ആർക്കും വേണ്ടേ ബോൾഗാട്ടി വാട്ടർ മെട്രോ സ്റ്റേഷൻ
text_fieldsബോൾഗാട്ടിയിലെ വാട്ടർ മെട്രോ ജെട്ടി
കൊച്ചി: ഒരുകാലത്ത് കൊച്ചി കായലിന്റെ ഓളങ്ങളെ തഴുകി നിത്യേന നിരവധി ബോട്ടുകൾ സഞ്ചാരികളെയുംകൊണ്ട് ഹൈകോടതി ജെട്ടിയിൽനിന്ന് ബോൾഗാട്ടിയിലേക്ക് ഒഴുകിയിരുന്നു. നിത്യവൃത്തിക്കായി നഗരത്തിലേക്കെത്തുന്ന മുളവുകാട് ദ്വീപുകാരും അക്കരെയുള്ള സുന്ദരക്കാഴ്ചകൾ കാണാൻ വിദേശികളുൾപ്പെടെ സഞ്ചാരികളും ആശ്രയിച്ചിരുന്ന ബോട്ടുകളൊന്നും ഇപ്പോഴില്ല.
ഏലൂർ റൂട്ടിൽ സർവിസ് നടത്തിയിരുന്ന വാട്ടർ മെട്രോയും ഇപ്പോൾ ബോൾഗാട്ടിയിലേക്ക് സർവിസ് നിർത്തിയ പോലെയാണ്. ഇടക്ക് വല്ലപ്പോഴും ഒരു സ്വകാര്യ ബോട്ട് സർവിസ് നടത്തിയെങ്കിലായി. വാട്ടർ മെട്രോ ടെർമിനലും പൂട്ടി. ഇവിടത്തെ ജീവനക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റി.
പ്രകൃതിരമണീയമായ മുളവുകാട് ദ്വീപിൽ പൈതൃകവും പാരമ്പര്യവും ഒത്തിണങ്ങിയ ബോൾഗാട്ടി പാലസും മറ്റനേകം കാഴ്ചകളും കാണാനുള്ള ഇന്നാട്ടിലേക്ക് ഇന്ന് ബോട്ടിൽ വരാനാവില്ല. ഹൈകോടതി ജങ്ഷനിൽനിന്ന് കാറിനോ ഓട്ടോയിലോ വേണം ഇങ്ങോട്ടുവരാൻ, അല്ലെങ്കിൽ ബസ് കയറി ബോൾഗാട്ടി ജങ്ഷനിലിറങ്ങി വീണ്ടും ഓട്ടോ വിളിക്കേണ്ടിവരും. ചുരുങ്ങിയ ചെലവിൽ ബോട്ടിനും വാട്ടർ മെട്രോക്കും പോകാനുള്ള സാഹചര്യമുള്ളിടത്താണ് ഗോശ്രീ പാലത്തിലെ നീണ്ട ഗതാഗതക്കുരുക്കും താണ്ടി വൻ തുക കൊടുത്ത് സഞ്ചാരികളും നാട്ടുകാരും ബോൾഗാട്ടിയിലെത്തുന്നത്.
ബോട്ട് സർവിസ് കുരുക്കിന് പരിഹാരമാകും
വല്ലാർപാടം, കണ്ടെയ്നർ റോഡ്, വൈപ്പിൻ, മുളവുകാട്, തുടങ്ങിയ മേഖലകളെ കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്ന ഗോശ്രീ ഒന്നാം പാലം ഇപ്പോൾ രൂക്ഷമായ ഗതാഗതക്കുരുക്കിന്റെ പിടിയിലാണ്. ചാത്യാത്തുനിന്ന് പാലത്തിലേക്ക് കയറുന്നിടം തൊട്ട് പൊട്ടിപ്പൊളിഞ്ഞും കുഴി നിറഞ്ഞതുമാണ് കുരുക്ക് മുറുകാൻ കാരണം. കുഴികൾ ചാക്കുകളിട്ട് മൂടിയെങ്കിലും ദിവസങ്ങൾക്കകം വീണ്ടും പൊളിഞ്ഞു. ഈ കുരുക്ക് ഒഴിവാക്കാൻ ബോൾഗാട്ടിയിലേക്കും മുളവുകാടിലേക്കും വാട്ടർ മെട്രോ ഉൾപ്പെടെ കൃത്യമായി സർവിസ് നടത്തണമെന്ന ആവശ്യമുണ്ട്.
