കാക്കനാട്: ശനിയാഴ്ച ശ്രീ രാജരാജേശ്വരി ക്ഷേത്ര സന്ദർശനത്തോടെയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് പ്രചാരണം ആരംഭിച്ചത്. ബസുകൾ കയറിയിറങ്ങി യാത്രക്കാരുടെയും
ജീവനക്കാരുടെയും വോട്ടുറപ്പിച്ചു. പരിസരത്ത് ശുചീകരണ തൊഴിലാളികളോടും ആശയവിനിമയം നടത്തി. പിന്നീട് രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി ഇടപ്പള്ളിയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പങ്കുചേർന്നു. പോണേക്കര മാരിയമ്മൻ കോവിൽ സന്ദർശിച്ച് വോട്ടഭ്യർഥന നടത്തുകയും ചെയ്തു. തുടർന്ന് പെരുമനത്താഴം വടക്കേ അറ്റത്തെ വീടുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പാക്കി. രണ്ട് വിവാഹ ചടങ്ങുകളിലും പങ്കെടുത്തശേഷമാണ് ഉമ തോമസ് മണ്ഡല പര്യടനത്തിലേക്ക് കടന്നത്. സെന്റ് ആന്റണീസ് റോഡിൽ നിന്നായിരുന്നു
വൈറ്റില ഭാഗത്ത് പര്യടനം ആരംഭിച്ചത്. മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ പര്യടനം ഉദ്ഘാടനം ചെയ്തു. പര്യടന വാഹനം വൈറ്റില മേജർ റോഡിലെത്തിയപ്പോൾ പുനർനിർമിച്ച സെന്‍റ് ജോസഫ് കപ്പേളയിലെ നേർച്ച സദ്യ തയാറാക്കുന്നതിലും സ്ഥാനാർഥി പങ്കാളിയായി.
നിരവധി ബൈക്കുകളുടെ അകമ്പടിയോടെ മുന്നോട്ടുനീങ്ങിയ പര്യടനം ജവഹർ റോഡ്, തൈക്കൂടം മെട്രോ സ്റ്റേഷൻ, തൈക്കൂടം ജങ്ഷൻ, ശിൽപശാല, വിക്ടർലീനസ് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നുപോയി വളവിപ്പാടത്ത് സമാപിച്ചു.