'ഇതെന്ത് തേങ്ങയാണ്': വൈറലായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് തൃശൂരിന്‍റെ സേവ് ലക്ഷ്ദ്വീപ് വീഡിയോ
text_fieldsതൃശ്ശൂർ : രാജ്യമെമ്പാടും കോവിഡ് അലയടിക്കുന്നതിനിടയിലാണ് ലക്ഷദ്വീപിലേക്ക് പുതിയ അഡ്മിനിസ്ട്രേറ്റർ ആയി പ്രഫുൽ പട്ടേലിന്‍റെ വരവ്. ഒരു ജനതയെ ലക്ഷ്യമിട്ടുള്ള അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ മലയാളികൾ ഏറ്റെടുത്തു. പിന്നെ അങ്ങോട്ട് ട്രോളന്മാർക്കും നാട്ടുകാർക്കും വിശ്രമമില്ലാത്ത ദിനരാത്രികളായിരുന്നു. ഗുണ്ട ആക്ട് മുതൽ ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം, മൃഗസംരക്ഷണം, കൃഷി എന്നീ മേഖലകളിലടക്കം കൊണ്ട് വന്ന വിചിത്ര നിയമങ്ങളിൽ അവസാനത്തേത് ആയിരുന്നു പറമ്പിൽ തേങ്ങയും ഓലയും വീണത് കണ്ടാൽ കേസ് എടുക്കുമെന്നുളളത് . കേരളത്തിലും ലക്ഷദ്വീപിലുമടക്കം പല തരത്തിലുള്ള പ്രതിഷേധങ്ങളാണ് ഇതിനെതിരെ ഉയരുന്നത്. ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രീതിയിലുള്ള 46 സെക്കന്റ് ദൈർഘ്യമുള്ള 'ഇതെന്ത് തേങ്ങയാണ്' എന്ന പേരിലുള്ള അനിമേഷൻ വീഡിയോ ആണിപ്പോ താരം. ഫ്രറ്റേണിറ്റി മൂവ്മെന്റ് തൃശ്ശൂർ ജില്ലയുടേതാണ് ഈ വൈറൽ വീഡിയോ. ഫ്രറ്റേണിറ്റി പ്രവർത്തകൻ തന്നെയായ വാടാനപ്പള്ളി സ്വദേശി നിഹാൽ ഹാരിസ് നിർമിച്ച വീഡിയോ നിരവധി പ്രമുഖരാണ് സോഷ്യൽ മീഡിയയിലടക്കം പങ്കു വെച്ചിരിക്കുന്നത്.
''അതിവിദൂരതയിൽ ഒരു തുരുത്തിൽ ഒരു ഗൃഹനാഥൻ ഉറക്കമുണർന്നു പുറത്തോട്ട് വരുമ്പോൾ ഒരു തേങ്ങ വീഴുന്നു. ഉടനെ തന്നെ ആ മനുഷ്യനെ പലയിടങ്ങളിൽ നിന്ന് പട്ടാളം വളയുന്നതാണ് ഈ വീഡിയോയുടെ ഇതിവൃത്തം. കേട്ടുകേൾവി പോലും ഇല്ലാത്ത നിയമങ്ങളുമായി രാജ്യത്തെ ഭരിക്കുന്നവർ ഒരു സമൂഹത്തിന് മേലെ പറന്നിറങ്ങുമ്പോൾ അത് കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഈ ലോക്‌ഡൗൺ കാലത്ത് ലക്ഷദ്വീപിനെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നിരവധി ആളുകളാണ് രംഗത്തെറങ്ങിയിട്ടുള്ളത്. ഇതിന് ഊർജം പകരുന്ന രീതിയിൽ കൂടുതൽ ആളുകളിലേക്ക് വളരെ ലളിതമായി അവിടത്തെ പ്രശ്നങ്ങൾ എങ്ങനെ എത്തിക്കാനാവും എന്നുള്ള ചർച്ചകളിൽ നിന്നാണ് ഇങ്ങനെ ഒരു വീഡിയോയിലേക്ക് എത്തുന്നത്''-വീഡിയോ പുറത്തിറക്കിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് തൃശ്ശൂർ ജില്ല പ്രസിഡന്റ് അഷ്ഫാഖ് അഹമ്മദ് പറയുന്നു. ലക്ഷദ്വീപിൽ നിന്നടക്കം നിരവധി പേരാണ് ഈ വീഡിയോയെ അഭിനന്ദിച്ചു കൊണ്ട് വിളിച്ചത്. ലക്ഷദ്വീപ് ജനതയോടൊപ്പം ഉണ്ടാവും എന്ന് മാത്രമല്ല നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദമായി മാറാൻ എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.