ടർഫ് അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചുപൂട്ടി; കളിക്കാൻ ഇടമില്ലാതെ കുട്ടികൾ
text_fieldsഅറ്റകുറ്റപ്പണികള്‍ക്കായി അടച്ചുപൂട്ടിയ ടര്‍ഫ്
മട്ടാഞ്ചേരി: കൊച്ചി നഗരസഭയുടെ ആദ്യത്തെ ടര്‍ഫ് അറ്റകുറ്റപ്പണികളുടെ പേരില്‍ അടച്ചുപൂട്ടിയിട്ട് ഒരു മാസം പിന്നിടുന്നു. ഓണാവധിക്കാലത്ത് കുട്ടികൾക്ക് കളിക്കാൻ ഇടമില്ലാത്ത അവസ്ഥയിലും തുറക്കാൻ ഒരു നടപടിയുമില്ല. ‘ലഹരിക്കെതിരെ കായിക ലഹരി’ മുദ്രാവാക്യം ഉയരുമ്പോഴാണ് ഈ അവസ്ഥ. നഗരസഭ കരുവേലിപ്പടി ഡിവിഷനിലെ ടിപ് ടോപ് അസീസ് മൈതാനത്തെ ടര്‍ഫാണ് അധികൃതര്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചുപൂട്ടിയത്.
അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഉടന്‍ തുറന്ന് നല്‍കുമെന്നാണ് അന്ന് അധികൃതര്‍ അറിയിച്ചിരുന്നത്. അറ്റകുറ്റപണികളൊന്നും ഇവിടെ തുടങ്ങിയിട്ടില്ല. ഇതിനായി എസ്റ്റിമേറ്റ് ഉണ്ടോയെന്നും അറിയാന്‍ കഴിയാത്ത സാഹചര്യമാണ്. യുവാക്കള്‍ക്ക് കളിക്കാന്‍ പൊതുയിടങ്ങള്‍ കുറവായ കൊച്ചിയില്‍ കുറഞ്ഞ ചെലവില്‍ കളിക്കാന്‍ സഹായകരമായിരുന്ന ടര്‍ഫാണ് അടച്ച് പൂട്ടിയത്.
ഒരുകോടിയോടടുത്ത് ചെലവഴിച്ച് നിര്‍മിച്ച ടര്‍ഫിന്റെ പരിപാലന ചുമതല സി-ഹെഡിനായിരുന്നു. 2024 ആഗസ്റ്റ് 17നാണ് സി-ഹെഡ് ടര്‍ഫിന്റെ ചുമതല ഏറ്റെടുത്തത്. ടര്‍ഫ് പരിപാലനത്തിനായി രണ്ട് ജോലിക്കാരെയും നിയോഗിച്ചിരുന്നു. പുതിയ കൗണ്‍സില്‍ നിലവില്‍ വന്നതിന് പിന്നാലെ ഈ വര്‍ഷം ജനുവരി 13ന് സി.ഹെഡ് പരിപാലനത്തില്‍നിന്ന് പിന്മാറുകയാണെന്ന് കാണിച്ച് നഗരസഭക്ക് കത്ത് നല്‍കുകയായിരുന്നു. പരിപാലനത്തിനും ഫീസ് ഈടാക്കുന്നതിനും നിരവധി പരിമിതികള്‍ നേരിടുന്നതായും നഗരസഭ നേരിട്ട് നടത്തുന്നതായിരിക്കും അഭികാമ്യമെന്ന് കാണിച്ചായിരുന്നു കത്ത് നല്‍കിയത്.
അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ടര്‍ഫ് സ്വകാര്യവത്കരിക്കാന്‍ നീക്കം നടക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിലവിലെ താരിഫ് തുടരണമെന്നും സ്വകാര്യ വല്‍ക്കരണ നടപടികള്‍ ഉണ്ടാകരുതെന്നും യുവവെളിച്ചം പ്രസിഡന്റ് സി.പി വിനോദ്, സെക്രട്ടറി ബാബു ഐസക് ജോണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു. അതേസമയം അറ്റകുറ്റ പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കൗണ്‍സിലര്‍ കവിത ഹരികുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

