വൈദ്യുതി ബില്ലിലും പാചക വാതക വിലയിലും ഇളവ് പ്രഖ്യാപിച്ച് ട്വന്റി 20; ക്യാൻസർ രോഗികൾക്ക് പ്രതിമാസം ആയിരം, എല്ലാ വീടുകളിലും മസ്കിറ്റോ ബാറ്റും
text_fieldsകിഴക്കമ്പലം: കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ വൈദ്യുതി ബിൽ, പാചക വാതക വില എന്നിവയിൽ ജനങ്ങൾക്ക് ഇളവ് നൽകുമെന്ന് ട്വൻറി-20 പ്രസിഡന്റ് സാബു.എം. ജേക്കബ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രണ്ടു പഞ്ചായത്തുകളിലുമുള്ളവരുടെ വൈദ്യുതി ബില്ലിന്റെ 25 ശതമാനവും പാചക വാതക സിലിണ്ടർ വിലയുടെ 25 ശതമാനവും ഇനി മുതൽ പഞ്ചായത്തുകൾ വഹിക്കും. പഞ്ചായത്തിന്റെ തനതു വരുമാനത്തിന്റെ മിച്ച ഫണ്ടിൽ നിന്നാകും ഈ പണം വിനിയോഗിക്കുക. സബ്സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്ന രീതിയിലാണ് നടപ്പാക്കുക.
മുഴുവൻ വികസന ക്ഷേമ പ്രവർത്തനങ്ങളും പൂർത്തിയാക്കിയ ശേഷം 25 കോടി രൂപയാണ് കിഴക്കമ്പലം പഞ്ചായത്തിന്റെ നീക്കിയിരിപ്പ്. ഐക്കരനാട്ടിൽ 12 കോടി രൂപയും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉയർന്ന തുക പഞ്ചായത്തുകളിൽ നീക്കിയിരിപ്പായി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടക്കം എന്ന നിലയിലാണ് വൈദ്യുതി - പാചക വാതക ബില്ലിൽ 25 ശതമാനം സബ്സിഡി നിജപ്പെടുത്തിയിരിക്കുന്നത്. ഇത് ഘട്ടം ഘട്ടമായി 50 ശതമാനമായി ഉയർത്താനാണ് പദ്ധതി. വെള്ള റേഷൻ കാർഡ് ഒഴികെ എല്ലാ കാർഡ് ഉടമകൾക്കും ഈ ആനുകൂല്യം ലഭിക്കും.
പഞ്ചായത്തുകളിലെ കാൻസർ രോഗികൾക്ക് പ്രതിമാസം 1000 രൂപ വീതം ധന സഹായവും എല്ലാ വീടുകളിലും മൊസ്ക്വിറ്റോ ബാറ്റുകളും നൽകും. ശമ്പളം കൊടുക്കാൻ പോലും കടം വാങ്ങുന്ന സംസ്ഥാന സർക്കാർ ഈ പഞ്ചായത്തുകളെ മാതൃകയാക്കണമെന്ന് സാബു ജേക്കബ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറുമാരായ മിനി രതീഷ്, ഡീന ദീപക്ക്, വൈസ് പ്രസിഡന്റുമാരായ ജിൻസി അജി, പ്രസന്ന പ്രദീപ്, സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. ബിനു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

