ടഗ് ബോട്ടുകൾക്ക് അമിതവേഗം: യാത്രാബോട്ട് ആടിയുലഞ്ഞു; കൂട്ടക്കരച്ചിൽ
text_fieldsമട്ടാഞ്ചേരി: കൊച്ചി കായലിൽ ടഗ് ബോട്ടുകൾ അമിത വേഗത്തിൽ പായുന്നത് അപകടഭീതി ഉയർത്തുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ എറണാകുളം ജെട്ടിയിൽനിന്ന് ഫോർട്ട്കൊച്ചിയിലേക്ക് വരുകയായിരുന്ന എസ് 50 യാത്രാബോട്ട് മറിയാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്. അമിതവേഗത്തിൽ കപ്പൽ ചാലിലൂടെ ടഗ് ബോട്ട് നീങ്ങിയതോടെയുണ്ടായ ഓളത്തിൽപെട്ട് ബോട്ട് ശക്തമായി ആടിയുലഞ്ഞു. ഇതോടെ യാത്രാബോട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും കൂട്ടക്കരച്ചിലായി.
സ്രാങ്കിെൻറ സന്ദർഭോചിത ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. നിയന്ത്രണത്തിലാക്കിയ ശേഷം ബോട്ട് വെലിങ്ടൺ ഐലൻഡിലെ എംബാർക്കേഷൻ ജെട്ടിയിൽ അടുപ്പിച്ചു. ഇതോടെയാണ് യാത്രക്കാരുടെ ശ്വാസം നേരേ വീണത്.
അഞ്ചുമിനിറ്റ് ജെട്ടിയിൽ നിർത്തി യാത്രക്കാരുടെ ഭീതി ഒഴിവായതോടെയാണ് ഫോർട്ട്കൊച്ചി ജെട്ടിയിലേക്ക് തുടർയാത്ര ആരംഭിച്ചത്. യാത്രാബോട്ടുകൾ കണ്ടാലും ടഗുകൾ അമിത വേഗത്തിൽ ഓടിക്കുന്ന സംഭവങ്ങൾ ഏറിവരുകയാണെന്നും പോർട്ട് അധികൃതർ ഇക്കാര്യത്തിൽ ഉചിത നിർദേശം നൽകണമെന്നും കൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം.എം. അബ്ബാസ് ആവശ്യപ്പെട്ടു.
ആഴമേറിയ കപ്പൽ ചാലിന് മുകളിലൂടെയുള്ള അഭ്യാസം വൻ ദുരന്തത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

