Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:32 AM IST Updated On
date_range 26 May 2022 5:32 AM ISTമഴക്കാലം നേരിടാൻ പഴുതടച്ച മുന്നൊരുക്കം
text_fieldsbookmark_border
ഇടുക്കി: മഴക്കാലത്തെ അത്യാഹിതങ്ങൾ നേരിടാൻ പഴുതടച്ച മുന്നൊരുക്കവുമായി ജില്ല ഭരണകൂടം. മന്ത്രി റോഷി അഗസ്റ്റിൻെറ സാന്നിധ്യത്തില്‍ ബുധനാഴ്ച ചേർന്ന യോഗം ഒരുക്കം വിലയിരുത്തുകയും ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ നിർദേശം നൽകുകയും ചെയ്തു. കലക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷതവഹിച്ചു. റോഡരികില്‍ അപകടകരമായ നില്‍ക്കുന്ന മരങ്ങള്‍, ശിഖരങ്ങള്‍, കാഴ്ചമറക്കുന്ന സസ്യങ്ങൾ എന്നിവ നീക്കാൻ തദ്ദേശസ്ഥാപനങ്ങളും പൊതുമരാമത്ത് വിഭാഗവും അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി നിർദേശിച്ചു. റോഡുകളുടെ വശങ്ങളിലുള്ള ഓടകള്‍ വൃത്തിയാക്കുകയും അറ്റകുറ്റപ്പണി പൂർത്തിയാക്കുകയും വേണം. ജില്ലയിലെ എല്ലാ സ്‌കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷ ഉറപ്പാക്കും. പരിസരങ്ങള്‍ പൂര്‍ണമായും വൃത്തിയാക്കി ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉറപ്പാക്കാണം. അംഗൻവാടികളുടെയും സ്‌കൂള്‍ ബസുകളുടെയും കാര്യക്ഷമതയും ഉറപ്പുവരുത്തണം. സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ അപകടകരമായ മരങ്ങള്‍, ശിഖരങ്ങള്‍ എന്നിവ മൂലം നാശനഷ്ടം ഉണ്ടായാല്‍ നഷ്ടപരിഹാരം ഭൂഉടമ വഹിക്കണം. ഇവ മുറിച്ചുനീക്കാൻ വില്ലേജ്തല ട്രീ കമ്മിറ്റി നടപടി സ്വീകരിക്കണം. മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ ആവശ്യമായ മരുന്നുകള്‍ ശേഖരിച്ച് സൂക്ഷിക്കണമെന്നും ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നദി തീരങ്ങള്‍, കുളിക്കടവുകള്‍ മണ്ണിടിച്ചില്‍ ഉണ്ടായേക്കാവുന്ന മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ.ഫിലിപ്, ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസാമി, എ.ഡി.എം ഷൈജു പി.ജേക്കബ്, ജില്ല വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മ തുടങ്ങിയവരും പങ്കെടുത്തു. കിടപ്പിലായ വിദ്യാർഥികള്‍ക്കായി സ്‌പേസ് സെന്‍റര്‍ തൊടുപുഴ: സമഗ്രശിക്ഷ കേരള ജില്ലയിലെ കിടപ്പ് രോഗികളായ വിദ്യാർഥികള്‍ക്കായി നിര്‍മിച്ച സ്‌പേസ് (സ്‌പെഷല്‍ പ്ലാറ്റ്‌ഫോം ടു അച്ചീവ് ക്ലാസ് റൂം എക്‌സ്പീരിയന്‍സ് ഫോര്‍ ബെഡ്‌റിഡന്‍ ചില്‍ഡ്രന്‍) സെന്‍ററിൻെറ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. വാഴത്തോപ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഭിന്നശേഷിക്കാരായ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. കിടപ്പിലായ വിദ്യാർഥികള്‍ക്ക് വിദ്യാലയ അനുഭവം നല്‍കുകയാണ് ലക്ഷ്യം. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന സെന്‍ററില്‍ പരിശീലനം ലഭിച്ച അധ്യാപകര്‍, തെറപ്പിസ്‌റ്റ്, ആയ, ഡോക്ടര്‍മാര്‍ തുടങ്ങിയവരുടെ സേവനം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story