ഭീതി പരത്തി മേത്തലയിൽ വീണ്ടും കുറുക്കന്റെ ആക്രമണം; പത്തിലധികം പേർക്ക് കടിയേറ്റു
text_fieldsമേത്തല: ഭീതിപരത്തി മേത്തലയിൽ കുറുക്കന്റെ ആക്രമണം. കുറുക്കന്റെ കടിയേറ്റ് സ്കൂൾ വിദ്യാർഥിയടക്കം പത്തിലധികം പേർക്ക് പരിക്ക്.
മുറിവേറ്റവർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
മേത്തല കടുക്കചുവട് ഭാഗത്താണ് ചൊവ്വാഴ്ച വൈകീട്ടോടെ കുറുക്കന്റെ ആക്രമണം ഉണ്ടായത്.
സ്കൂൾ വിട്ടുവന്ന ആറാം ക്ലാസുകാരിക്കും കുറുക്കന്റെ കടിയേറ്റിട്ടുണ്ട്. തൃക്കുലശേഖരപുരത്ത് മുരളീധരൻ (67), മകൾ കൃഷ്ണപ്രിയ (11), മുരിക്കുംതറ ശുഭയുടെ മകൾ ശ്രീദേവി (27), കൈമപറമ്പിൽ പ്രിയ ലക്ഷ്മി (42), ഈശ്വരമംഗലത്ത് വിജീഷ് (40), താലപ്പുള്ളി വിഷ്ണു തുടങ്ങിയവർക്കാണ് കടിയേറ്റത്. ഈ പ്രദേശത്ത് ആൾ താമസമില്ലാത്ത ഏക്കറിലധികം സ്ഥലം കാടുപിടിച്ചു കിടക്കുന്നുണ്ട്. ഇവിടെയാണ് കുറുക്കന്റെ താവളമെന്ന് പറയുന്നു.
കുറുക്കന്മാർ ഇവിടെ പെറ്റുപെരുകിയതായി നാട്ടുകാർ സംശയിക്കുന്നു. വീടിനകത്തും കയറി കടിച്ചതായി പറയുന്നു. കഴിഞ്ഞമാസം സമീപ പ്രദേശമായ വയലമ്പത്ത് വെള്ളാശ്ശേരി മുകുന്ദന്റെ ഭാര്യ പ്രേമക്ക് കടിയേറ്റിരുന്നു. ഇവർ വീട്ടുമുറ്റത്ത് തുണികൾ അലക്കി വിരിക്കുന്നതിനിടയിലാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്.
പ്രേമയുടെ വലതുകാലിലെ തുടയിൽ സാരമായി പരിക്കേറ്റിരുന്നു. വയലമ്പം തെക്ക് ഭാഗത്ത് ജനവാസ കേന്ദ്രത്തിൽ കുറുക്കന്മാരുടെ ശല്യം ഏറുന്നതായി പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

