ഹെൽമറ്റ് വെച്ചില്ലെങ്കിലും മദ്യപിച്ചാലും സ്കൂട്ടർ സ്റ്റാർട്ടാകില്ല; പുതിയ സംവിധാനവുമായി വിദ്യാർഥി
text_fieldsമട്ടാഞ്ചേരി: ഹെൽമറ്റില്ലാതെയും മദ്യപിച്ചും വണ്ടി ഓടിക്കുന്നതും ഒഴിവാക്കാൻ സംവിധാനവുമായി വിദ്യാർഥി. മദ്യപിച്ചും ഹെൽമെറ്റ് വെക്കാതെയും സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാൻ പറ്റാത്ത സംവിധാനമാണ് മട്ടാഞ്ചേരി, ചുള്ളിക്കൽ സ്വദേശിയായ എഡോൺ ജോയി എന്ന 18കാരൻ തയാറാക്കിയിരിക്കുന്നത്. ഒരു ചിപ്പിലേക്ക് റൈറ്റ് ചെയ്ത് പി.സി.ബിയുമായി ബന്ധിപ്പിച്ച് സ്കൂട്ടറിെൻറ പെട്ടിയിൽ സൂക്ഷിക്കാവുന്ന സംവിധാനമാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. ഇത് ഹെൽമറ്റുമായി ബന്ധപ്പെടുത്തിയിരിക്കയാണ്.
അതുകൊണ്ട് തന്നെ ഹെൽമറ്റ് തലയിലില്ലെങ്കിൽ വണ്ടി സ്റ്റാർട്ടാകില്ല. മദ്യത്തിെൻറ മണം ഹെൽമറ്റിൽ അനുഭവപ്പെട്ടാലും വണ്ടി സ്റ്റാർട്ട് ആകില്ല. ഇതിനായി പ്രത്യേക സെൻസർ ഹെൽമറ്റിൽ ഘടിപ്പിച്ചിട്ടുണ്ട്. ഈ സംവിധാനം ഒരുക്കാൻ 6,500 രൂപയാണ് ചെലവ് . കൂടുതൽ നിർമിക്കുമ്പോൾ ചെലവ് കുറയും.പേറ്റൻറ് എടുക്കണമെന്നതാണ് ആഗ്രഹമെന്ന് എഡോൺ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതു മാത്രമല്ല അഡോണിെൻറ കണ്ടുപിടിത്തങ്ങൾ.
ഫോണിൽ ഒരുക്കിയ ആപ് പ്രകാരവും വണ്ടി സ്റ്റാർട്ട് ചെയ്യാനും ഓഫാക്കാനും സജ്ജീകരണമൊരുക്കിയിട്ടുണ്ട്. വണ്ടി എവിടെയാണെങ്കിലും ഈ സംവിധാനം ഉപയോഗപ്പെടുത്താം. വാഹനം എവിടെയെങ്കിലും അപകടത്തിൽപെട്ടാൽ വിവരം എസ്.എം.എസ് സന്ദേശം ഫോണിൽ വരുന്നതിനുള്ള പ്രത്യേക ആപ്പും തയാറാക്കിയിട്ടുണ്ട്.
ചുള്ളിക്കൽ കീനേഴ്സിൽ ജോയി പോൾ-ഡീന ദമ്പതികളുടെ മകനാണ് എഡോൺ. ഇരുവരും അധ്യാപകരായിരുന്നു. കണ്ണമാലി ചിന്മയ വിദ്യാലയത്തിൽ പത്താംതരം വരെ പഠിച്ച അഡോൺ കലൂർ മോഡൽ ടെക്നിക്കൽ സ്കൂളിലാണ് ഹയർ സെക്കൻഡറി പഠനം പൂർത്തീകരിച്ചത്. ഇലക്ട്രോണിക് എൻജിനീയറിങ് ചെയ്യണമെന്നാണ് ലക്ഷ്യം. ഏക സഹോദരൻ ഡിയോൺ ചിന്മയ വിദ്യാലയത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു.