ഏഷ്യൻ പഞ്ചഗുസ്തിയിൽ മികച്ച നേട്ടം കൈവരിച്ച് മടങ്ങിയെത്തിയ സുബൈർ - നസീമ ദമ്പതികൾക്ക് സ്വീകരണം
text_fieldsഅന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച് മടങ്ങിയെത്തിയ സുബൈർ മാനാടത്തിനെയും, ഭാര്യ നസീമ സുബൈറിനെയും കേരള പഞ്ചഗുസ്തി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അൻവർ സാദത്ത് എം.എൽ.എ ആദരിച്ചപ്പോൾ
ചെങ്ങമനാട്: ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന 20ാ മത് ഏഷ്യൻ പഞ്ചഗുസ്തി മത്സരത്തിൽ മികച്ചനേട്ടം കൈവരിച്ച് മടങ്ങിയെത്തിയ സുബൈർ - നസീമ ദമ്പതികൾക്ക് കേരള പഞ്ചഗുസ്തി അസോസിയേഷൻ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഇന്ത്യയിൽനിന്ന് പങ്കെടുത്ത 10 അംഗ ടീമിൽ കേരളത്തെ പ്രതിനിധാനംചെയ്ത ആലുവ ചെങ്ങമനാട് പറമ്പയം മാനാടത്ത് വീട്ടിൽ സുബൈർ മാനാടത്തും ഭാര്യ നസീമ സുബൈറും അഭിമാനനേട്ടമാണ് കൈവരിച്ചത്.
100 കിലോയിലധികം വരുന്ന വിഭാഗത്തിൽ സുബൈർ ഓരോ വെള്ളി മെഡലും, വെങ്കലവും നേടിയപ്പോൾ നസീമ 80 കിലോ വിഭാഗത്തിൽ രണ്ട് വെള്ളി മെഡൽ കരസ്ഥമാക്കി. മത്സരത്തിൽ ഇന്ത്യക്ക് മൊത്തം അഞ്ച് വെള്ളിയും, മൂന്ന് വെങ്കലവുമാണ് ലഭിച്ചത്. ഒരു പതിറ്റാണ്ടായി ലോകത്തുടനീളം നടന്ന പഞ്ചഗുസ്തി മത്സരങ്ങളിൽ പങ്കെടുത്ത ദമ്പതികൾക്ക് നിരവധി മെഡലുകൾ ലഭിച്ചിട്ടുണ്ട്. ഇത്തവണ പഞ്ചഗുസ്തിയുടെ 'അന്താരാഷ്ട്ര റഫറി' എന്ന അംഗീകാരവും നേടിയാണ് സുബൈർ മടങ്ങിയെത്തിയത്. കേരള പഞ്ചഗുസ്തി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അൻവർ സാദത്ത് എം.എൽ.എ പൊന്നാട അണിയിച്ചു.
ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി, ജില്ല പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

