Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:28 AM IST Updated On
date_range 10 Jun 2022 5:28 AM ISTപഴയ ബസ്സ്റ്റാൻഡിലെ പാർക്കിങ്; കട്ടപ്പന നഗരസഭ കൗൺസിലിൽ ബഹളം
text_fieldsbookmark_border
കട്ടപ്പന: നഗരസഭ ഉടമസ്ഥതയിലുള്ള പഴയ ബസ്സ്റ്റാൻഡ് പാർക്കിങ്ങിനായി ലേലം ചെയ്ത് നൽകിയതുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും ബഹളവും. നഗരസഭ കീഴിലുള്ള സ്ഥലം വെറുതെയിട്ടാൽ ഓഡിറ്റ് സമയത്ത് വിശദീകരണം നൽകണമെന്ന് ചൂണ്ടിക്കാട്ടി പ്രസാദ് പുത്തൻപുരക്കൽ എന്നയാൾക്ക് പാർക്കിങ്ങിനായി ലേലം ചെയ്തു നൽകിയിരുന്നു. എന്നാൽ, വ്യാപാരികൾ എതിർപ്പുമായി രംഗത്തെത്തിയതോടെ തുടർനടപടികൾ നിർത്തിയിരിക്കുകയാണ്. വ്യാപാരികളുടെ ആശങ്ക പരിഹരിച്ച് പാർക്കിങ് സംവിധാനം നടപ്പാക്കുമെന്ന് പറഞ്ഞ് നഗരസഭ അധികൃതർ പാർക്കിങ്ങിനുള്ള സ്ഥലം വേലി കെട്ടിത്തിരിച്ചു. എന്നാൽ, സി.പി.എം പ്രവർത്തകരും വ്യാപാരികളും ചേർന്ന് വേലിയിളക്കി മാറ്റി. തുടർന്ന് നഗരസഭ നിയമ നടപടികളുമായി മുന്നോട്ട് പോകുകയും പാർക്കിങ് ഫീസ് പിരിക്കുന്നതിൽ അനുകൂല കോടതിവിധി നേടിയെടുക്കുകയും ചെയ്തു. എന്നാൽ, പാർക്കിങ് ഫീസ് പിരിക്കാൻ നഗരസഭ സൗകര്യം ചെയ്യാത്തതിനാൽ അടച്ച തുക തിരികെ ലഭിക്കണമെന്ന് ലേലം വിളിച്ചയാൾ ആവശ്യപ്പെട്ടു. ഈ വിഷയം ചർച്ചക്ക് എടുത്തപ്പോഴായിരുന്നു ബഹളവും വാക്കേറ്റവും. പഴയ സ്റ്റാൻഡ് ലേലം ചെയ്താൽ വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് പ്രതിപക്ഷം വാദിച്ചു. എന്നാൽ, വ്യാപാരികളുമായി ചർച്ച നടത്തിയതാണെന്നും രണ്ട് വ്യാപാരികൾ മാത്രമാണ് പ്രശ്‌നം വഷളാക്കുന്നതെന്നും ഭരണപക്ഷവും ചൂണ്ടിക്കാട്ടി. തുടർന്ന് ബഹളം രൂക്ഷമായി. പണം തിരികെ നൽകേണ്ടെന്നും കോടതി ഉത്തരവ് നടപ്പാക്കാനും കൗൺസിൽ തീരുമാനിച്ചു. ജനവാസ മേഖലയിൽനിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള വനം വകുപ്പിന്റെ ശ്രമം ചെറുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അംഗം പ്രശാന്ത് രാജു പ്രമേയം അവതരിപ്പിച്ചു. കോവിഡ് കാലത്തെ വാടക ഇളവ് നൽകണം എന്നാവശ്യപ്പെട്ട് നഗരസഭയുടെ കീഴിലുള്ള ചില സ്ഥാപനങ്ങൾ അപേക്ഷ നൽകിയിരുന്നു. ഇതിൽ തീർപ്പുകൽപിക്കാൻ സ്റ്റിയറിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ചെയർപേഴ്സൻ ബീന ജോബി അധ്യക്ഷ വഹിച്ചു. ഫോട്ടോ. കട്ടപ്പന പഴയ ബസ്സ്റ്റാൻഡിലെ പാർക്കിങ്ങുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിലിൽ നടന്ന ബഹളം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
