പുറത്തെ ചൂടൊക്കെ എന്ത്, ഈ പോരാട്ടച്ചൂടിനു മുന്നിൽ
text_fieldsകൊച്ചി: കത്തുന്ന മീനച്ചൂടിൽ പുറത്തിറങ്ങാൻ പറ്റാത്ത സമയത്തും നാട്ടിലാകെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശത്തിന് ചൂടേറുകയാണ്. ആഴ്ചകൾ നീണ്ട പ്രചാരണത്തിനും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ വിധിയെഴുത്തിന് മൂന്നു നാൾ മാത്രം ശേഷിക്കേ അവസാന ലാപ്പിൽ അങ്കത്തട്ടിൽ പോരാട്ടത്തിന്റെ പൊടിപാറുന്നു. മണിക്കൂറുകൾക്കുള്ളിൽ ചൊവ്വാഴ്ച കൊട്ടിക്കലാശത്തിലേക്കും ബുധനാഴ്ച നിശബ്ദ പ്രചാരണത്തിലേക്കും അതിനും ഒരുനാളപ്പുറം വ്യാഴാഴ്ച വോട്ടെടുപ്പിലേക്കും നാടുണരുമ്പോൾ കൂടുതൽ കൂടുതൽ വോട്ടുറപ്പിക്കാനുള്ള കഠിന പ്രയത്നങ്ങളിലാണ് സ്ഥാനാർഥികളും മുന്നണികളും.
സ്വന്തം സീറ്റ് നിലനിർത്താനും നഷ്ടമായവ തിരിച്ചുപിടിക്കാനും എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ ആഞ്ഞുപരിശ്രമിക്കുമ്പോൾ ജില്ലയിലാദ്യമായി നിയമസഭ മണ്ഡലം പിടിക്കുകയെന്ന ചരിത്രലക്ഷ്യവുമായി എൻ.ഡി.എയും അങ്കക്കളത്തിലുണ്ട്. 14 മണ്ഡലങ്ങളിൽ മൂന്നു മുന്നണികൾക്കായി 42 പ്രധാന സ്ഥാനാർഥികളാണുള്ളത്. മിക്കയിടത്തും എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് വാശിയേറിയ പോരാട്ടമെങ്കിലും എൻ.ഡി.എ വോട്ടുകൾ നിർണായകമായ ഇടങ്ങളുമുണ്ട്.
തെരഞ്ഞെടുപ്പ് അങ്കം നടക്കുന്നത് പൊതുസ്ഥലങ്ങളിലും തെരുവോരങ്ങളിലും കൺവെൻഷനുകളിലും മാത്രമല്ല, സൈബർ ഇടങ്ങളിലും കൂടിയാണ്. സ്ഥാനാർഥികൾക്ക് വോട്ടർമാരെ നേരിട്ടുകാണുന്നതു പോലെ തന്നെ പ്രധാനമാണ് റീലിലൂടെയുള്ള വോട്ടുപിടുത്തം. ഇതിനായി മുന്നണികളുടെ സൈബർ പട വമ്പൻ തന്ത്രങ്ങളും പദ്ധതികളുമായിട്ടാണ് കർമരംഗത്തുള്ളത്.
തൂത്തുവാരാൻ യു.ഡി.എഫ്
സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും അത് മുഴുവൻ സീറ്റുകളും പിടിച്ചെടുക്കാൻ മുന്നണിയെ സഹായിക്കുമെന്നുമാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. ജില്ലയിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട അഞ്ചു മണ്ഡലങ്ങളുൾപ്പെടെ 14 സീറ്റും പിടിക്കുകയാണ് ലക്ഷ്യം. രാഹുൽഗാന്ധി, ശശി തരൂർ, കെ.സി. വേണുഗോപാൽ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, തുടങ്ങിയ ദേശീയ നേതാക്കളെല്ലാം ജില്ലയുടെ വിവിധ മണ്ഡലങ്ങളിൽ പര്യടനത്തിനെത്തിയത് പ്രവർത്തകരിൽ ആവേശം വിതച്ചിട്ടുണ്ട്. എ.ഐ.സി.സി. ജന.സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ സെൽജ കുമാരി ഞായറാഴ്ച കൊച്ചിയിലുണ്ടായിരുന്നു. തിങ്കളാഴ്ച കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ജില്ലയിൽ പര്യടനത്തിനെത്തും.
