Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2021 5:28 AM IST Updated On
date_range 1 Jan 2021 5:28 AM ISTവിദ്യാലയങ്ങള്‍ ഇന്ന് തുറക്കും; എല്ലാ സ്കൂളിലും കോവിഡ് സെല്‍
text_fieldsbookmark_border
* പത്താംക്ലാസ്, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ മാത്രമാണ് സ്‌കൂളുകളിലെത്തുക തൊടുപുഴ: കോവിഡ് ഉയര്‍ത്തിയ വെല്ലുവിളിയെത്തുടർന്ന് ഏഴു മാസമായി അടഞ്ഞുകിടന്ന വിദ്യാലയങ്ങള്‍ വെള്ളിയാഴ്ച തുറക്കും. പത്താം ക്ലാസ്, ഹയര്‍സെക്കൻഡറി വിദ്യാര്‍ഥികൾ മാത്രമാണ് സ്‌കൂളുകളിലെത്തുക. കോവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിൽ പരീക്ഷണാര്‍ഥമാണ് പുതുവത്സരദിനത്തില്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മാര്‍ച്ച് 17 മുതല്‍ പരീക്ഷകള്‍ ആരംഭിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അതുമായി ബന്ധപ്പെട്ട ക്ലാസുകളും മറ്റുമായിരിക്കും തുടര്‍ന്ന് നല്‍കുക. ഇതുവരെ നടന്ന ഓൺലൈൻ ക്ലാസുകളുടെ സംശയ ദൂരീകരണവും കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളുക എന്നിവയാണ് ക്ലാസുകളിലൂടെ ഉദ്ദേശിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ പഠന ക്ലാസുകള്‍ ആരംഭിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗരേഖയും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ എല്ലാ വിദ്യാലയങ്ങളിലും സ്‌കൂള്‍ കോവിഡ് സെല്‍ രൂപവത്കരിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണം, ആരോഗ്യവകുപ്പ്, പൊലീസ്, അഗ്നിരക്ഷാ സേന, വിദ്യാഭ്യാസ വകുപ്പ്, സ്‌കൂള്‍ മാനേജ്‌മൻെറ് പ്രതിനിധികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരടങ്ങിയ സമിതിയാണ് രൂപവത്കരിച്ചത്. ഈ സമിതിയുടെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തനം ഏകോപിക്കുക. എല്ലാ അധ്യാപകരും വെള്ളിയാഴ്ച മുതല്‍ സ്‌കൂളില്‍ ഹാജരാകണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ ബാച്ചുകളായി തിരിച്ചാവും സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുക. 300ല്‍ താഴെ വിദ്യാര്‍ഥികളുണ്ടെങ്കില്‍ 50 ശതമാനവും അതിനു മുകളില്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ 25 ശതമാനം വീതമായിരിക്കും പ്രവേശനം. രണ്ടാഴ്ചത്തേക്ക് കുട്ടികളുടെ സംശയനിവാരണത്തിനായിരിക്കും പ്രാധാന്യം നല്‍കുന്നത്. മാസ്‌ക് ധരിച്ച് സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ഥികള്‍ പരസ്പരം സംസാരിക്കരുതെന്നും കൂട്ടംകൂടരുതെന്നും നിര്‍ദേശമുണ്ട്. ഇടവേളകള്‍ വിവിധ സമയങ്ങളിലായി ക്രമപ്പെടുത്തും. തെര്‍മല്‍ സ്‌കാനര്‍ പരിശോധനക്ക് ശേഷമായിരിക്കും പ്രവേശനം. സാനിറ്റൈസറും കൈകഴുകുന്നതിനുള്ള സൗകര്യവും സ്‌കൂളുകളില്‍ കരുതിയിട്ടുണ്ട്. ഇേതാടൊപ്പം സ്‌കൂളും പരിസരവും അണുമുക്തമാക്കുകയും ചെയ്തു. തൊടുപുഴ മേഖലയിലെ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കം പൂർത്തിയാക്കിയതായി തൊടുപുഴ ഡി.ഇ.ഒ എസ്. രാജേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story