോഡിൽ ചങ്ങനാശ്ശേരിക്കും കോട്ടയത്തിനുമുള്ള ഓരോ സർവിസുകൾ മാത്രമാണ് നടത്തുന്നത്. ഏലപ്പാറ-കുമളി റൂട്ടിൽ സർവിസ് നടത്തിയിരുന്ന രണ്ട് ജനുറം ബസുകൾ തിരുവനന്തപുരത്തിന് കൊണ്ടുപോയി. ദേശീയ പാതയിലെ ഓർഡിനറി സർവിസുകൾ മുടങ്ങിയതോടെ യാത്രക്കാരും ദുരിതത്തിലായി. ഡിപ്പോയിൽനിന്ന് എല്ലാ ബുധനാഴ്ചകളിലും വിദ്യാർഥികൾക്ക് കാർഡ് വിതരണം ചെയ്യുന്നുണ്ട്. കാർഡ് വിതരണം തുടരുമ്പോഴും കൂടുതൽ ബസുകൾ ഓടിക്കാൻ സാധിക്കുന്നില്ല. കൂടുതൽ ബസുകൾ സർവിസ് ആരംഭിക്കാൻ ശ്രമം ആരംഭിച്ചതായി കുമളി എ.ടി.ഒ അജിത് 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story