നിയമലംഘനം കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കാട്ടാനക്ക് ചക്ക കൊടുക്കാന്‍ ശ്രമിച്ചവർ പിടിയിൽ
text_fieldsനിയമം ലംഘിച്ച യാത്രികരുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തുന്നു
അയ്യമ്പുഴ: കാലടി പ്ലാന്റേഷന് പതിനേഴാം ബ്ലോക്കില്‍ ഇറങ്ങിയ ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാനക്ക് ചക്ക കൊടുക്കാന്‍ ശ്രമിക്കുകയും ഇതിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത രണ്ട് യാത്രക്കാരെ വനപാലകര്‍ പിടികൂടി.
പറവൂര്‍ മച്ചാന്തുരുത്ത് സ്വദേശി അബൂബക്കര്‍, ഉറവന്തുരുത്ത് ജിബീഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കാട്ടാനശല്യത്തെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ വനംവകുപ്പ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് വനത്തിലേക്ക് ഇറങ്ങി പുഴയില്നിന്ന ആനക്ക് ചക്ക എറിഞ്ഞുകൊടുത്തത്.
നിരന്തരമായി കാട്ടാനകള്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടയുകയും ആളുകള്‍ക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്യുന്ന ഭാഗമാണിത്. ഈ മേഖലയില്‍ വാഹനം നിര്‍ത്തരുതെന്നും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്നും കര്‍ശന നിർദേശമുണ്ട്. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് വാഴച്ചാല്‍ ഡി.എഫ്.ഒ ആര്. ലക്ഷ്മി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. റേഞ്ച് ഓഫിസര്‍ ജീഷ്മ ജനാർദനന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. ഇവര്‍ക്കെതിരെ വനത്തില്‍ അതിക്രമിച്ചു കടന്നതിനും വന്യമൃഗത്തെ പ്രകോപിപ്പിച്ചതിനും കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.