വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ മാലിന്യം കുന്നുകൂടുന്നു
text_fieldsവാഴക്കുളം പൈനാപ്പിൾ മാർക്കറ്റ്
മൂവാറ്റുപുഴ: മാലിന്യ സംസ്കരണത്തിനും സുഗമമായി കയറ്റിറക്കിനും സംവിധാനമില്ലാത്തതിനാൽ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ മാലിന്യം കുന്നുകൂടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റായ വാഴക്കുളം മാർക്കറ്റാണ് മാലിന്യക്കൂനയാകുന്നത്. ആറു പതിറ്റാണ്ടു മുമ്പ് ആരംഭിച്ച മാർക്കറ്റിൽ ഉൽപന്നം എത്തുന്നതിനനുസരിച്ച് സംവിധാനം ഏർപ്പെടുത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. 1970കളിൽ ടൗണിനു മധ്യത്തിൽ മാർക്കറ്റ് ആരംഭിക്കുമ്പോൾ 5000 ഏക്കർ പൈനാപ്പിൾ കൃഷി ഉണ്ടായിരുന്നുള്ളു. 80000 ഏക്കറിലധികം സ്ഥലത്താണ് ഇപ്പോൾ കൃഷി. നിലവിൽ സ്ഥല പരിമിധി മൂലം വീർപ്പുമുട്ടുകയാണ് മാർക്കറ്റ്.
നൂറുകണക്കിന് ലോഡ് പൈനാപ്പിൾ എത്തുന്ന മാർക്കറ്റിൽ വിൽപന നടത്താൻ കഴിയാത്തതും ഉപയോഗശൂന്യമായതുമായ പൈനാപ്പിൾ മാർക്കറ്റിൽ പലയിടത്തായി കുന്നുകൂട്ടിയിട്ടിരിക്കുന്നത് ദുരിതമായി. ഇതിൽ ചീഞ്ഞുപോവുന്നത് ഏറെയുണ്ട്. ഇത് സംസ്കരിക്കാൻ പരിമിതമായ സൗകര്യങ്ങളെ ഉള്ളൂ. പരാതി ഉയരുമ്പോൾ ഇവ ഏതെങ്കിലും പറമ്പിലോ തോട്ടങ്ങളിലോ കൊണ്ടുപോയി തട്ടുകയാണ്. മുമ്പ് പൈനാപ്പിൾ മാർക്കറ്റിലെ മാലിന്യം ആവോലി പഞ്ചായത്തിലെ പിരളിമറ്റം-കാവന റോഡിനു സമീപം തള്ളിയത് വൻ വിവാദമായിരുന്നു. ദിനേനയെത്തുന്ന ലോഡുകണക്കിന് പൈനാപ്പിൾ ഇറക്കിവെക്കാനുള്ള സംവിധാനവും ഇവിടെയില്ല. സമീപമുള്ള റോഡിലെ ഗതാഗതം തടസ്സപ്പെടുത്തിയാണ് കയറ്റിറക്ക്. ഇവിടെ നല്ല പൈനാപ്പിളും പൈനാപ്പിൾ മാലിന്യവും കൊണ്ടുവന്നിട്ടിരിക്കുന്നത് മൂലം വാഹനങ്ങൾ റോഡിലൂടെ കടന്നുപോകാൻ സാധിക്കാത്ത സ്ഥിതിയുണ്ട്. സ്ഥലപരിമിതി മൂലം മാർക്കറ്റ് ഇവിടെനിന്ന് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായങ്കിലും ഇനിയും നടപടി ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

