Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2021 5:35 AM IST Updated On
date_range 12 Jan 2021 5:35 AM ISTമുത്തമ്മാൾ കോളനിയിൽ കാട്ടാനശല്യം; ജോലിക്ക് പോകാനാകാതെ തൊഴിലാളികൾ
text_fieldsbookmark_border
നെടുങ്കണ്ടം: ചിന്നക്കനാൽ മുത്തമ്മാൾ കോളനിയിൽ കാട്ടാനശല്യം രൂക്ഷമായതോടെ ഏലത്തോട്ടങ്ങളിൽ ജോലിക്കുപോകാൻ തൊഴിലാളികൾ ഭയക്കുന്നു. കോളനിയിൽ എത്തിയ കാട്ടാനക്കൂട്ടം ഏക്കർ കണക്കിന് ഏലം കൃഷി നശിപ്പിച്ചു. തോട്ടം തൊഴിലാളി സ്ത്രീ കാട്ടാനയുടെ കാൽചുവട്ടിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തോട്ടം തൊഴിലാളിയായ മല്ലികയും ഭർത്താവ് നിരൈപാണ്ടിയുമാണ് കാട്ടാന അക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. മൂന്നാറിലേക്ക് പോകുകയായിരുന്ന ഇരുവരെയും റോഡരികിലെ കാട്ടിൽനിന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടയിൽ മല്ലിക നിലത്ത് വീണു. ആന തുമ്പിക്കൈക്ക് അടിക്കാൻ ശ്രമിക്കുന്നതിനിടയിൽ സമീപത്തെ ഫെൻസിങ് വേലിക്കുള്ളിൽ കയറി രക്ഷപ്പെട്ടു. ഏക്കർ കണക്കിന് ഏലം കൃഷിയാണ് പൂർണമായും നശിപ്പിച്ചത്. കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചത് മുതൽ വനപാലകരെ വിവരമറിയിച്ചിട്ടും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്. കുട്ടികളെയടക്കം പുറത്തിറക്കാതെ വലിയ ഭീതിയോടെയാണ് തൊഴിലാളി കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നത്. ഏലത്തോട്ടങ്ങളിൽ ജോലിക്കുപോകാൻ പോലും തൊഴിലാളികൾ ഭയക്കുകയാണ്. കടം വാങ്ങിയും ബാങ്ക് വായ്പയെടുത്ത് നടത്തിയ കൃഷി കാട്ടാന നശിപ്പിച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് മേഖലയിലെ കർഷകർ. മാസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പ് അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story