മഴയിൽ കുതിർന്ന് ഉത്രാടപ്പാച്ചിൽ; നൂറു കണക്കിന് വഴിയോര കച്ചവടക്കാർക്ക് തിരിച്ചടിയായി
text_fieldsപറവൂർ നഗരത്തിലെ വഴിയോര കച്ചവടക്കാർ ഉത്രാട ദിനത്തിൽ ഉണ്ടായ മഴയെ തുടർന്ന് സാധനങ്ങൾ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മൂടിയ നിലയിൽ
പറവൂർ: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ ഓണ വിപണിക്ക് തിരിച്ചടിയായി. തിങ്കളാഴ്ച രാവിലെ മുതൽ തുടങ്ങിയ മഴ ഓണ വിപണിയിൽ മന്ദതക്ക് കാരണമായി. നഗരത്തിൽ നല്ല തിരക്ക് അനുഭവപ്പെട്ടുവെങ്കിലും മഴ കാരണം ജനങ്ങൾക്ക് പുറത്തിറങ്ങി സാധനങ്ങൾ വാങ്ങാൻ പ്രയാസം നേരിട്ടു.
കടകമ്പോളങ്ങളിൽ കച്ചവടം താരതമ്യേന കുറവായിരുന്നു. നൂറ് കണക്കിന് വഴിയോര കച്ചവടക്കാർ വിവിധ കച്ചവടങ്ങളുമായി രംഗത്ത് ഉണ്ടായെങ്കിലും മഴ വില്ലനായത് ഇവർക്ക് തിരിച്ചടിയായി. ചൊവ്വാഴ്ച രാവിലെ 11 മുതൽ കാലവസ്ഥ അനുകൂലമായെങ്കിലും വൈകീട്ട് നാലിന് ശേഷം ഉണ്ടായ ശക്തമായ മഴ ഉത്രാട കച്ചവടത്തിനെ സാരമായി ബാധിച്ചു.
പൂക്കച്ചവടക്കാർ, ഓണത്തപ്പനെ വിൽക്കുന്നവർ, വിവിധ തുണിത്തരങ്ങളുമായി എത്തിയവർ, തുമ്പ വിൽപ്പനക്കാർ, ഗാർഹിക ഉപകരണങ്ങളുമായി എത്തിയവർ ഉൾപ്പടെയുളളവർ ഉത്രാട പാച്ചിലിൽ കച്ചവടം ചെയ്യാനാകാതെ വിഷമിക്കുന്ന കാഴ്ച്ചകളായിരുന്നു നഗരമാകെ. മഴ പെയ്തതോടെ സാധനങ്ങൾ വാരി കെട്ടി നിൽക്കുന്ന കാഴ്ച ദയനീയമായിരുന്നു. പല കച്ചവടക്കാരും പ്ലാസ്റ്റിക്ക് ഷീറ്റുകൾ കൊണ്ട് മൂടി. ഓണ വിപണി മുന്നിൽ കണ്ട് മാസങ്ങൾക്ക് മുമ്പ് നടത്തിയ തയ്യാറെടുപ്പുകളാണ് മഴയിൽ നനഞ്ഞ് കുതിർന്നത്. വായ്പ തരപ്പെടുത്തിയും സാധനങ്ങൾ കടം വാങ്ങിയുമാണ് പാവപ്പെട്ട വഴിയോര കച്ചവടക്കാർ നഗരത്തിൽ എത്തി ചേർന്നത്. എന്നാൽ അവരുടെ സ്വപ്നങ്ങളെ കരിനിഴൽ വീഴ്ത്തി രണ്ട് തുടരുന്ന മഴ അവരുടെ മനസ്സിൽ ഇടിത്തീയായി.
ഉത്രാട ദിനത്തിലെ കച്ചവടം ലക്ഷ്യമാക്കി വന്ന നിരവധി കച്ചവടക്കാർ ശക്തമായ മഴയിൽ വിറങ്ങലിച്ചു നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. ഉത്രാട പാച്ചിൽ കൊഴുപ്പിക്കാനെത്തിയ നാട്ടുകാരും മഴയിൽ നനഞ്ഞു കുളിച്ചു. എന്നാലും നഗരത്തിൽ പൊതുവെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

