Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 5:32 AM IST Updated On
date_range 13 Jan 2021 5:32 AM ISTപക്ഷിപ്പനി: ചെക്പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന ശക്തമാക്കി
text_fieldsbookmark_border
നെടുങ്കണ്ടം: ജില്ലയിലെ അതിർത്തി ചെക്പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന ശക്തമാക്കി. കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. കമ്പംമേട്, ബോഡിമെട്ട്, കുമളി ചെക്ക് പോസ്റ്റുകളിലാണ് മൃഗസംരക്ഷണ വകുപ്പിൻെറ മുഴുവൻ സമയ പരിശോധന ആരംഭിച്ചത്. ജില്ലയിൽ കമ്പംമേട്, ബോഡിമെട്ട്, കുമളി എന്നിവിടങ്ങളിൽ മാത്രമാണ് വെറ്ററിനറി ചെക്ക് പോസ്റ്റുകൾ ഉള്ളത്. തമിഴ്നാട്ടിൽനിന്ന് ജില്ലയിലേക്ക് േബ്രായിലർ കോഴികളെ എത്തിക്കുന്ന പ്രധാന മാർഗമാണ് കമ്പംമേട് ചെക്ക് പോസ്റ്റ്. ദിനംപ്രതി അയ്യായിരത്തോളം കിലോ േബ്രായിലർ കോഴിയാണ് കമ്പംമേട് ചെക്ക്പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് എത്തുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വൻ സന്നാഹമാണ് മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റിൽ ഒരുക്കിയിട്ടുള്ളത്. കോഴികളുമായി വരുന്ന വാഹനങ്ങൾ കർശന നിരീക്ഷണത്തിലാണ് കടത്തിവിടുന്നത്. അവശതയുള്ളതോ ചത്തതോ ആയ കോഴികളെ കണ്ടെത്തിയാൽ വാഹനങ്ങൾ തമിഴ്നാട്ടിലേക്ക് തന്നെ മടക്കി അയക്കും. പരിശോധന ശക്തമാക്കിയതോടെ അതിർത്തി പ്രദേശങ്ങളിൽ കോഴിയുടെ വിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ചെക്ക് പോസ്റ്റുകളിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, അറ്റൻഡർ, ഫീൽഡ് ഓഫിസർ എന്നിവരടങ്ങിയ സംഘങ്ങളാണ് പരിശോധനകൾ നടത്തുന്നത്. വീട് കാട്ടാനക്കൂട്ടം തകർത്തു മൂന്നാർ: ഗുണ്ടുമല ആർ.എൻ.ഡിയിൽ എസ്റ്റേറ്റ് സ്റ്റാഫിൻെറ വീട് കാട്ടാനക്കൂട്ടം തകർത്തു. തിങ്കളാഴ്ച പുലർച്ചയാണ് സ്റ്റാഫ് ജയകനിയുടെ വീടിൻെറ ഒരു ഭാഗം കാട്ടാന തകർത്തത്. രണ്ട് മണിയോടെയെത്തിയ കാട്ടാന ഒന്നര മണിക്കൂർ വീടിന് സമീപത്ത് നിലയുറപ്പിച്ചു. മകളും ഭർത്താവുമടക്കം തൊട്ടടുത്ത മുറിയിൽ ശ്വാസമടക്കി പിടിച്ചാണ് ഒന്നര മണിക്കൂർ കഴിഞ്ഞത്. കഴിഞ്ഞ ദിവസം കുറ്റിയർവാലിയിൽ എത്തിയ ചുള്ളിക്കൊമ്പൻ രണ്ട് മണിക്കൂറാണ് റോഡിൽ നിലയുറപ്പിച്ചത്. കൂട്ടമായെത്തിയ മറ്റൊന്ന് ഗൂഡാർവിള എസ്റ്റേറ്റിലെ അടുക്കള തോട്ടങ്ങൾ നശിപ്പിച്ചു. സർക്കാർ ഭൂമി കൈയേറി നിർമാണം നടത്തിവന്ന വീട് പൊളിച്ചുനീക്കി മൂന്നാർ: സർക്കാർ ഭൂമി കൈയേറി നിർമാണം നടത്തിവന്ന വീട് റവന്യൂ സംഘം പൊളിച്ചുനീക്കി. ഇക്കാ നഗറിൽ പൊതുമരാമത്ത് വകുപ്പിൻെറ ഭൂമി കൈയേറി നടത്തിവന്ന നിർമാണമാണ് പൊളിച്ചുനീക്കിയത്. ഇക്കാ നഗർ സ്വദേശിയായ എം. രാജ എന്നയാളാണ് ഭൂമി കൈയേറി നിർമാണം നടത്തിവന്നത്. ടൗണിൽ നല്ലതണ്ണി കവലയിൽ നടത്തിവന്ന അനധികൃത കെട്ടിട നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. റോഡ്, തോട് എന്നിവയുടെ പുറമ്പോക്കിൽ നിർമിച്ച ലോഡ്ജിൻെറ പ്രവർത്തനവും പഞ്ചായത്ത് അധികൃതർ താൽക്കാലികമായി നിർത്തിവെപ്പിച്ചു. സ്പെഷൽ റവന്യൂ ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ ജോൺസൺ, പഞ്ചായത്ത് സെക്രട്ടറി വി.ആർ. അജിത്കുമാർ, മൂന്നാർ വില്ലേജ് ഓഫിസർ എം.എം. സിദ്ദീഖ്, ഭൂസംരക്ഷണ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികളെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story