സമരപ്പന്തലുകൾ സന്ദർശിച്ച് ഉമ തോമസ്
text_fieldsകാക്കനാട്: പാലാരിവട്ടം ഭാഗത്തെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചായിരുന്നു ബുധനാഴ്ച യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്‍റെ പ്രചാരണം ആരംഭിച്ചത്. പിന്നീട് ജില്ല ആസ്ഥാനമായ കാക്കനാട് കലക്ടറേറ്റ് പരിസരത്ത് സമരങ്ങളിൽ പങ്കെടുത്തു. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ, സഹകാരി സംഗം എന്നിവർ നടത്തിയ സമരങ്ങളിൽ ആയിരുന്നു സ്ഥാനാർഥി പങ്കെടുത്തത്.
സ്ഥാനാർഥിയെ കണ്ടതോടെ സമരപ്പന്തലിൽ ഉണ്ടായിരുന്നവർ ഒത്തുകൂടി. പിന്നീട് ചളിക്കവട്ടം രാജരാജേശ്വരി ക്ഷേത്രത്തിൽ എത്തി. മണ്ഡലത്തിലെ വിവിധ വിവാഹ, മരണവീടുകൾ സന്ദർശിച്ചു. ഉച്ചക്കുശേഷം കടകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വോട്ട് അഭ്യർഥിച്ചു. പിന്നീട് വെണ്ണല എൻ.എസ്.എസ് ഹാളിൽ നടന്ന മഹിള കോൺഗ്രസ് കൺവെൻഷനിൽ പങ്കെടുത്തു.
വൈറ്റില മണ്ഡലം കൺവെൻഷൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തൃക്കാക്കര ഈസ്റ്റ് മണ്ഡലം കൺവെൻഷൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. തമ്മനം മണ്ഡലം കൺവെൻഷൻ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. തൃക്കാക്കര നോർത്ത് മണ്ഡലം കൺവെൻഷൻ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.

