വല്ലാർപാടം കണ്ടെയ്നർ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്
text_fieldsകൊച്ചി: തൊഴിലാളികൾക്ക് അപരിഹാരമായ ആരോഗ്യ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കണ്ടെയ്നർ സ്കാനർ ഒമ്പതാം തീയതി തിങ്കളാഴ്ച മുതൽ തൊഴിലാളികൾ ബഹിഷ്കരിക്കും. സമീപകാലത്ത് എല്ലാ കണ്ടെയ്നറുകളും സ്കാനിങ്ങിന് വിധേയമാക്കണമെന്ന് കസ്റ്റംസ് വകുപ്പിന്‍റെ പുതിയ നിബന്ധനകളാണ് പ്രശ്നങ്ങളെ വഷളാക്കിയത്.
ഷിഫ്റ്റിംഗ് ഭാഗത്തിൽ പെട്ട തൊഴിലാളികൾ ഒരു ദിവസം ആറും ഏഴും തവണ വരെ സ്കാനിങ് മെഷീനിലൂടെ കടന്നു പോകേണ്ടതുണ്ട്. ഇതിൻറെ ഫലമായി പലർക്കും ഛർദി തലവേദന ഹൃദയം ഇടിപ്പ്കൂടൽതുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് .ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയം ഓർഡിനേഷൻ കമ്മിറ്റി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം 22ന് കസ്റ്റംസ് കമ്മീഷണർ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുകയുണ്ടായി .മതിയായ പ്രതിരോധ വസ്ത്രങ്ങൾ ധരിച്ച തൊഴിലാളികളെ സ്കാനറിൽ നിയോഗിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയെങ്കിലും അതിനെ സംബന്ധിച്ച ആലോചനയോഗം അലസി പിരിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിന് ഇറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
ടി യു സി ഐ ഓഫീസിൽ ചേർന്ന യോഗമാണ് പ്രക്ഷോഭത്തിന്റെ തീരുമാനമെടുത്തത്.യോഗത്തിൽ ചെയർമാൻ പി എസ് ആഷിക് അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ ചാൾസ് ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധ യൂണിയൻ നേതാക്കളായ ഷാജി പുത്തലത്ത്,എം എം രാജീവ് ,കെ എൻ സുബിൻ കുമാർ,സിസ സെബാസ്റ്റ്യൻ,ഷാജി,ജലാൽ,നിരാജ് തുടങ്ങിയവർ സംസാരിച്ചു.പ്രക്ഷോഭത്തിന്റെ ഭാഗമായി വിപുലമായ പ്രചരണ പ്രവർത്തനങ്ങൾക്കും യൂണിയനുകൾ പരിപാടി ഇട്ടിട്ടുണ്ട്.

