Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:28 AM IST Updated On
date_range 27 May 2022 5:28 AM ISTപട്ടയത്തിന് പണപ്പിരിവ്
text_fieldsbookmark_border
തൊടുപുഴ: പട്ടയ വിതരണത്തിന്‍റെ മറവിൽ ജില്ലയിൽ വ്യാപക പണപ്പിരിവ്. വർഷങ്ങളായി പട്ടയത്തിന് കാത്തിരിക്കുന്ന സാധാരണക്കാരെ ചൂഷണം ചെയ്യാൻ ആസൂത്രിത നീക്കങ്ങളുമായി ഇടനിലക്കാരാണ് രംഗത്തിറങ്ങിയത്. ഇത്തരക്കാരുടെ തട്ടിപ്പിനെതിരെ ജില്ല ഭരണകൂടം തന്നെ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ പലയിടത്തും പട്ടയവിതരണ നടപടികളിൽ ക്രമക്കേടുള്ളതായി ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് ഇടനിലക്കാരുടെ മുതലെടുപ്പ്. പട്ടയ ഓഫിസുകളില്‍നിന്ന് പട്ടയം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇടനിലക്കാര്‍ ജനങ്ങളില്‍നിന്ന് പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ജില്ല ഭരണകൂടം മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ദേവികുളം മുൻ അഡീഷനൽ തഹസിൽദാർ എം.ഐ. രവീന്ദ്രൻ നൽകിയ 500ലധികം പട്ടയങ്ങൾ റദ്ദാക്കി പുതിയ പട്ടയം നൽകാനുള്ള നടപടികൾ റവന്യൂ വകുപ്പിന്‍റെ നിർദേശപ്രകാരം ഇപ്പോൾ ജില്ലയിൽ നടന്നുവരുകയാണ്. രവീന്ദ്രൻ പട്ടയം ലഭിച്ച ദേവികുളം താലൂക്കിലെ വിവിധ വില്ലേജുകളിൽനിന്നുള്ളവരെ വിളിച്ചുവരുത്തിയുള്ള തെളിവെടുപ്പാണ് ഇതിനായി നിയോഗിക്കപ്പെട്ട പ്രത്യേക റവന്യൂ സംഘം ഇപ്പോൾ നടത്തിവരുന്നത്. ഭരണകക്ഷിയുമായി ബന്ധമുള്ള ചില ഇടനിലക്കാർ ഇതും പണപ്പിരിവിന് അവസരമാക്കിയിട്ടുണ്ട്. നടപടിക്രമങ്ങളുടെ നൂലാമാലകളില്ലാതെ ഉടൻ പട്ടയം സംഘടിപ്പിച്ച് തരാമെന്ന വാഗ്ദാനത്തിലാണ് ഇരകളെ വീഴ്ത്തുന്നത്. Box തട്ടിപ്പുകാർക്കെതിരെ കർശന നടപടി -കലക്ടർ പട്ടയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികളുടെ മറവില്‍ പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഷീബ ജോർജ്. ജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് അവരിൽനിന്ന് വന്‍ തുകകള്‍ തട്ടിയെടുക്കുന്നതായി പരാതികളുണ്ട്. പട്ടയത്തിന് അപേക്ഷ നല്‍കിയവർ അതത് പട്ടയ ഓഫിസിലെ തഹസില്‍ദാറുമായി നേരിട്ട് ബന്ധപ്പെട്ട് പട്ടയം സംബന്ധിച്ച നടപടികള്‍ അന്വേഷിക്കണം. പട്ടയ ഓഫിസുകളില്‍നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ മാത്രം സര്‍ക്കാര്‍ നിശ്ചയിച്ച തുക ട്രഷറിയില്‍ അടച്ച് രസീത് ഹാജരാക്കിയാല്‍ മതി. ഇതുമായി ബന്ധപ്പെട്ട് മറ്റ് ഒരു പണമിടപാടുകളും നിലവിലില്ല. സര്‍ക്കാര്‍ ഇടപാടുകളുടെ മറപിടിച്ച് ഇടനിലക്കാര്‍ നടത്തുന്ന തട്ടിപ്പിനെതിരെ ജനം ജാഗ്രത പുലര്‍ത്തണമെന്നും പണപ്പിരിവ് നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ്, റവന്യൂ അധികാരികളുടെ ശ്രദ്ധയിൽപെടുത്തണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story