Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:28 AM IST Updated On
date_range 13 May 2022 5:28 AM ISTകല്ലാർകുട്ടിക്കാർക്കും വേണം പട്ടയം
text_fieldsbookmark_border
അടിമാലി: കല്ലാർകുട്ടി മേഖലയിലെ കർഷകർ പട്ടയത്തിനായി കാത്തിരിപ്പ് തുടരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് കല്ലാർകുട്ടിയിലെ പട്ടയപ്രശ്നം പഠിച്ച് പരിഹാരം കാണാൻ സർക്കാർ കമീഷനെ നിയോഗിച്ചിരുന്നു. ഇതോടൊപ്പം ജില്ല ഭരണകൂടം സർവേ ഉദ്യോഗസ്ഥരെയും നിയമിച്ചതോടെ ഉടൻ പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കമീഷനും സർവേ ജോലികളും രാഷ്ട്രീയനാടകമായി മാറി. ജില്ലയിലെ അണക്കെട്ടുകളുമായി ബന്ധപ്പെട്ട് കർഷകർക്കു പട്ടയം നിഷേധിക്കുന്നതിന് എതിരെയുള്ള പ്രക്ഷോഭങ്ങൾക്കു തുടക്കംകുറിച്ചതു കല്ലാർകുട്ടിയിലാണ്. അണക്കെട്ട് നിർമിക്കുന്നതിനു മുമ്പ് കുടിയേറിയ കർഷകരാണ് ഇവിടെയുള്ളത്. ഇതോടൊപ്പം 1965ൽ അണക്കെട്ടിന്റെ ജലാശയത്തിനു സമീപമുള്ള ഏതാനും കൃഷിഭൂമിക്കു സർക്കാർ പട്ടയം നൽകിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണു മേഖലയിലെ പട്ടയ പ്രശ്നത്തിനു പരിഹാരം ആവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭത്തിനു തുടക്കം കുറിച്ചത്. മുൻ സർക്കാറുകളുടെ കാലത്ത് ഇരട്ടയാർ ഡാമിന്റെ മഴപ്രദേശം ഉൾപ്പെടുന്ന 10 ചെയിൻ, ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഏഴ് ചെയിൻ ഉൾപ്പെടുന്ന അയ്യപ്പൻകോവിൽ, ഉപ്പുതറ മേഖലകളിലും പട്ടയം നൽകാൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, 3500ഓളം കുടുംബങ്ങൾ പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്ന കല്ലാർകുട്ടിയെ നടപടിയിൽനിന്ന് ഒഴിവാക്കി. ഇടുക്കി, ദേവികുളം താലൂക്കുകളിൽപെടുന്ന വെള്ളത്തൂവൽ, കൊന്നത്തടി പഞ്ചായത്തുകളിൽ ഉൾപ്പെട്ടതാണു കല്ലാർകുട്ടി 10 ചെയിൻ പ്രദേശം. എണ്ണായിരത്തോളം ജനങ്ങളുടെ ദുരിതപൂർണമായ ജീവിതം ഇവിടത്തെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും കണ്ടില്ലെന്നു നടിക്കുന്നതു പ്രതിഷേധത്തിന് ഇടയാക്കുന്നു. കാർഷിക മേഖലയുടെ തകർച്ചയും കോവിഡ് പ്രതിസന്ധിയും നേരിടുന്ന കാലയളവിൽ സർക്കാർ നൽകുന്ന സഹായങ്ങൾ, കാർഷിക വായ്പകൾ എന്നിവ പട്ടയം ഇല്ല എന്ന കാരണത്താൽ കർഷകർക്ക് നിഷേധിക്കുകയാണ്. ഈ സാഹചര്യത്തിൽ കല്ലാർകുട്ടി പട്ടയ വിഷയത്തിൽ സർക്കാർ അലംഭാവം ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story