ആളു കുറഞ്ഞു; സർവിസ് മുടങ്ങി
ഹൈകോടതി ജങ്ഷനിൽനിന്ന് സൗത്ത് ചിറ്റൂർ, ഏലൂർ എന്നിവിടങ്ങളിലേക്കുള്ള വാട്ടർ മെട്രോ റൂട്ടിലെ ടെർമിനലുകളായിരുന്നു ബോൾഗാട്ടിയും മുളവുകാട് നോർത്തും. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ഉദ്ഘാടനം.
എന്നാൽ, കോടികൾ ചെലവഴിച്ച് നിർമിച്ച രണ്ടു ടെർമിനലുകളിലും ഇന്ന് വാട്ടർ മെട്രോ അടുക്കുന്നില്ല. ബോൾഗാട്ടിയിലേക്ക് യാത്രക്കാരില്ലെന്നാണ് മെട്രോ അധികൃതരുടെ വിശദീകരണം. മുളവുകാട് നോർത്തിലാണെങ്കിൽ രണ്ടു ചീനവലകൾ കിടക്കുന്നതിനാൽ മെട്രോ വെസൽ അടുപ്പിക്കാനാവില്ല. ഇതുമൂലം ജലഗതാഗത വകുപ്പ്, വാട്ടർ മെട്രോ, സ്വകാര്യ ബോട്ട് തുടങ്ങി ഒരു സർവിസും ഈ മേഖലകളിലേക്ക് ഇല്ലാത്ത സ്ഥിതിയാണ്.
ബോൾഗാട്ടി പാലസിൽ പരിപാടികൾ വരുമ്പോഴാണ് ആളുകൾ യാത്ര ചെയ്യാനെത്തുന്നതെന്നും ആളുണ്ടെങ്കിൽ സർവിസ് നടത്താൻ തയാറാണെന്നും വാട്ടർ മെട്രോ അധികൃതർ വ്യക്തമാക്കുന്നു. ബോൾഗാട്ടി വടക്കേ വശത്തെ ജെട്ടിയിൽ ബോട്ടുകൾക്ക് ഇറങ്ങാനുള്ള സംവിധാനമുണ്ടെന്നും വാട്ടർ മെട്രോയുടെ പോണ്ടൂണും ടെർമിനലും പ്രവേശന കവാടവുമാണ് ഉപയോഗിക്കാനാവാത്തതെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു. മുളവുകാട് നോർത്തിലുള്ള രണ്ട് ചീനവലകളാണ് ഇങ്ങോട്ട് വാട്ടർ മെട്രോ അടുപ്പിക്കാനാവാത്തതിനു കാരണം. ഇത് മാറ്റണമെന്ന് ഉടമകളോട് മുളവുകാട് പഞ്ചായത്ത് ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഉടൻ മാറ്റുമെന്നാണ് സൂചന.
ടൂറിസം പദ്ധതി നടപ്പാക്കാൻ ആലോചന
മുളവുകാട് ദ്വീപിലെ ബോൾഗാട്ടി പാലസ് പരിസരവും ഇവിടത്തെ പ്രകൃതി സൗന്ദര്യവും ഉപയോഗപ്പെടുത്തി വിനോദസഞ്ചാര പദ്ധതി ആലോചനയിലുണ്ടെന്ന് മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ പറഞ്ഞു. തങ്ങളുടെ ടെർമിനലിനെ ബാധിക്കാത്ത വിധം ഇവിടെ സ്വകാര്യ ബോട്ടുകൾ അടുപ്പിക്കാൻ മെട്രോയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഈ മേഖലയിൽ റസ്റ്റാറന്റും മറ്റും ആരംഭിച്ച് കായൽ വിനോദസഞ്ചാരമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഫെറി സംരക്ഷിക്കുകയും പാലസിലേക്കുള്ള റോഡ് നവീകരിക്കുകയും സാമൂഹികവിരുദ്ധ ശല്യം അവസാനിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്. അക്ബർ (മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

