Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2020 1:40 AM IST Updated On
date_range 9 July 2020 1:40 AM ISTവിധവ പുനർവിവാഹം കഴിച്ചാലും നഷ്ടപരിഹാരത്തിന് അർഹത ഇല്ലാതാകില്ല -ഹൈകോടതി
text_fieldsbookmark_border
കൊച്ചി: വാഹനാപകടത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീ പുനർവിവാഹം കഴിച്ചാലും നഷ്ടപരിഹാരത്തിനുള്ള അർഹത ഇല്ലാതാകില്ലെന്ന് ഹൈകോടതി. ഭർത്താവ് മരണപ്പെട്ട് മൂന്നു വർഷത്തിനുശേഷം യുവതി പുനർവിവാഹം ചെയ്തതിനാൽ നഷ്ടപരിഹാരത്തിനുള്ള അർഹത കുറയുമെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളിയാണ് ജസ്റ്റിസ് എൻ. നഗരേഷിൻെറ ഉത്തരവ്. 2002 ജനുവരിയിൽ എറണാകുളം-പാലാരിവട്ടം റോഡിൽ കാറിടിച്ച് മരിച്ച ബൈക്ക് യാത്രക്കാരൻ മൂവാറ്റുപുഴ സ്വദേശി അനിൽ എബ്രഹാമിൻെറ ഭാര്യയും മാതാപിതാക്കളും സമർപ്പിച്ച അപ്പീലാണ് കോടതി പരിഗണിച്ചത്. ട്രൈബ്യൂണൽ അനുവദിച്ച തുക കുറഞ്ഞുപോയെന്നും കൂട്ടിക്കിട്ടണമെന്നുമാവശ്യപ്പെട്ടായിരുന്നു അപ്പീൽ. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനകമാണ് ഭർത്താവിന് ദാരുണ മരണമുണ്ടായത്. 21 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന യുവതി മൂന്നുവർഷം കഴിഞ്ഞ് 2005ൽ പുനർവിവാഹം നടത്തി. എന്നാൽ, നഷ്ടപരിഹാര കേസ് നിലനിൽക്കെ യുവതി പുനർവിവാഹിതയായത് ചൂണ്ടിക്കാട്ടിയാണ് യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് നഷ്ടപരിഹാരത്തിന് അർഹത കുറഞ്ഞതായി ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഭർത്താവിനെ നഷ്ടപ്പെട്ട യുവതി ശേഷിക്കുന്ന കാലം മുഴുവൻ വൈധവ്യം അനുഭവിച്ച് കണ്ണീരുമായി കഴിയണമെന്ന് സമൂഹം ആഗ്രഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവിതശൈലിയിലും സാമൂഹിക-സാമ്പത്തിക രീതികളിലും കാലം ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇൗ മാറ്റം നിയമപരമായ ചിന്താഗതിയിലും ഉണ്ടാകണം. പുനർവിവാഹത്തോടെ സ്ത്രീ മുൻഭർത്താവിൻെറ വീട്ടുകാരുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് കരുതാനാവില്ല. ഭർത്താവിൻെറ മരണംമൂലം സ്ത്രീ അനുഭവിക്കുന്ന മാനസികാഘാതവും നിരാശ്രയത്വവും ജോലി നേടി സ്വയംപര്യാപ്തയാകുന്നതിലൂടെയോ പുനർവിവാഹിതയാകുന്നതിലൂടെയോ ഇല്ലാതാകില്ല. ഭാര്യക്ക് 25ഉം മാതാപിതാക്കൾക്ക് 75ഉം ശതമാനം വീതം ആകെ 7,64,500 രൂപയാണ് ട്രൈബ്യൂണൽ അനുവദിച്ചത്. മരിച്ചയാളുടെ വരുമാനം ഉൾപ്പെടെ വിവിധ ഇനങ്ങളിൽ കണക്കാക്കിയ നഷ്ടപരിഹാരം കുറഞ്ഞുപോയെന്നും 23.2 ലക്ഷം രൂപക്ക് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. ബാക്കി തുക ഇൻഷുറൻസ് കമ്പനി ഒരുമാസത്തിനകം പലിശ സഹിതം നൽകാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story