യു.ഡി.എഫിന് അനുകൂലമായ കാറ്റാണ് എല്ലായിടത്തുമുള്ളതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും മീഡിയ വിഭാഗം ചെയർപേഴ്സനുമായ അഡ്വ. ദീപ്തി മേരി വർഗീസ് പറഞ്ഞു. കേരളത്തിൽ തന്നെ ഏറ്റവും നന്നായി ഈസി വാക്ക് ഓവർ നടക്കുന്ന മണ്ഡലം എറണാകുളത്തെ തൃക്കാക്കരയിലാണ്. അവിടെ ശക്തമായ മത്സരമോ വേണ്ട രീതിയിലുള്ള പ്രചാരണമോ കാഴ്ചവെക്കാൻ പോലും എൽ.ഡി.എഫിനാവുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് പതിവുപോലെ വ്യാജപ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടതുപക്ഷമെന്നും ഇത്തരം ഇല്ലാക്കഥകൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും കൃത്യമായ മറുപടി തങ്ങൾ നൽകുന്നുണ്ടെന്നും ദീപ്തി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം നിൽക്കേ ഓട്ടപ്രദക്ഷിണത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥികളും പ്രവർത്തകരുമെല്ലാം. കാണാൻ വിട്ടുപോയവരെയും മറ്റും കാണുന്ന തിരക്കിലായിരിക്കും. ബൂത്ത് സജ്ജീകരണങ്ങളും സ്ലിപ്പ് വിതരണവുമെല്ലാമായി പ്രവർത്തകർ ഓട്ടത്തിലാണെന്നും യു.ഡി.എഫ് നേതൃത്വം കൂട്ടിച്ചേർത്തു.
മത്സരം കടുത്തത്; ജയം ഉറപ്പെന്ന് എൽ.ഡി.എഫ്
ജില്ലയിലെ 14 മണ്ഡലങ്ങളിലും ഇത്തവണ മത്സരം കടുത്തതാണെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. തങ്ങളുടെ കീഴിലുള്ള മണ്ഡലങ്ങൾ നിലനിർത്തുന്നതിനൊപ്പം പരമാവധി സീറ്റുകൾ പിടിച്ചെടുക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. നിലവിലുള്ള വൈപ്പിൻ, കൊച്ചി, കളമശ്ശേരി, കുന്നത്തുനാട്, കോതമംഗലം എന്നീ സീറ്റുകളിൽ ജയം ഉറപ്പാണെന്ന ആത്മവിശ്വാസവുമുണ്ട്. സംസ്ഥാനത്തുടനീളമുള്ള വികസന പ്രവർത്തനങ്ങൾ തുണയാകുമ്പോൾ 14 സീറ്റുകളും ഇത്തവണ തങ്ങൾക്കു തന്നെയെന്ന് ടീം എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. ആലുവ, അങ്കമാലി, പെരുമ്പാവൂർ, പറവൂർ, മൂവാറ്റുപുഴ, എറണാകുളം തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം മത്സരം കടുത്തതാണെന്നും ഇവിടങ്ങളിൽ എൽ.ഡി.എഫിനായിരിക്കും മുൻതൂക്കമെന്നും ഇടതു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ വോട്ടർമാരിലേക്കെത്താനുള്ള പ്രവർത്തനങ്ങൾക്കാണ് ഇനി മുൻഗണനയെന്നും സ്ഥാനാർഥികളെല്ലാം ഇതിനകം പര്യടനം പൂർത്തിയാക്കിയതായും സി.പി.എം ജില്ല സെക്രട്ടറി എസ്. സതീശ് വ്യക്തമാക്കി. അവധിദിനങ്ങളിൽ മാസ് സ്ക്വാഡ് പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് നടത്തുന്നത്. ദേശീയനേതാക്കൾ ഇതിനകം നിരവധി വന്നുപോയി. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി, പി.ബി. അംഗം ബൃന്ദ കാരാട്ട്, പ്രകാശ് കാരാട്ട്, സുഭാഷിണി അലി, മറിയം ധാവ്ളെ തുടങ്ങിയവരെല്ലാം ഇതിനകം ജില്ലയിൽ പ്രവർത്തകരിൽ ആവേശം നിറക്കാനെത്തിയിരുന്നു. കൂടാതെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജും ജില്ലയിൽ സജീവമായി പ്രചാരണരംഗത്തുണ്ട്.
