വൈറ്റിലയില് വീണ്ടും ഗതാഗത പരിഷ്കാരം: പൊന്നുരുന്നി അണ്ടര്പാസിലെ തിരക്ക് ഒഴിവാകും
text_fieldsവൈറ്റിലയിലെ പുതിയ പരിഷ്കാരത്തെതുടര്ന്ന് എസ്.എ റോഡില്നിന്നും വരുന്ന വാഹനങ്ങള്
മറുവശത്തെ റോഡിലെ സിഗ്നല് കാത്തുകിടക്കുന്നു
വൈറ്റില: ഗതാഗതക്കുരുക്ക് ദിനംപ്രതി വര്ധിക്കുന്ന സാഹചര്യത്തില് വൈറ്റിലയിൽ വീണ്ടും പരിഷ്കാരമേര്പ്പെടുത്തി ട്രാഫിക് പൊലീസ്. കടവന്ത്ര ഭാഗത്തുനിന്നും എസ്.എ റോഡ് വഴി തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള് വെല്കെയര് ആശുപത്രി കഴിഞ്ഞുള്ള യൂടേണ് എടുത്ത് മറുവശത്തെത്തി സിഗ്നല് അനുസരിച്ച് പോകണം. നേരത്തേ പൊന്നുരുന്നി അണ്ടര്പാസ് വഴിയായിരുന്നു പ്രവേശിക്കേണ്ടിയിരുന്നത്.
വൈറ്റില ഹബിലേക്ക് പ്രവേശിക്കേണ്ട ബസുകള് ഹബിലെ പുറത്തേക്കുള്ള വഴിയിലൂടെ വേണം അകത്തേക്ക് പ്രവേശിക്കാന്. ഇതിലൂടെ തന്നെയാണ് ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങള് സഞ്ചരിക്കേണ്ടത്.അതേസമയം പാലാരിവട്ടം ഭാഗത്തു നിന്നുവരുന്ന വാഹനങ്ങള് പഴയതുപോലെ തന്നെ പാലത്തിെൻറ സര്വിസ് റോഡിലൂടെ ഹബ്ബിലേക്ക് പ്രവേശിക്കാം.
പുതിയ പരിഷ്കാരത്തോടെ പൊന്നുരുന്നി അണ്ടര്പാസിലെ തിരക്ക് ഒഴിവാക്കാനായേക്കും. സിഗ്നല് സംവിധാനമുണ്ടെങ്കിലും പത്തിലധികം പൊലീസുകാര് ഒരേസമയം റോഡിലിറങ്ങി നിയന്ത്രിച്ചെങ്കിലേ ഒരു പരിധിവരെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയുള്ളൂ എന്നതാണ് വസ്തുത.