ചെങ്ങമനാട് ലിഫ്റ്റ് ഇറിഗേഷൻ കനാലിൽ ഒഴുകിയെത്തുന്നത് ചത്ത ജീവികൾ മുതൽ കക്കൂസ് മാലിന്യം വരെ; മൂക്കുപൊത്തി ജനങ്ങൾ
text_fieldsചെങ്ങമനാട് നമ്പർ വൺ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുത്തൻതോട്ടിലെ ലീഡിങ് ചാനലിൽ രാസാവശിഷ്ടം കലർന്ന നിലയിൽ
ചെങ്ങമനാട്: ചെങ്ങമനാട് നമ്പർ വൺ ലിഫ്റ്റ് ഇറിഗേഷൻ കനാലിലെ വെള്ളം ദുർഗന്ധപൂരിതമായതോടെ കർഷകരും സമീപവാസികളും ദുരിതത്തിൽ. നെടുമ്പാശ്ശേരി- ചെങ്ങമനാട് പഞ്ചായത്തുകളുമായി ബന്ധപ്പെട്ട ഇറിഗേഷൻ പദ്ധതിയിൽ നിന്ന് ഹെക്ടർ കണക്കിന് പ്രദേശങ്ങളിലേക്കാണ് കാർഷികാവശ്യത്തിന് ജലമെത്തുന്നത്. പമ്പ് ഹൗസും വടക്ക് വശത്തെ കനാലും നെടുമ്പാശ്ശേരി പഞ്ചായത്ത് പരിധിയിലാണ്. അതേസമയം ലീഡിങ് ചാനൽ ഇരു പഞ്ചായത്തുകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ചെങ്ങൽത്തോടിന്റെ കൈവഴിയായ പാനായിത്തോട്ടിൽ നിന്നാണ് പുത്തൻതോട് ഭാഗത്തെ പമ്പ് ഹൗസിലേക്ക് വെള്ളമെത്തുന്നത്.
പാനായിത്തോട്ടിൽ കുളവാഴയും രാസമാലിന്യങ്ങളും നിറഞ്ഞതോടെ ഒഴുക്ക് നിലച്ച് കരയും തോടും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണുള്ളത്. പാനായിത്തോട്ടിൽനിന്ന് വെള്ളം കിഴക്കോട്ടൊഴുകിയാണ് ഇറിഗേഷൻ പമ്പ് ഹൗസിലേക്കെത്തുന്നത്. ജലവിതാനം താഴ്ന്നതും യഥാസമയം പായലും കുളവാഴയും മറ്റ് മാലിന്യങ്ങളും നീക്കാതിരുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു.
ചത്ത ജീവികൾ, കക്കൂസ്, മാലിന്യം, ദേശീയപാതയിലെ അടക്കം അത്താണിയിൽ നിന്നൊഴുകി വരുന്ന വമ്പൻ ഫ്ലാറ്റുകളിലെ മാലിന്യം, കോഴിഫാം മാലിന്യം, സ്വകാര്യ സ്ഥാപനങ്ങളിലെ മാലിന്യം എന്നിവയെല്ലാം ഇറിഗേഷൻ കനാലിലെത്തുന്നുണ്ടെന്നും വേനൽ കനത്തതോടെ ജലവിതാനം താഴുകയും തന്മൂലമാണ് വെള്ളം കെട്ടിക്കിടന്ന് പ്രദേശമാകെ അസഹ്യമായ ദുർഗന്ധം അനുഭവപ്പെടുന്നതെന്നുമാണ് സമീപവാസികൾ പറയുന്നത്. വേനലിൽ പതിവായ പ്രതിഭാസമാണിതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. പമ്പിങ് നടക്കുമ്പോൾ കറുത്ത നിറത്തിലൊഴുകുന്ന വെള്ളമെത്തുന്ന പ്രദേശങ്ങളിലെല്ലാം അസഹ്യ ദുർഗന്ധമാണ് അനുഭവപ്പെടുന്നതത്രെ. ദുർഗന്ധം അസഹ്യമായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ രണ്ട് ദിവസമായി പമ്പിങ് നിർത്തിവച്ചിരിക്കുകയാണ്.
അതിനിടെ ദുർഗന്ധം മൂലം വലഞ്ഞ ചെങ്ങമനാട് പഞ്ചായത്ത് പരിധിയിലെ താമസക്കാരും കർഷകരും നൽകിയ പരാതിയെത്തുടർന്ന് ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ, സ്ഥിരംസമിതി അധ്യക്ഷ ഷക്കീല മജീദ്, പഞ്ചായത്ത് അംഗങ്ങളായ ശോഭന സുരേഷ്, വിജിത വിനോദ്, ഹെൽത്ത് ഇൻസ്പെക്ടർ രവി രാജ്, പഞ്ചായത്ത് ക്ലർക്ക് പി.ജെ. ജോഷി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. മാലിന്യം കലർന്നതും പ്രശ്ന പരിഹാരം സംബന്ധിച്ചും ഇരു പഞ്ചായത്തുകളിലേയും ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പ്രശ്ന പരിഹാര നടപടി സ്വീകരിക്കുമെന്ന് ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ജയമുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

