Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:05 AM IST Updated On
date_range 20 Aug 2022 12:05 AM ISTഈറ്റ ശേഖരണം നിലച്ചു; തൊഴിലാളികള്‍ ദുരിതത്തിൽ
text_fieldsbookmark_border
വനംവകുപ്പും ബാംബൂ കോർപറേഷനും ഒത്തുകളിക്കുന്നുവെന്ന് ആക്ഷേപം അടിമാലി: ഈറ്റ ശേഖരണം ഇല്ലാതായതോടെ ഈറ്റവെട്ട് തൊഴിലാളികൾ ദുരിതത്തില്‍. വനംവകുപ്പും ബാംബൂ കോർപറേഷനും തമ്മിലെ ഒത്തുകളിയാണ് പ്രതിസന്ധിക്ക് പിന്നിലെന്ന് തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ തവണ സർക്കാർ അനുമതി നല്‍കിയതിന്റെ 20 ശതമാനം ഈറ്റ മാത്രമാണ് കോര്‍പറേഷൻ ശേഖരിച്ചത്. ഇതിന്റെ ബാക്കി ശേഖരിക്കാൻപോലും നടപടിയില്ല. കോവിഡ് പ്രതിസന്ധി മാറിയിട്ടും ഈറ്റ ശേഖരിക്കാൻ കോർപറേഷൻ മുന്നോട്ട് വരുന്നില്ല. പാസിന്റെ കാലാവധി പുതുക്കാതെ ഈറ്റ ശേഖരണം അനുവദിക്കില്ലെന്നാണ് വനംവകുപ്പിന്റെ നിലപാട്. നേരത്തേ ബാംബൂ കോര്‍പറേഷന് പുറമെ എച്ച്.എൻ.എൽ (ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്) കമ്പനിയും ഈറ്റ ശേഖരിച്ചിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുകയും കടലാസ് നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതിയിലൂടെ കുറഞ്ഞ നിരക്കിൽ ലഭിക്കുകയും ചെയ്തതോടെ എച്ച്.എൻ.എൽ ഈറ്റ ശേഖരണത്തിൽനിന്ന് പിൻവാങ്ങി. ഇതിന് ശേഷം ബാംബൂ കോർപറേഷൻ നെയ്ത്താവശ്യത്തിനായാണ് ഈറ്റ ശേഖരിച്ചിരുന്നത്. ഇതാണ് പൂർണമായി നിലച്ചത്. നേര്യമംഗലം, അടിമാലി, പൂയംകുട്ടി, ആനക്കുളം റേഞ്ചുകളിലാണ് ഈറ്റ ശേഖരണം പ്രധാനമായും നടന്നിരുന്നത്. ആദിവാസികളടക്കമുള്ളവരാണ് ഈറ്റ ശേഖരണത്തിലൂടെ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. ബാംബൂ കോർപറേഷന്റെ ഈറ്റ ശേഖരണം വൈകുന്നത് മലയോര മേഖലയിലെ പരമ്പരാഗത ഈറ്റവെട്ട് തൊഴിലാളികളെ ഉൾപ്പെടെ പട്ടിണിയിലാക്കി. ഈ മേഖലയിൽ ഭീമമായ ജി.എസ്.ടി ഏർപ്പെടുത്തിയതും പ്രതിസന്ധിക്ക് കാരണമാണ്. ആവശ്യമായ ഈറ്റ ലഭിക്കാത്തതിനാൽ ഇടുക്കി, എറണാകുളം ജില്ലകളിലെ ഭൂരിഭാഗം നെയ്ത്ത് തൊഴിലാളികളും പ്രതിസന്ധിയിലാണ്. ഇപ്പോൾ പേരിന് മാത്രമാണ് പലരും ഈ രംഗത്ത് തുടരുന്നത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് അടിമാലി പഞ്ചായത്തിലെ ചാറ്റുപാറ, മച്ചിപ്ലാവ് മേഖലയിൽ പ്രവർത്തിക്കുന്ന തമിഴ്വംശജർ മാത്രമാണ് ഈ മേഖലയിൽ ഇപ്പോൾ ശേഷിക്കുന്നത്. ബാംബൂ കോർപറേഷൻ ജില്ലയിലെ പരമ്പരാഗത നെയ്ത്ത് തൊഴിലാളികൾക്ക് ഈറ്റ ലഭ്യമാക്കിയിരുന്നതും ഇല്ലാതായി. നേര്യമംഗലം, കമ്പിലൈൻ, വാളറ, പടിക്കപ്പ് കുടി, കുറത്തിക്കുടി, അഞ്ചാംമൈൽ, പഴമ്പിള്ളിച്ചാൽ, എളംബ്ലാശ്ശേരി, ആനക്കുളം, താളുംങ്കണ്ടം, സേവരുകുടി മേഖലകളിലുള്ളവരാണ് ഈ മേഖലയിലെ തൊഴിലാളികൾ. പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം ജോൺസി ഐസക് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
