വയോദമ്പതികൾ താമസിക്കുന്ന വീട്ടിൽനിന്ന് പതിനേഴര പവൻ സ്വർണവും പണവും കവർന്നു
text_fieldsപള്ളുരുത്തി: വയോദമ്പതികൾ താമസിക്കുന്ന വീടിെൻറ വാതിൽ തകർത്ത് കയറി സ്വർണവും പണവും മോഷ്ടിച്ചു. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. കേന്ദ്രീയ വിദ്യാലയത്തിൽനിന്ന് പ്രിൻസിപ്പലായി വിരമിച്ച രാമചന്ദ്രൻ, ഭാര്യ റിട്ട. ബാങ്ക് മാനേജർ ജയശ്രീ എന്നിവരുടെ ഇടക്കൊച്ചി പഷ്ണിത്തോട് ബസ് സ്റ്റോപ്പിന് സമീപം 'പൗർണമി' എന്ന വീട്ടിൽനിന്നാണ് പതിനേഴര പവൻ സ്വർണവും 12,000 രൂപയും മോഷണം പോയത്.
ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ച ഉണർന്നപ്പോഴാണ് മോഷണവിവരം ഇരുവരും അറിയുന്നത്. വീടിെൻറ പിറകുവശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ദമ്പതികൾ ഉറങ്ങിക്കിടന്നിരുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് മാലയും മൂന്ന് മോതിരവും കമ്മലുമടക്കമുള്ള സ്വർണവും തൊട്ടടുത്ത മുറിയിൽ സൂക്ഷിച്ചിരുന്ന പണവുമാണ് മോഷണം പോയത്.
ചെറിയ പ്ലാസ്റ്റിക് കവറുകളിലാണ് സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. സ്വർണം എടുത്തശേഷം കവർ വീടിന് മുൻവശത്ത് ഉപേക്ഷിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പള്ളുരുത്തി പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