ജില്ലയിലെ സൈബർ പ്രചാരണ പ്രവർത്തനങ്ങൾ അതത് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്. സ്ഥാനാർഥിക്കൊപ്പം പര്യടനത്തിലുടനീളം സൈബർ പ്രചാരകരും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ജില്ലാതലത്തിൽ പൊതുവായി നൽകേണ്ട പ്രചാരണ പോസ്റ്റുകളും മറ്റും നേതൃത്വം ഏകോപിപ്പിക്കുന്നുണ്ടെന്നും ഇടത് നേതാക്കൾ കൂട്ടിച്ചേർത്തു.
ഒട്ടും പിന്നിലല്ല, എൻ.ഡി.എ
ഇടത്, വലത് മുന്നണികളെ മടുത്തുവെന്നും മാറ്റം തുടങ്ങാമെന്നുമുള്ള ആശയത്തോടെ മുൻ കാലങ്ങളേക്കാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂർച്ച കൂട്ടിയിരിക്കുകയാണ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ. ജില്ലയിലെ പല മണ്ഡലങ്ങളിലും ഇവർക്ക് അഭിമാന പോരാട്ടമാണ്. ക്ഷേത്രനഗരിയായ തൃപ്പൂണിത്തുറയുൾപ്പെടെ സ്വന്തമാക്കുമെന്നാണ് അവകാശവാദം. അടുത്തിടെ എൻ.ഡി.എയുടെ സഖ്യകക്ഷിയായി ചേർന്ന ട്വൻറി ട്വൻറിയുടെ ശക്തികേന്ദ്രമായ കുന്നത്തുനാട്ടിലും ത്രികോണപ്പോര് രൂക്ഷമാണ്.
എന്നാൽ, ജില്ലയിലെ 14 മണ്ഡലങ്ങളിൽ മൂന്നിടത്തു മാത്രമേ ബി.ജെ.പിക്ക് സീറ്റുള്ളൂ. ഒമ്പതിടങ്ങളിലും ട്വൻറി 20 ആണ് സ്ഥാനാർഥിയെ നിർത്തിയിട്ടുള്ളത്. ശേഷിക്കുന്ന രണ്ട് സീറ്റുകൾ ബി.ഡി.ജെ.എസിനും നൽകി. ജില്ലയിൽ ട്വൻറി 20ക്കുള്ള സ്വാധീനം വോട്ടാകുമെന്നും വിജയിക്കാനാവുമെന്നുമാണ് മുന്നണിയുടെ പ്രതീക്ഷ.
ദേശീയ നേതാക്കൾ പലരും എൻ.ഡി.എ പ്രചാരണത്തിനായി വന്നുപോയി. ഏറ്റവുമൊടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച കുന്നത്തുനാട്ടിലിറങ്ങി മുന്നണി സ്ഥാനാർഥിക്കു വേണ്ടി വോട്ടുതേടിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ശോഭ കരന്ദ് ലജേ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബി.ജെ.പി ജന. സെക്രട്ടറി വിഷ്ണുവർധൻ റെഡ്ഡി തുടങ്ങിയവരാണ് എൻ.ഡി.എ ക്യാമ്പിന് ആവേശം പകരാൻ ജില്ലയിൽ എത്തിയവർ. സൈബർ പ്രചാരണത്തിലും എൻ.ഡി.എയുടെ പ്രവർത്തനങ്ങൾ ശക്തമാണ്. പ്രത്യേക ടീമിനെ തന്നെ ഓരോ സ്ഥാനാർഥിക്കു വേണ്ടിയും നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

