യാത്രികർക്ക് സർക്കാർ വിലാസം അപകടക്കെണി; സ്ലാബില്ലാത്ത അഴുക്കുകാന ജീവന് ഭീഷണിയാകുന്നു
text_fieldsചെങ്ങമനാട്: ദേശീയപാതയോരത്ത് സ്ലാബില്ലാതെ തുറസ്സായി കിടക്കുന്ന അഴുക്ക് കാനയിൽ യാത്രക്കാർ വീഴുന്നത് നിത്യസംഭവമാവുകയാണ്. പറമ്പയം പഞ്ചായത്ത് ഓഫിസിന് സമീപത്തെ ആലുവ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപത്തെ കാനയിൽ കഴിഞ്ഞ ദിവസം രാത്രി കപ്രശ്ശേരി സ്വദേശിനിയായ യുവതി അപകടത്തിൽപ്പെടുകയുണ്ടായി. കാനയിൽ സ്കൂട്ടർ മറിഞ്ഞ് കേടുപറ്റി.
കാനയിൽ മുൻഭാഗം നിലംപൊത്തിയതിനാൽ സ്കൂട്ടറിന് കേടുപാടും സംഭവിച്ചു. യുവതിക്കും ശരീരമാസകലം പരുക്കേറ്റു. വഴിയാത്രക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അതിന് രണ്ട് ദിവസം മുമ്പ് അങ്കമാലി സ്വദേശിയായ യുവാവും ബസ് സ്റ്റോപ്പിനോട് ചേർന്ന സ്ലാബില്ലാതെ തുറസ്സായ പുല്ല് മൂടിയ കാനയിൽ വീണു. ഹെൽമറ്റ് ധരിച്ച യുവാവ് മുഖം കുത്തിയാണ് സ്കൂട്ടറിനൊപ്പം കാനയിൽ വീണത്.
നാലടിയോളം താഴ്ചയിൽ വീണ യുവാവ് ഹെൽമെറ്റ് തുറക്കാനാകാതെ കാനയിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കമിഴ്ന്ന് വീണ് കിടക്കുകയായിരുന്നു. അപകടം കണ്ടെത്തിയ നാട്ടുകാർ സ്കൂട്ടർ പൊക്കിയെടുത്തെങ്കിലും യാത്രക്കാരന് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് പടർന്ന് പന്തലിച്ച പുല്ല് മൂടിയ കാനയിൽ കണ്ടെത്തിയത്.
യഥാസമയം നാട്ടുകാർ എത്തിയതാണ് ജീവന് തുണയായതെന്ന് യുവാവ് പറഞ്ഞു. തുടർന്ന് സമീപത്തെ വീട്ടിലെത്തിച്ച് കുളിച്ച് വസ്ത്രങ്ങൾ ഉണങ്ങിയ ശേഷമാണ് യാത്ര തുടർന്നത്.
രാവും പകലും ഇത്തരത്തിൽ അപകടങ്ങളുണ്ടാകുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയപാതയോരത്ത് സ്ലാബില്ലാതെ താഴ്ന്ന ഭാഗത്ത് ദേശീയ പാതയിലൂടെ പോകുന്ന വാഹനങ്ങൾ മുന്നിലെ വാഹനത്തെ മറികടക്കുമ്പോഴോ, പൊടുന്നനെ ബ്രേക്കിടുമ്പോഴുമാണ് തുറന്ന് കിടക്കുന്ന അഴുക്ക് കാനയിൽ അപകടത്തിൽപ്പെടുന്നത്. കാനകൾക്ക് മുകളിൽ നേരിയ ബലമില്ലാത്ത സ്ലാബുകളാണുള്ളത്. ഇവ വാഹനങ്ങൾ കയറിയിറങ്ങിയാണ് തകരുന്നത്.
പറമ്പയം, കോട്ടായി, ദേശം, കുന്നുംപുറം, അത്താണി, കരിയാട്, ചെറിയ വാപ്പാലശ്ശേരി, മോണിങ് സ്റ്റാർ കോളജ് വരെ റോഡിന്റെ ഇരുവശങ്ങളിൽ പലയിടത്തും തുറസ്സായ കാനകളുണ്ട്. ഈ പ്രദേശങ്ങളിലെ കാനകളിലും നിരവധി കാൽനടയാത്രികർ അടക്കം അപകടത്തിൽപ്പെട്ടിട്ടുണ്ട്.
യഥാസമയങ്ങളിൽ തുറസ്സായ കാനകൾക്ക് മുകളിൽ സ്ളാബുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ ദേശീയ പാത അധികൃതതികഞ്ഞ അലംഭാവം കാണിക്കുന്നുവെന്നും, അപകടത്തിനിരയായവർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനെ അടക്കം സമീപിച്ചിരിക്കുകയാണ്.
ദേശീയപാതയിൽ പറമ്പയം ബസ് സ്റ്റോപ്പിന് സമീപത്തെ അപകട ഭീഷണി ഉയർത്തുന്ന സ്ലാബില്ലാത്ത അഴുക്ക് കാന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

