Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2021 5:29 AM IST Updated On
date_range 1 July 2021 5:29 AM ISTകൈവശഭൂമിക്ക് പട്ടയം: അട്ടിമറിക്കാൻ ശ്രമം- ഐക്യ മലഅരയ മഹാസഭ
text_fieldsbookmark_border
തൊടുപുഴ: പട്ടികജാതി പട്ടികവർഗ ജനവിഭാഗത്തിൻെറയും മലയോര കർഷകരുടെയും കൈവശഭൂമിക്ക് പട്ടയം നൽകാൻ ഇടതു സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അട്ടിമറിക്കാൻ ചില കേന്ദ്രങ്ങളിൽനിന്ന് ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഐക്യ മലഅരയ മഹാസഭ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2020ലെ ഉത്തരവുപ്രകാരം കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ റവന്യൂ രേഖകളിൽ തരിശുപുരയിടം പുറമ്പോക്ക് എന്നിങ്ങനെ രേഖപ്പെടുത്തിയതും വനം വകുപ്പിൻെറ ജണ്ടക്ക് പുറത്തുള്ളതുമായ മലയോര കർഷകരുടെയും പട്ടികജാതി പട്ടികവർഗ ജനതയുടെയും കൈവശഭൂമിക്ക് പട്ടയം എന്ന പതിറ്റാണ്ട് കാലത്തെ സ്വപ്നമാണ് സഫലമായത്. ഇതിൻ പ്രകാരം ഇടുക്കി ജില്ലയുടെ പല പഞ്ചായത്തിലും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പട്ടയം വിതരണം ചെയ്തു. തുടർനടപടിയുമായി ജില്ല ഭരണകൂടം മുന്നോട്ട് പോകുമ്പോഴാണ് സ്വാർഥതാൽപര്യക്കാർ കർഷകവിരുദ്ധ നിലപാട് സ്വീകരിച്ച് വ്യാജ പ്രചാരണവുമായി രംഗത്തെത്തിയത്. ഹൈറേഞ്ചിലെ നിബിഡവനങ്ങളിലടക്കം അനധികൃത കുടിയേറ്റങ്ങൾ നടന്നപ്പോൾ കാണാതിരുന്നവരാണ് ആദിവാസി മലയോര കർഷക മേഖലകളിൽ പട്ടയം നൽകുന്നതിനെ തകർക്കാൻ ശ്രമിക്കുന്നത്. പട്ടയം വ്യാജമെന്ന് പറഞ്ഞ് ഇത്തരക്കാർ കർഷകരുടെ ഇടയിൽ ഭീതി സൃഷ്ടിക്കുകയാണ്. മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ താൽപര്യങ്ങൾ അട്ടിമറിക്കുന്ന വ്യാജപ്രചാരകർക്കെതിരെ പ്രതിരോധനടപടിയുമായി മുന്നോട്ട് പോകാനാണ് ഐക്യ മലഅരയ മഹാസഭയുടെ തീരുമാനം. സഭയും പട്ടയവകാശ സമരസമിതിയും സംസ്ഥാന സർക്കാറിന് പിന്തുണയും ഉദ്യോഗസ്ഥർക്ക് സംരക്ഷണവും നൽകുമെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഐക്യ മലഅരയ മഹാസഭ സംസ്ഥാന പ്രസിഡൻറ് സി.ആർ. ദിലീപ് കുമാർ, ഇ.കെ. രാജപ്പൻ, സിന്ധു പുഷ്പരാജൻ, സി.ആർ. രാജീവ്, എൻ.ടി. ഗോപൻ തുടങ്ങിയവർ പങ്കെടുത്തു. --------------------- ഉത്തരവ് കത്തിച്ച് കെ.എസ്.യു പ്രതിഷേധം തൊടുപുഴ: 2020-21 അക്കാദമിക വർഷത്തെ പൊതുപരീക്ഷകളിൽ കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കെ.എസ്.യു തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ഉത്തരവ് കത്തിച്ചു. പ്രസിഡൻറ് അസ്ലം ഓലിക്കൻ അധ്യക്ഷത വഹിച്ച യോഗം ജില്ല സെക്രട്ടറി ജോസുകുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ അജയ് പുത്തൻപുരക്കൻ, ജെറാൾഡ് ജോർജ്, ഇമ്മാനുവൽ സോജൻ, ഫ്രാൻസിസ് മുളക്കൻ, ജിനു ജയിംസ്, യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡൻറ് ലെനിൻ രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. TDL102 KSU കെ.എസ്.യു തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story