Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:28 AM IST Updated On
date_range 29 May 2022 5:28 AM ISTതെരുവുകച്ചവടക്കാരുടെ പുനരധിവാസം; പ്രത്യേക മേഖല ഒരുങ്ങുന്നു
text_fieldsbookmark_border
തൊടുപുഴ: നഗരസഭയിലെ തെരുവുകച്ചവടക്കാരുടെ പുനരധിവാസത്തിന് നടപടികളാകുന്നു. തിരക്കേറിയ ജങ്ഷനിലടക്കം കച്ചവടം ഗതാഗത തടസ്സത്തിനടക്കം വഴിവെക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നഗരസഭ നടപടികൾ ഊർജിതമാക്കിയത്. പലതവണ കച്ചവടക്കാരെ ഒഴിപ്പിച്ചെങ്കിലും ദിവസങ്ങൾ കഴിയുന്നതോടെ വീണ്ടും അതേ സ്ഥലത്ത് കച്ചവടം ആരംഭിക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് ഇവരുടെ പുനരധിവാസത്തിനുള്ള നടപടി ആരംഭിക്കുന്നത്. ഇവരെ പ്രത്യേക മേഖല കണ്ടെത്തി അവിടേക്ക് മാറ്റാനാണ് തീരുമാനം. സോൺ നിശ്ചയിച്ച് നൽകാൻ തിങ്കളാഴ്ച ടൗൺ വെൻഡിങ് കമ്മിറ്റി യോഗം ചേരും. നഗരത്തിന്‍റെ വിവിധയിടങ്ങളിലെ സ്ഥലങ്ങൾ കഴിഞ്ഞ വെൻഡിങ് കമ്മിറ്റി യോഗം ചേർന്ന് തീരുമാനിച്ച പ്രകാരം ഉപസമിതി സന്ദർശിച്ചിരുന്നു. തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ സ്ഥലത്തെക്കുറിച്ച് തീരുമാനമെടുത്ത ശേഷം മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ സമർപ്പിക്കും. കൗൺസിലാണ് തീരുമാനമെടുക്കുക. നഗരത്തിലെ ഭൂരിഭാഗം തിരക്കേറിയ ഇടങ്ങളിലും ഒരു മാനദണ്ഡവും പാലിക്കാതെ കച്ചവടങ്ങൾ കൂടിവരുകയാണ്. ഇത് പ്രദേശത്ത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ഗതാഗത പ്രശ്നങ്ങളടക്കം നേരിടുന്ന സ്ഥലത്തെ കച്ചവടക്കാരെ മാറ്റി ഇവർക്ക് സ്ഥലം തീരുമാനിച്ച് നൽകുന്ന കാര്യമാണ് യോഗത്തിൽ ആദ്യം ചർച്ച ചെയ്യുക. മുനിസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് യോഗം. പുതിയ സർവേയിൽ കച്ചവടക്കാരുടെ എണ്ണം 385 നഗര ഉപജീവന മിഷന്‍റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ സർവേയിൽ 385 തെരുവുകച്ചവടക്കാരെയാണ് കണ്ടെത്തിയത്. എന്നാൽ, ഇവരിൽ പലരും ഇപ്പോൾ കച്ചവടം നിർത്തിയിട്ടുമുണ്ട്. യഥാർഥ കച്ചവടക്കാരെ കണ്ടെത്താനുള്ള നടപടികളും പൂർത്തിയായിവരുകയാണ്. 270നടുത്ത് പേർക്കാണ് കാർഡ് നൽകിയിരിക്കുന്നത്. നിയമങ്ങൾ പാലിച്ച് കച്ചവടം നടത്തുന്നവരെ കണ്ടെത്തി അവർക്ക് പുതിയ കാർഡ് നൽകുകയും ബാക്കിയുള്ളവരുടെ പേര് നീക്കംചെയ്യുന്ന കാര്യങ്ങളടക്കം നടപ്പാക്കിവരുകയാണെന്ന് ചെയർമാൻ പറഞ്ഞു. നഗരത്തിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ഷെഡ് കെട്ടിയും മറ്റും തുടരുന്നവരെയും അപകട ഭീഷണിയുള്ള ഭാഗങ്ങളിൽ തുടരുന്നവരെയും മറ്റൊരു സ്ഥലത്ത് പുനരധിവസിപ്പിക്കാനാണ് ലക്ഷ്യം. സോൺ നിശ്ചയിച്ച് നൽകിയാൽ നിലവിലുള്ള സ്ഥലങ്ങളിൽനിന്ന് മാറണം. ഗതാഗതക്കുരുക്കിനു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടൊപ്പം ഫുട്പാത്തുകള്‍ പൂര്‍ണമായും കാല്‍നടക്കാര്‍ക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story