Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:36 AM IST Updated On
date_range 30 May 2022 5:36 AM ISTസഞ്ചാരികളാൽ നിറഞ്ഞ് തേക്കടി: ബോട്ട് ടിക്കറ്റ് കിട്ടാത്തതിൽ രോഷം
text_fieldsbookmark_border
കുമളി: വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തേക്കടിയിൽ വിനോദസഞ്ചാരികളുടെ വൻതിരക്ക്. കുട്ടികളും കുടുംബവുമായി തേക്കടിയിലെത്തി മണിക്കൂറുകൾ കാത്തുനിന്നിട്ടും ബോട്ട് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പലരും നിരാശരായാണ് മടങ്ങിപ്പോയത്. തേക്കടി ആനവാച്ചാലിൽനിന്ന് പ്രവേശഫീസ് നൽകി ബോട്ട്ലാൻഡിങ്ങിലെത്തിയശേഷം ടിക്കറ്റ് ലഭിക്കില്ലെന്നറിഞ്ഞതോടെ സഞ്ചാരികളിൽ പലരും രോഷാകുലരായി ജീവനക്കാരോട് തട്ടിക്കയറി. ബോട്ടുകളിൽ ആകെ 160പേർക്ക് മാത്രമാണ് സവാരി നടത്താൻ കഴിയുക. കെ.ടി.ഡി.സിയുടെ ജലരാജ ബോട്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കി ഓടിത്തുടങ്ങുകയും വനംവകുപ്പ് ഇതേ മാതൃകയിൽ ഒരുബോട്ട് ഇറക്കുകയും ചെയ്താൽ യാത്രസൗകര്യം ഇരട്ടിയാകും. അവധി ദിനങ്ങളിലെ തിരക്കിൽ ആവശ്യമായ മുന്നൊരുക്കം ഇല്ലാത്തത് വിനോദസഞ്ചാരികൾക്ക് പതിവായി ദുരിതം നൽകുന്നു. ആവശ്യത്തിന് സ്ഥലസൗകര്യം ഇല്ലാത്തതും വനപാലകരുടെ അനാസ്ഥയും ഏക ലഘുഭക്ഷണശാലയെയും സഞ്ചാരികൾ വെറുക്കുന്ന നിലയിലാക്കി. തിരക്കേറുന്ന ഘട്ടത്തിൽ ബോട്ട് ടിക്കറ്റ് ഓൺലൈനിൽ നൽകുന്നത് ക്യൂ നിൽക്കുന്നവർക്ക് ടിക്കറ്റ് കിട്ടാതിരിക്കാൻ ഇടയാക്കുന്നുണ്ട്. ട്രാവൽ ഏജന്‍റുമാരിൽ ചിലർ ജീവനക്കാരുമായി ഒത്തുകളിച്ച് ബോട്ട് ടിക്കറ്റ് വലിയതോതിൽ കൈക്കലാക്കുന്നതായും വിവരമുണ്ട്. തേക്കടിയിലെ ബോട്ട് ടിക്കറ്റ് കരിഞ്ചന്ത ഏറെ ഒച്ചപ്പാടുകൾക്ക് ഇടയാക്കിയതാണ്. പിന്നീട് വകുപ്പുകൾ അന്വേഷണം നടത്തി ജീവനക്കാരെ മുമ്പ് സ്ഥലംമാറ്റുകയും കമ്പ്യൂട്ടർവത്കരിക്കുകയും ചെയ്തു. എന്നാൽ, സഞ്ചാരികളുടെ തിരക്കേറുന്ന ഘട്ടത്തിൽ ഗൈഡുമാരിൽ ചിലരുമായി ചേർന്ന് ടിക്കറ്റ് വിൽക്കുന്നതായാണ് വിവരം. തേക്കടിയിൽ വിനോദസഞ്ചാരികൾ വഴി വനം-കെ.ടി.ഡി.സി വകുപ്പുകൾക്ക് ഒരോവർഷവും കോടികളാണ് വരുമാനം. എന്നാൽ, കെട്ടിടങ്ങൾ മോടിപിടിപ്പിക്കുന്നതും നിർമാണവും ഒഴിവാക്കിയാൽ ഇരു വകുപ്പുകളും സഞ്ചാരികൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. cap: തേക്കടിയിൽ ബോട്ടിങ്ങിനെത്തിയ സഞ്ചാരികളുടെ തിരക്ക് Cap: ലഘുഭക്ഷണശാലയുടെ പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്ന വിനോദസഞ്ചാരികൾ ......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
